നിര്‍മിതബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയുടെ പലവിധ നേട്ടങ്ങള്‍ ഇന്ന് നാം നിത്യ ജീവിതത്തില്‍ അനുഭവിക്കുന്നുണ്ട്. ഇന്റര്‍നെറ്റും ഫോണും കംപ്യൂട്ടറും ഉപയോഗിക്കുന്നവര്‍ പ്രത്യേകിച്ചും  നിര്‍മിതബുദ്ധിയുടെ പ്രയോജനം അനുഭവിച്ചുകൊണ്ടിരിക്കുന്നവരാണ്. 

സ്വയം പഠിക്കുകയും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന യന്ത്രങ്ങളുടെ ലോകത്തെ പരിചയപ്പെടുത്തുകയാണ് മാതൃഭൂമി.കോമില്‍ ഹരികുമാര്‍ എഴുതിയ ' വെന്‍ മെഷീന്‍സ് റൈറ്റ്  പോയംസ്‌, സ്‌റ്റോറീസ് ആന്റ് എസേയ്‌സ്' എന്ന ലേഖനം. 

ജിമെയിലില്‍ ഒരു ഇമെയില്‍ സന്ദേശം ടൈപ്പ് ചെയ്യുമ്പോഴും സ്മാര്‍ട്‌ഫോണിലെ ടെക്‌സ്റ്റിങ് ആപ്പുകളില്‍ ഒരു സന്ദേശം ടൈപ്പ് ചെയ്യുമ്പോഴും സമയം ലാഭിക്കാന്‍ കീബോര്‍ഡുകള്‍ അടുത്തതായി ടൈപ്പ് ചെയ്‌തേക്കാവുന്ന വാക്കുകള്‍ നിര്‍ദേശിക്കാറുണ്ട്. ഒരാള്‍ ഓരോ തവണ ടൈപ്പ് ചെയ്യുന്നതും പഠിച്ചെടുത്താണ് വേഡ് പ്രെഡിക്ഷന്‍ എന്ന ഈ സംവിധാനം സാധ്യമാവുന്നത്. 

മെഡിക്കല്‍ ഡാറ്റ പരിശോധിക്കാനും രോഗ നിര്‍ണയത്തിന് ഡോക്ടര്‍മാരെ സഹായിക്കാനും കാറുകള്‍ ഓടിക്കാനും ഫേസ് റെക്കഗ്നിഷന്‍ പോലുള്ള സുരക്ഷാ സംവിധാനങ്ങളിലുമെല്ലാം ഈ മെഷീന്‍ ലേണിങ്, നിര്‍മിത ബുദ്ധി സംവിധാനങ്ങള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. 

എന്നാല്‍ ഈ സാങ്കേതിക വിദ്യ ഏറെ മുന്നേറിയിരിക്കുന്നു എന്ന് പറയുകയാണ് ഹരികുമാര്‍ തന്റെ ലേഖനത്തില്‍. ടെസ്ല മേധാവി ഇലോണ്‍ മസ്‌കിന്റെ ഓപ്പണ്‍ എഐ എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് പുറത്തുവിട്ട ജനറേറ്റീവ് പ്രീ ട്രെയിന്‍ഡ് ട്രാന്‍സ്‌ഫോര്‍മര്‍ (ജിപിടി-3) എന്ന പ്രോഗ്രാമിന് മനുഷ്യര്‍ എഴുതുന്നത് പോലെ എന്തും എഴുതാന്‍ സാധിക്കും. അത്
ലേഖനമാവട്ടെ, കവിതയാകട്ടേ, പുസ്തക രചനയാവട്ടെ അങ്ങനെ എന്തും. 

6700 കോടിയോളം പുസ്തകങ്ങളും, നൂറ് കോടിക്കണക്കിന് വിക്കീപീഡിയ ലേഖനങ്ങളും അങ്ങനെ ലഭിക്കാവുന്ന പരമാവധി വിവരങ്ങളും പഠിച്ചെടുത്ത് വിശകലനം ചെയ്താണ് ജിപിടി-3യ്ക്ക് ഇത് സാധ്യമാവുന്നത്. 

വെറും പത്ത് സെക്കന്റുകൊണ്ട് ഒരു ദീര്‍ഘ ലേഖനം എഴുതാന്‍ ഇതിന് സാധിക്കും. ജിപിടി എഴുതിയ ലേഖനം വായിച്ച 88 ശതമാനം പേരും അത് മനുഷ്യന്‍ എഴുതിയതാണെന്നാണ് കരുതിയത്. കഴിഞ്ഞ വര്‍ഷം കാലിഫോര്‍ണിയ സര്‍വകലാശാല വിദ്യാര്‍ത്ഥിയായ ലാം പോര്‍ ജിപിടി-3 ഉപയോഗിച്ച് ഒരു ബ്ലോഗ് തന്നെ തുടങ്ങിയിട്ടുണ്ട്. 

എഴുത്തുകാരന്റെ കവിതകളിലെ ഈണവും താളവും ശൈലിയുമെല്ലാം അതേ പടി പകര്‍ത്തി പുതിയൊരു കവിതയെഴുതാന്‍ വരെ ഈ സാങ്കേതിക വിദ്യ പഠിച്ചുകഴിഞ്ഞിരിക്കുന്നുവെന്ന് ലേഖനത്തില്‍ പറയുന്നു. 

നിമിഷങ്ങള്‍ക്കുള്ളില്‍ യഥാര്‍ത്ഥമെന്ന് തോന്നിക്കുന്ന ലേഖനങ്ങളും പ്രബന്ധങ്ങളും എഴുതാനുള്ള കഴിവ് ദുരുപയോഗം ചെയ്യപ്പെടാനിടയുണ്ടെന്ന്  ഹരികുമാര്‍ പറയുന്നു. ഭരണകൂടങ്ങള്‍ക്കോ തീവ്രവാദ ഗ്രൂപ്പുകള്‍ക്കോ ആളുകളെ വിഘടിപ്പിക്കാനും വിഭജിക്കാനും വികലമാക്കാനും അത് വിവരയുദ്ധങ്ങള്‍ക്ക് വഴിവെക്കാനും മതം, വംശം, ഭക്ഷണം, ഫാഷന്‍ എന്നിവയെ അടിസ്ഥാനമാക്കി വ്യക്തികളെ ഉന്നം വെക്കാനും ഉപയോഗിക്കപ്പെടാനിടയുണ്ടെന്നും അദ്ദേഹം തന്റെ ലേഖനത്തില്‍ പറഞ്ഞു. 

Content Highlights: Machine Learning, Artificial Intelligence