ന്യൂഡല്‍ഹി: പ്രതിരോധ രംഗത്തെ മുന്‍നിര കമ്പനികളിലൊന്നായ അമേരിക്കയിലെ ലോക്ഹീ‍ദ് മാര്‍ട്ടിനും ഇന്ത്യയുടെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡും (എച്ച്.എ.എല്‍.) തമ്മില്‍ കരാര്‍. ഇന്ത്യന്‍ വ്യോമയാന രംഗത്തെ സഹകരണത്തിനാണ് ഇരുകമ്പനികളും തമ്മില്‍ ധാരണയായത്. 

ഇന്ത്യന്‍ വ്യവസായ രംഗവുമായുള്ള ബന്ധം ഇതിലൂടെ കൂടുതല്‍ ദൃഢമായെന്നും കമ്പനിയുടെ ആഗോള വ്യോമയാന പ്രതിരോധ രംഗത്തേക്ക് ഇന്ത്യന്‍ വ്യവസായത്തെ കൂടി ചേര്‍ക്കുകയാണെന്നും ലോക്ഹീ‍ദ് മാര്‍ട്ടിന്‍ പറഞ്ഞു. എച്ച്.എ.എല്ലുമായി സഹകരിച്ച് പുതിയ അവസരങ്ങള്‍ തേടുന്നതില്‍ ആവേശഭരിതരാണെന്നും കമ്പനി പറഞ്ഞു. 

ലോക്ഹീ‍ദ് മാര്‍ട്ടിന്‍ ഇന്ത്യന്‍ വ്യവസായവുമായുള്ള ബന്ധം  ശക്തിപ്പെടുത്തുകയും വളര്‍ത്തുകയുമാണ്. ഇത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മേക്ക് ഇന്‍ ഇന്ത്യ ഉദ്യമത്തിന് പിന്തുണയാണെന്നും എച്ച്.എ.എല്‍. ഡയറക്ടറും ചെയര്‍മാനുമായ ആര്‍. മാധവന്‍ പറഞ്ഞു. 

ഇന്ത്യന്‍ വ്യോമസേനയ്ക്ക് 114 യുദ്ധവിമാനങ്ങള്‍ നല്‍കുന്നതിനായുള്ള കരാറിന് വേണ്ടി ശ്രമിക്കുന്ന സുപ്രധാന കമ്പനികളില്‍ ഒന്നാണ് ലോക്ഹീ‍ദ് മാര്‍ട്ടിന്‍. കഴിഞ്ഞ വര്‍ഷം എഫ്-21 കൊംപാറ്റ് ജെറ്റ് മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്ക്ക് കീഴില്‍ നല്‍കാമെന്ന് കമ്പനി വാഗ്ദാനം ചെയ്തിരുന്നു. 

കഴിഞ്ഞ ഏപ്രിലിലാണ് വ്യോമസേന 114 ജെറ്റ് വിമാനങ്ങള്‍ക്കായുള്ള ടെന്‍ഡര്‍ ക്ഷണിച്ചത്. ലോക്ഹീ‍ദ് മാര്‍ട്ടിന്റെ എഫ്-21, ബോയിങിന്റെ എഫ്/എ-18, ദസോ ഏവിയേഷന്‍സിന്റെ റാഫേല്‍, യൂറോ ഫൈറ്ററിന്റെ ടൈഫൂണ്‍, റഷ്യന്‍ വിമാനമായ മിഗ് 35, സാബിന്റെ ഗ്രിപെന്‍ എന്നിവ ഈ കരാര്‍ നേടാനുള്ള ശ്രമത്തിലാണ്.

Content Highlights: Lockheed Martin Signs Pact With Hindustan Aeronautics Limited