ഹിരാകാശ ഗവേഷണരംഗത്തേക്ക് സ്വകാര്യ കമ്പനികളുടെ പങ്കാളിത്തം വര്‍ധിച്ച കാലമാണിത്. സ്‌പേസ് എക്‌സും ബ്ലൂ ഓറിജിനും വിര്‍ജിന്‍ ഗാലക്ടികുമെല്ലാം ഇതില്‍ മുന്‍നിരയിലുള്ള സ്ഥാപനങ്ങളാണ്. ബഹിരാകാശവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളാണ് ഇവര്‍ ആസൂത്രണം ചെയ്യുന്നത്. 

ഇപ്പോഴിതാ വാണിജ്യ തലത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ബഹിരാകാശ നിലയം സ്ഥാപിക്കാനും സ്വകാര്യ കമ്പനികള്‍ ഒരുങ്ങുകയാണ്. ലോഖീദ് മാര്‍ട്ടിന്‍, നാനോറാക്‌സ്, വോയേജര്‍ സ്‌പേസ് എന്നീ കമ്പനികള്‍ ചേര്‍ന്നാണ് 2027-ഓടെ ആളുകളെ വഹിക്കാന്‍ സാധിക്കുന്ന വാണിജ്യ ബഹിരാകാശ നിലയം സ്ഥാപിക്കാനൊരുങ്ങുന്നത്. 

സ്റ്റാര്‍ലാബ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. അമേരിക്കന്‍ ഭരണകൂടത്തിനും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വിനിയോഗിക്കാനാവും വിധമാവും ഇതിന്റെ പ്രവര്‍ത്തനം. നിലവില്‍ അമേരിക്കയും സഖ്യരാജ്യങ്ങളും ഉപയോഗിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം 2030 ല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാനിരിക്കുകയാണ്. 

അതിന് മുമ്പ് തന്നെ നാസയുടെ കൊമേര്‍ഷ്യല്‍ ലോ എര്‍ത്ത് ഓര്‍ബിറ്റ് ഡെസ്റ്റിനേഷന്‍ പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ഒരു പകരം സംവിധാനം സ്ഥാപിക്കാന്‍ സ്വകാര്യ കമ്പനികളെ ചുമതലപ്പെടുത്താനാണ് അമേരിക്കയുടെ ഉദ്ദേശിക്കുന്നത്. അത്തരത്തില്‍ ഒന്നാവും സ്റ്റാര്‍ലാബ്. യാഥാര്‍ത്ഥ്യമായാല്‍ ഇതാകും ആദ്യ വാണിജ്യ ബഹിരാകാശ നിലയവും. 

വിവിധങ്ങളായ ശാസ്ത്ര ഗവേഷണ ദൗത്യങ്ങള്‍, ബഹിരാകാശ ഗവേഷകരുടെ പരിശീലനം, വിനോദ സഞ്ചാരം തുടങ്ങി വിവിധ ഉദ്ദേശങ്ങളോട് കൂടിയാണ് സ്റ്റാര്‍ലാബ് വിഭാവനം ചെയ്യുന്നത്. 

അമേരിക്കയുടെ നയതന്ത്ര എതിരാളികളായ ചൈന സ്വന്തം ബഹിരാകാശ നിലയം നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. നിലവിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയം പ്രവര്‍ത്തനം അവസാനിപ്പിക്കാനിരിക്കെ ബഹിരാകാശത്ത് അമേരിക്കയുടെ സാന്നിധ്യം ഉറപ്പുവരുത്തുക എന്ന ഉത്തരവാദിത്വവും സ്റ്റാര്‍ലാബിനാണ്. ഇന്ത്യയും സ്വന്തം ബഹിരാകാശ നിലയം എന്ന പദ്ധതിയുമായി മുന്നോട്ട് പോവുന്നുണ്ട്. 

ബഹിരാകാശത്തെ ഗവേഷണ പഠനങ്ങള്‍ക്കും മറ്റുമായി ഉപകരണങ്ങളും, ഹാര്‍ഡ് വെയറും, മറ്റ് സാങ്കേതിക സഹായം ചെയ്തുവരുന്ന നാനോറാക്ക്‌സ് ആണ് സ്റ്റാര്‍ലാബിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. വോയേജര്‍ സ്‌പേസ് ഇതിന്റെ വാണിജ്യ വിഭാഗം കൈകാര്യം ചെയ്യും. ലോഖീദ് മാര്‍ട്ടിന്റെ നേതൃത്വത്തിലായിരിക്കും സ്റ്റാര്‍ലാബിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. അമേരിക്കയ്ക്ക് വേണ്ടി യുദ്ധവിമാനങ്ങളും ആയുധങ്ങളും മറ്റ് വ്യോമയാന പിന്തുണയും നല്‍കിവരുന്ന കമ്പനിയാണ് ലോഖീദ് മാര്‍ട്ടിന്‍.

നിലവിലെ രൂപകല്‍പന അനുസരിച്ച് ഒരു മെറ്റാലിക് ഡോക്കിങ് നോഡും മനുഷ്യര്‍ക്ക് വസിക്കാന്‍ സാധിക്കുന്ന വലിയ മോഡ്യൂളുമാണ് സ്റ്റാര്‍ലാബിന് ഉണ്ടാവുക. 340 ക്യുബിക് മീറ്ററായിരിക്കും ഇഇതിന്റെ ഉള്ളളവ്. 60 കിലോ വാട്ട് വരുന്ന നാല് സോളാര്‍പാനലുകളാണിതിന്. 

നാല് ബഹിരാകാശ ഗവേഷകര്‍ക്കും സന്ദര്‍ശകര്‍ക്കും ഇതില്‍ കഴിയാനാവും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനുള്ളത് പോലെ ചരക്ക് നീക്കം കൈകാര്യം ചെയ്യാനും പുറത്തുള്ള പരീക്ഷണങ്ങള്‍ നടത്താനും ഒരു റോബോട്ടിക് കൈയ്യും ഇതില്‍ സ്ഥാപിക്കും.

Content Highlights: lockheed martin plans toi build commercial space station starlab