മൂന്നാം ഘട്ട ലോക്ക്ഡൗണില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇളവുകള്‍ പ്രഖ്യാപിച്ചതോടെ അവശ്യേതര വസ്തുക്കളുടെ വില്പന ആരംഭിച്ച് ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളായ ആമസോണും ഫ്‌ളിപ്കാര്‍ട്ടും. ഗ്രീന്‍,  ഓറഞ്ച് മേഖലകളില്‍ മാത്രമാണ് ഓണ്‍ലൈന്‍ വഴിയുള്ള അവശ്യേതര ഉല്‍പന്നങ്ങളുടെ വിതരണം നടക്കുക. റെഡ്‌സോണിലുള്ള വര്‍ക്ക് അവശ്യ വസ്തുക്കള്‍ മാത്രമേ ഓണ്‍ലൈനില്‍ വാങ്ങാന്‍ സാധിക്കൂ. 

കോറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ രാജ്യത്തെ റെഡ്, ഓറഞ്ച്, ഗ്രീന്‍ എന്നിങ്ങനെ മൂന്ന് സോണുകളാക്കി തിരിച്ചിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തിന്റെ തീവ്രത ഓരോ പ്രദേശത്തും എത്രത്തോളമാണെന്ന് തരം തരിക്കുകയാണ് ഇതുവഴി.

രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ മെയ് മൂന്നിന് അവസാനിച്ചതോടെ ഇന്ന് മുതല്‍ ഓറഞ്ച്, ഗ്രീന്‍ മേഖലയിലുള്ളവര്‍ക്ക് നിയന്ത്രണങ്ങളില്‍ നേരിയ ആശ്വാസമുണ്ടാവും. 

സ്മാര്‍ട്‌ഫോണ്‍ ഉള്‍പ്പടുന്ന ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റ് അവശ്യേതര വസ്തുക്കളും വാങ്ങുന്നതിന് ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ ഓര്‍ഡര്‍ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. വില്‍പന നടത്താന്‍ കഴിയാത്ത ഇടങ്ങളില്‍ അത് സാധിക്കില്ലെന്ന കാണിക്കും. 

സാധനങ്ങള്‍ എത്തിക്കുന്ന വിതരണക്കാര്‍ക്ക് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന് പ്രത്യേകം പരിശീലനവും ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഓര്‍ഡര്‍ ചെയ്ത ഉല്‍പ്പന്നം ഉപയോക്താവിന്റെ കൈകളില്‍ നേരിട്ട് നല്‍കാതെ വാതിലിനരികില്‍ വെച്ച് പോവുന്ന കോണ്‍ടാക്റ്റ് ലെസ് ഡെലിവറി തിരഞ്ഞെടുക്കാനും ഉപയോക്താക്കള്‍ക്ക് കമ്പനികള്‍ അവസരം നല്‍കുന്നുണ്ട്. 

അതേസമയം രാജ്യ വ്യാപകമായി പൂര്‍ണതോതില്‍ ഓണ്‍ലൈന്‍ വില്‍പന എന്ന് പുനഃരാരംഭിക്കുമെന്ന് വ്യക്തമല്ല. ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കുന്ന സാഹചര്യത്തിലെ ഇനി അതിന് സാധിക്കൂ എന്നാണ് കരുതുന്നത്. 

Content Highlights: lockdown amazon flipkart ecommerce start accepting orders for non-essential products