കൊച്ചി: ഓണവിപണി ലക്ഷ്യമിട്ട് വിലക്കിഴിവുകള്‍ പ്രഖ്യാപിച്ച് ലെനോവോ. കമ്പ്യൂട്ടറുകള്‍ക്കും സ്മാര്‍ട് ഉപകരണങ്ങള്‍ക്കും നല്‍കുന്ന സേവനങ്ങള്‍ക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 11,089 രൂപയുടെ ലെനോവോ സേവനങ്ങള്‍ക്ക് ഓണം പ്രമാണിച്ച് വെറും 2099 രൂപ നല്‍കിയാല്‍  മതി. ഉത്പന്നങ്ങള്‍ക്ക് ഒരു വര്‍ഷത്തെ അധിക വാറന്റി, മൂന്ന് വര്‍ഷത്തെ പ്രീമിയം പരിചരണം, ഒരു ലെനോവോ ഹെഡ്‌സെറ്റ് എന്നിവയാണ് ഈ ഓഫറിലൂടെ ലഭ്യമാവുക. ഓഗസ്റ്റ് അവസാനം വരെയാണ് ഓഫര്‍. 

ഏറ്റവും മികച്ച ഉപഭോക്താക്കള്‍ ഉള്ള വിപണിയാണ് കേരളം എന്നും,  ഉപഭോക്താക്കളുടെ താല്‍പ്പര്യത്തിന് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രണ്ടിരട്ടി വളര്‍ച്ച കമ്പനിക്ക് കൈവരിക്കാനായെന്നും ലെനോവോ ഇന്ത്യയുടെ സൗത്ത് വെസ്റ്റ് കണ്‍സ്യൂമര്‍ വിഭാഗം തലവനായ വിജയ് ശര്‍മ്മ പറഞ്ഞു. 

നടപ്പ് പാദത്തില്‍ സംസ്ഥാനത്ത് നാല്  എക്സ്‌ക്ലൂസീവ് സ്റ്റോറുകള്‍ കൂടി തുറക്കാന്‍ ഒരുങ്ങുകയാണ് ലെനോവോ. നിലവില്‍ കേരളത്തില്‍ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വ്യാപാരത്തില്‍ രണ്ടാമതുള്ള കമ്പനി പുതിയ സ്റ്റോറുകളിലൂടെ ചില്ലറ വില്പന രംഗത്ത് മുന്നേറാന്‍ ലക്ഷ്യമിടുന്നുവെന്ന് ലെനോവോ വാർത്താകുറിപ്പിൽ പറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ കേരളത്തില്‍ പതിനാറ് സ്റ്റോറുകള്‍ തുറക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട് ഉള്‍പ്പെടെയുള്ള നഗരങ്ങളിലാണ് പുതിയ സ്റ്റോറുകള്‍ വരിക.