ന്യൂയോര്‍ക്ക് : ഈ മാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും തിരികെ വരാന്‍ പോവുന്ന ബഹിരാകാശ യാത്രികര്‍ക്ക്  മണിക്കൂറുകള്‍ നീണ്ട യാത്രയില്‍ പേടകത്തില്‍ ടോയ്‌ലറ്റ് സൗകര്യം ലഭിക്കില്ല. പകരം പ്രത്യേകമായി തയ്യാറാക്കിയ അടിവസ്ത്രങ്ങളെ ആശ്രയിക്കേണ്ടിവരും. നാസ കൊമേര്‍ഷ്യല്‍ ക്രൂ പ്രോഗ്രാം മാനേജര്‍ സ്റ്റീവ് സ്റ്റിച്ചാണ് ഇക്കാര്യം അറിയിച്ചത്. 

ക്രൂ ഡ്രാഗണ്‍ കാപ്‌സ്യൂളില്‍ കഴിഞ്ഞ മാസം നടത്തിയ പരിശോധനയ്ക്കിടെയാണ് പേടകത്തിലെ ടോയ്‌ലറ്റിന് ഒരു പ്രശ്‌നമുണ്ടെന്ന് സ്‌പേസ് എക്‌സ് കണ്ടെത്തിയത്. മൂത്രം ടാങ്കിലേക്ക് ഒഴുകിപ്പോകുന്ന പൈപ്പിനുള്ള ചോര്‍ച്ചയാണ് പ്രശ്‌നം. ഈ പ്രശ്‌നം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ എല്ലാ പേടകങ്ങള്‍ക്കും ഉണ്ട്. 

നാസയുടെ ഷെയ്ന്‍ കിംബ്രോ, മെഗന്‍ മക്ആര്‍തര്‍, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയില്‍ നിന്നുള്ള ഫ്രഞ്ച് ബഹിരാകാശ ഗവേഷകന്‍ തോമസ് പെസ്‌ക്വെറ്റ്, ജപ്പാന്റെ അകിഹികോ ഹൊഷിഡെ എന്നിവരാണ് തിരിച്ചുവരുന്നത്. ടോയ്‌ലറ്റ് സൗകര്യമില്ലാതെ എത്രനേരം യാത്ര ചെയ്യേണ്ടിവരുമെന്ന് നാസ വ്യക്തമാക്കിയിട്ടില്ല. ഇതുവരെ രണ്ട് സ്‌പേസ് എക്‌സ് പേടകങ്ങളാണ് യാത്രികരുമായി ഭൂമിയിലേക്ക് തിരിച്ചെത്തിയത്. ഇതില്‍ ഒന്ന് 19 മണിക്കൂറും, രണ്ടാമത്തേത് ആറ് മണിക്കൂറുമെടുത്താണ് ഭൂമിയിലെത്തിയത്. 

ഭ്രമണപഥത്തിലെ സാഹചര്യം മുതല്‍ കാലാവസ്ഥവരെ ഈ യാത്രാ സമയത്തെ സ്വാധീനിക്കും. ഈ യാത്രാസമയം പരമാവധി കുറയ്ക്കാനുള്ള ശ്രമത്തിലാണ് നാസ. 

സെപ്റ്റംബറിലെ സ്‌പേസ് എക്‌സ് ഇന്‍സ്പിരേഷന്‍ 4 പദ്ധതിയ്ക്കിടെയാണ് ക്രൂ ഡ്രാഗണിലെ ടോയ്‌ലറ്റ് പ്രശ്‌നം ആദ്യം കണ്ടെത്തിയത്. സ്‌പേസ് എക്‌സിന്റെ സാധാരണക്കാരെ വഹിച്ചുള്ള ആദ്യ വിനോദയാത്രയായിരുന്നു ഇത്. മൂന്ന് ദിവസമാണ് ഇവര്‍ ബഹിരാകാശത്ത് ചിലവഴിച്ചത്. 

എന്നാല്‍ ഈ പ്രശ്‌നങ്ങളൊന്നും ഗുരുതര പ്രശ്‌നങ്ങളൊന്നും ക്രൂ അംഗങ്ങള്‍ക്കുണ്ടാക്കിയില്ല. ഭൂമിയില്‍ തിരിച്ചെത്തിയ ഉടനെ ഇന്‍സ്പിരേഷന്‍ 4 നായി ഉപയോഗിച്ച പേടകം സ്‌പേസ് എക്‌സ് പ്രവര്‍ത്തന രഹിതമാക്കി. 

അതേസമയം എന്‍ഡ്യുറന്‍സ് എന്ന് പേരിട്ടിരിക്കുന്ന പുതിയ ക്രൂ ഡ്രാഗണ്‍ കാപ്‌സ്യൂളില്‍ ഈ പ്രശ്‌നം പരിഹരിച്ചിട്ടുണ്ട്. ബുധനാഴ്ച നാല് യാത്രകരാണ് ഇതില്‍ ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുന്നത്. 

ബഹിരാകാശ നിലയത്തിന് പ്രത്യേകം ടോയ്‌ലറ്റ് ഉണ്ട്. ബഹിരാകാശ നിലയത്തിലെത്തിയാല്‍ ഈ സൗകര്യമാണ് യാത്രികര്‍ ഉപയോഗിക്കുക. യാത്രയ്ക്കിടെ മാത്രമാണ് പേടകത്തിലെ ടോയ്‌ലറ്റ് ഉപയോഗിക്കുക. 

Content Highlights: Leak in SpaceX dragon crew toilet will force astronauts to use backup 'undergarments'