ന്റെ ഇമെയിലുകള്‍ ചോര്‍ത്തിയെന്നും അവ വെബ്ബില്‍ പ്രസിദ്ധീകരിച്ചുവെന്നും ആരോപിച്ച് രണ്ട് ഇന്ത്യന്‍ കമ്പനികള്‍ക്കെതിരെ പരാതിയുമായി ഇറാനിയന്‍-അമേരിക്കന്‍ വ്യവസായിയായ ഫര്‍ഹദ് അസിമ. നോര്‍ത്ത് കരോലിനയിലെ ഫെഡറല്‍ കോടതിയിലാണ് അസിമ പരാതി നല്‍കിയത്. 

അമേരിക്കന്‍ സ്വകാര്യ രഹസ്യാന്വേഷണ കമ്പനിയായ വൈറ്റല്‍ മാനേജ്‌മെന്റ് സര്‍വീസസിന്റെ നിര്‍ദേശ പ്രകാരം ഇന്ത്യന്‍ സൈബര്‍ സുരക്ഷാ സ്ഥാപനങ്ങളായ സൈബര്‍റൂട്ട് റിസ്‌ക് അഡ്വേസറി, ന്യൂഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ബെല്‍ട്രോക്‌സ് ഇന്‍ഫോ ടെക്ക് സര്‍വീസസ് എന്നീ സ്ഥാപനങ്ങള്‍ ഹാക്കിങ് നടത്തി വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് അസിമയുടെ ആരോപണം. 

യുഎഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റാസ് അല്‍ ഖൈമ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയ്ക്ക് (റാകിയ-RAKIA)വേണ്ടി അന്താരാഷ്ട്ര നിയമ സ്ഥാപനമായ ഡെചേര്‍ട്ട് ആണ് വൈറ്റല്‍ മാനേജ് മെന്റ് സര്‍വീസസിനെ ഇതിനായി ചുമതലപ്പെടുത്തിയതെന്നും അസിമ തന്റെ പരാതിയില്‍ ആരോപിക്കുന്നു. 

ആഗോളതലത്തിലുള്ള പതിനായിരക്കണക്കിന് അക്കൗണ്ടുകളെ ലക്ഷ്യമിട്ട് നടത്തിയ വര്‍ഷങ്ങള്‍ നീണ്ട ഹാക്കിങ് കാമ്പനിയിന് പിന്നില്‍ ബെല്‍ട്രോക്‌സ് ആയിരുന്നുവെന്ന് കഴിഞ്ഞ ജൂണില്‍ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ആരോപണ വിധേയരായ സ്ഥാപനങ്ങളൊന്നും ഇത് സംബന്ധിച്ച് വിശദീകരണം നടത്തിയിട്ടില്ല.

79 കാരനായ വ്യവസായി ഫര്‍ഹദ് അസിമയും റാസ് അല്‍ ഖൈമ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയും തമ്മില്‍ നിയമപോരാട്ടത്തിന്റെ ഏറ്റവും പുതിയ സംഭവവികാസമാണിത്. വാണിജ്യ ഇടപാടുകളില്‍ തട്ടിപ്പുകാണിച്ചെന്നാരോപിച്ച് റാസ് അല്‍ ഖൈമ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ഫര്‍ഹദ് അസിമയ്‌ക്കെതിരെ രംഗത്തുണ്ട്.

ജോര്‍ജിയയിലെ ആഢംബര ഹോട്ടല്‍ വില്‍പന, റാസ അല്‍ ഖൈമയിലെ ഒരു ട്രെയ്‌നിങ് അക്കാഡമിയുടെ വില്‍പന ഉള്‍പ്പടെ വിവിധ ഇടപാടുകളില്‍ അസിമ തട്ടിപ്പുകാണിച്ചിട്ടുണ്ടെന്നാണ് റാസ് അല്‍ ഖൈമ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ ആരോപണം. എന്നാല്‍ ഈ ആരോപണങ്ങളെ അസിമ നിഷേധിക്കുകയാണ്.

Content Highlights: Lawsuit accuses Indian companies on leaking businessman's emails