
-
കൊച്ചി: കെ.എസ്.ഇ.ബിയുടെ വെബ്സൈറ്റില്‍ വന്‍ സുരക്ഷാ വീഴ്ച. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള മൂന്ന് ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ തങ്ങള്‍ കൈക്കലാക്കിയെന്ന് ഹാക്കര്‍മാര്‍ അവകാശപ്പെടുന്നു. ഇതില്‍ ആയിരത്തില്‍ അധികം ഉപയോക്താക്കളുടെ വിവരങ്ങള്‍ ഓരു ഗൂഗിള്‍ ഡ്രൈവ് ഫയലായി ഇവര്‍ പുറത്തുവിട്ടു.
കണ്‍സ്യൂമര്‍ നമ്പര്‍, അടക്കാനുള്ള തുക, ജില്ല, പേര് ഉള്‍പ്പടെയുള്ള വിവരങ്ങളാണ് പുറത്തുവിട്ട ഫയലില്‍ ഉള്ളത്. കെ.എസ്.ഇ.ബി. വെബ്സൈറ്റില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തിയതായി 'കെ ഹാക്കേഴ്സ്' എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഹാക്കര്‍മാര്‍ വെളിപ്പെടുത്തിയത്.
മൂന്ന് മണിക്കൂര്‍ കൊണ്ട് ത്ന്നെ കെ.എസ്.ഇ.ബി വെബ്സൈറ്റിന്റെ ഡാറ്റാബേസില്‍ പ്രവേശിക്കാനായെന്നും ചോര്‍ന്നുകിട്ടിയ വിവരങ്ങള്‍ക്ക് വിപണി വില അനുസരിച്ച് അഞ്ച് കോടി രൂപ മൂല്യമുണ്ടെന്നും ഹാക്കര്‍മാര്‍ പറയുന്നു.
വിവരങ്ങള്‍ വില്‍ക്കുന്നത് കെ ഹാക്കേഴ്സിന്റെ ലക്ഷ്യമല്ലാത്തതിനാല് മൂന്ന് ലക്ഷം പേരുടെ വിവരങ്ങള്‍ മാത്രമേ എടുത്തിട്ടുള്ളൂ. എന്നിട്ടും കെ.എസ്.ഇ.ബി ഇക്കാര്യം അറിഞ്ഞിട്ടില്ല. മൂന്ന് മാസം കൊണ്ട് സോഫ്റ്റ് വെയറില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ വിവരങ്ങള്‍ നഷ്ടപ്പെടും.
'ആര് ഡിസൈന്‍ ചെയ്തതാണെലും കുന്നംകുളം സാധനവും ഡോളറില്‍ പണവും മേടിച്ചിട്ടുണ്ട് .. പണം ഞങ്ങളുടെ ആയതുകൊണ്ടാണ് മൂന്ന് മാസം ടൈം തന്നത് 'റീഡിസൈന്‍' ചെയ്യാന്‍' - ഫെയ്സ്ബുക് പോസ്റ്റില്‍ പറയുന്നു.
സൗജന്യായി ഉപയോഗിച്ചോളു എന്ന് പറഞ്ഞ് ഒരു വിന്‍ഡോസ് ആപ്ലിക്കേഷന്റെ ലിങ്കും ഹാക്കര്‍മാര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. ചോര്‍ന്ന വിവരങ്ങള്‍ നിങ്ങളുടെ പേര് വിവരങ്ങള്‍ ഉണ്ടോ എന്നറിയാന്‍ ആപ്ലിക്കേഷനിലൂടെ സാധിക്കുമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
അതേസമയം ഓഗസ്റ്റ് 13 വരെ സമയം നല്‍കുന്നുവെന്നും അടുത്തതായി തങ്ങള്‍ പിഎസ് സി ഡാറ്റാ ബേസ് ഹാക്ക് ചെയ്യാന്‍ പോവുകയാണെന്നും കെ ഹാക്കേഴ്സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Content Highlights: KSEB website hacked consumer data leaked, K Hackers, MM Mani
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..