ന്യൂഡല്‍ഹി: ദക്ഷിണ കൊറിയന്‍ ഗെയിം ഡെവലപ്പറായ ക്രാഫ്റ്റണ്‍ 'പബ്ജി:ന്യൂ സ്റ്റേറ്റ്'എന്ന പേരില്‍ പുതിയ ഗെയിം അവതരിപ്പിച്ചു. ഇന്ത്യയുള്‍പ്പടെ 200 ല്‍ അധികം രാജ്യങ്ങളില്‍ ഗെയിം ലഭിക്കും. ഈ വരും തലമുറ ബാറ്റില്‍ റോയേല്‍ ഗെയിം ഐഓഎസ് ആന്‍ഡ്രോയിഡ്  പ്ലാറ്റ് ഫോമുകളില്‍ ലഭ്യമാവും. 

നേരത്തെ ആഗോള തലത്തില്‍ ലഭ്യമായിരുന്ന പബ്ജി മൊബൈല്‍ ഗെയിം ഇന്ത്യയില്‍ നിരോധിക്കപ്പെട്ടിരുന്നു. പിന്നീട് അവതരിപ്പിക്കപ്പെട്ട ബാറ്റില്‍ ഗ്രൗണ്ട്‌ മൊബൈല്‍ ഇന്ത്യയില്‍, ഇന്ത്യന്‍ ഉപഭോക്താക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത് പബ്ജി ആരാധകര്‍ക്ക് കനത്ത നിരാശയുണ്ടാക്കിയിരുന്നു. എന്നാല്‍ ആഗോള തലത്തില്‍ പുതിയ ഗെയിം എത്തുന്നതോടെ പബ്ജിയ്ക്ക് പഴയ പ്രതാപം വീണ്ടെടുക്കാനായേക്കും. 

പബ്ജി സ്റ്റുഡിയോസ് ആണ് ഗെയിം തയ്യാറാക്കിയിരിക്കുന്നത്. സൗജന്യമായി കളിക്കാന്‍ സാധിക്കുന്ന പബ്ജി: ന്യൂ സ്റ്റേറ്റില്‍ 17 വ്യത്യസ്ത ഭാഷകള്‍ ലഭ്യമാവും. പബ്ജി: ന്യൂ സ്റ്റേറ്റ് യൂട്യൂബ് ചാനലില്‍ ഗെയിമിന്റെ ട്രെയിലര്‍ ലഭ്യമാണ്. 

പബ്ജി: ന്യൂ സ്റ്റേറ്റില്‍ ബാറ്റില്‍ റോയേല്‍ ഉള്‍പ്പടെ മൂന്ന് വ്യത്യസ്ത ഗെയിം പ്ലേ മോഡുകളാണുള്ളത്. 4 Vs 4 ഡെത്ത് മാച്ച്, ട്രെയിനിങ് ഗ്രൗണ്ട് എന്നിവയാണ് മറ്റുള്ളവ. 

ഇതിലെ പ്രതിമാസ സര്‍വൈവര്‍ പാസുകള്‍ വഴി കളിക്കാര്‍ക്ക് വിവിധ ഗെയിം റിവാര്‍ഡുകള്‍ തുറക്കാന്‍ സാധിക്കും.

Content Highligts: Krafton's PUBG: New State launched, Pubg New game, Battle ground mobile India game