തിരുവനന്തപുരംകാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് മത്സ്യത്തൊഴിലാളികളുമായി കാര്യക്ഷമമായ ആശയ വിനിമയം സാധ്യമാകാതിരുന്നതാണ് ഓഖി ചുഴലിക്കാറ്റ് ഒരു ദുരന്തമായി മാറാന്‍ കാരണമായത്. ഓഖി ചുഴലിക്കാറ്റ് സ്ഥിരീകരിക്കപ്പെട്ടപ്പോഴും കടലില്‍ പോയ മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെടാനോ അവര്‍ക്ക് പരസ്പരം ആശയവിനിമയം നടത്താനോ ഉള്ള സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല.

ഇനി ഇങ്ങനെ ഒരു ദുരന്തം ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള മുന്‍കരുതലെന്നോണമാണ് ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യ ബന്ധനത്തൊഴിലാളികള്‍ക്ക് പുത്തന്‍ സാങ്കേതിക വിദ്യകളുടെ സഹായമൊരുക്കുന്നതിനുള്ള നടപടികള്‍ക്ക് വരും വര്‍ഷത്തെ ബജറ്റില്‍ സര്‍ക്കാര്‍ ഇടം നല്‍കിയത്. 

ഇതിനായി 100 കോടിയുടെ പദ്ധതിയാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. മത്സ്യബന്ധന യാനങ്ങളെയും തീരദേശ ഗ്രാമങ്ങളെയും ബന്ധിപ്പിച്ചിട്ടുള്ള സാറ്റലൈറ്റ് വിവര വിനിമയ സംവിധാനത്തിന് ദുരന്ത നിവാരണ അതോറിറ്റി രൂപം നല്‍കിയിട്ടുണ്ട്. ഈ സ്‌കീം ഈ സാമ്പത്തിക വര്‍ഷം നടപ്പാക്കും.

മത്സ്യഗ്രാമങ്ങളിലും മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും യഥാസമയം മുന്നറിയിപ്പെത്തിക്കുന്നതിനും അടിയന്തിര സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും വേണ്ടിയുള്ള സംവിധാനങ്ങള്‍ എത്രയും പെട്ടന്ന് സൃഷ്ടിക്കുമെന്ന് തോമസ് ഐസക് ബജറ്റ് അവതരണത്തില്‍ പറഞ്ഞു. കൂടാതെ തീരദേശ ഗ്രാമങ്ങളിലെ ഒരോ പൊതു കേന്ദ്രങ്ങളിലും സൗജന്യ വൈഫൈ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തിലെ മത്സ്യത്തൊഴിലാളികളെ കരയിലും കടലിലുമുള്ള അപകടസാധ്യതകള്‍ മുന്‍കൂട്ടി അറിയിക്കുന്നതിനായി  ഐഎസ്ആര്‍ഓ രാജ്യത്തിന് വേണ്ടി തയ്യാറാക്കിയ ഇന്ത്യയുടെ സ്വന്തം ഗതിനിര്‍ണയ സംവിധാനമായ നാവിക് ഉപയോഗിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിരുന്നു.

ഇതിന്റെ ആദ്യപടിയായി 250 നാവിക് ഉപകരണങ്ങള്‍ ഐ.എസ്.ആര്‍.ഒ. 2018- ജനുവരി 10-നും ബാക്കിയുള്ള 250 എണ്ണം ജനുവരി 31 നും ലഭ്യമാക്കുമെന്നും അറിയിച്ചിരുന്നു. ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മാസ്റ്റര്‍ കണ്‍ട്രോള്‍ റൂം തിരുവനന്തപുരത്ത് തുടങ്ങും. കടലില്‍ 1500 കിലോമീറ്ററോളം ദൂരെയുള്ള മത്സ്യത്തൊഴിലാളികളുമായി ആശയവിനിമയം നടത്താന്‍ സാധിക്കുന്ന സംവിധാനമാണിത്. 

മത്സ്യ ബന്ധന മേഖലയിലെ സുരക്ഷയ്ക്ക് പുറമെ വിദ്യാഭ്യാസ രംഗത്തെ ഡിജിറ്റല്‍ വത്കരണത്തിനും സ്റ്റാര്‍ട്ട് അപ്പുകളുടെ വികസനത്തിനും ബജറ്റ് ഊന്നല്‍ നല്‍കുന്നുണ്ട്. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന് 80 കോടി രൂപയും ടെക്‌നോപാര്‍ക്കുകള്‍ക്കും ടെക്‌നോ സിറ്റികള്‍ക്കും വേണ്ടി 84 കോടി രൂപയുമാണ് സര്‍ക്കാര്‍ മാറ്റി വെച്ചിരിക്കുന്നത്. 

എല്‍പി.യുപി സ്‌കൂളുകളില്‍  കമ്പ്യൂട്ടര്‍ ലാബുകള്‍ സ്ഥാപിക്കുന്നതിന് 300 കോടിയും. 45000 ഹൈടെക് ക്ലാസ്മുറികളും ഐടി ലാബുകളും സ്ഥാപിക്കുമെന്നും ബജറ്റില്‍ പറയുന്നുണ്ട്.