എൻ.പി. നിഖിൽ, എം.കെ. വിമൽ ഗോവിന്ദ്, കെ. റാഷിദ്, അരുൺ ജോർജ് എന്നിവർ
കൊച്ചി: കേരളം ആസ്ഥാനമായ റോബോട്ടിക് സ്റ്റാര്‍ട്ടപ്പ് 'ജെന്‍ റോബോട്ടിക്‌സ്', ചെന്നൈ ആസ്ഥാനമായ ആഗോള ടെക്‌നോളജി കമ്പനിയായ 'സോഹോ'യില്‍ നിന്ന് 20 കോടി രൂപയുടെ മൂലധന ഫണ്ടിങ് നേടി. ലോകത്താദ്യമായി മാന്‍ഹോള്‍ വൃത്തിയാക്കുന്ന റോബോട്ടുകള്‍ വികസിപ്പിച്ചാണ് ഈ സ്റ്റാര്‍ട്ടപ്പ് ശ്രദ്ധനേടിയത്. മാന്‍ഹോളുകള്‍ വൃത്തിയാക്കാനിറങ്ങുന്നവര്‍ ശ്വാസംമുട്ടി മരിക്കുന്നത് പതിവാകുന്നത് ശ്രദ്ധയില്‍പ്പെട്ടാണ് ഒരുകൂട്ടം എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് റോബോട്ട് വികസിപ്പിച്ചത്. 'ബാന്‍ഡിക്കൂട്ട്' എന്ന പേരിലുള്ള റോബോട്ട് ഇന്ന് ഇന്ത്യയില്‍ മാത്രമല്ല, വിദേശങ്ങളില്‍പ്പോലും നഗരസഭകളും മറ്റും ഉപയോഗിക്കുന്നുണ്ട്.
എം.കെ. വിമല്‍ ഗോവിന്ദ്, എന്‍.പി. നിഖില്‍, കെ. റാഷിദ്, അരുണ്‍ ജോര്‍ജ് എന്നിവരാണ് സഹസ്ഥാപകര്‍. 2017-ലാണ് കമ്പനിയായി മാറിയത്. തിരുവനന്തപുരം ആസ്ഥാനമായ കമ്പനിയില്‍ ഇതിനോടകം പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര, ഗൂഗിള്‍ ഇന്ത്യ മുന്‍ മേധാവി രാജന്‍ ആനന്ദന്‍ എന്നിവരും യൂണികോണ്‍ ഇന്ത്യ വെഞ്ച്വേഴ്‌സ്, സീ ഫണ്ട് എന്നീ നിക്ഷേപസ്ഥാപനങ്ങളും മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്. 'ബാന്‍ഡിക്കൂട്ട്' റോബോട്ടിനു പുറമെ, മെഡിക്കല്‍ റീഹാബിലിറ്റേഷന് സഹായിക്കുന്ന റോബോട്ടും കമ്പനി വികസിപ്പിച്ചിട്ടുണ്ട്.
റോബോട്ടിക്‌സ്, നിര്‍മിതബുദ്ധി (എ.ഐ.) എന്നിവയുടെ സഹായത്തോടെ സുരക്ഷിതമായ ലോകം സൃഷ്ടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് 'ജെന്‍ റോബോട്ടിക്‌സ്' കോ-ഫൗണ്ടറും സി.ഇ.ഒ.യുമായ വിമല്‍ ഗോവിന്ദ് പറഞ്ഞു.
'ബാന്‍ഡിക്കൂട്ട്' റോബോട്ടുകളുടെ ഉത്പാദനം ഉയര്‍ത്താനും ഗവേഷണ-വികസനം ശക്തിപ്പെടുത്താനും കൂടുതല്‍ വിപണികളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കാനുമാണ് പുതുതായി സമാഹരിക്കുന്ന തുക വിനിയോഗിക്കുക. കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാനും പദ്ധതിയുണ്ട്.
ഇന്ത്യയില്‍ ഡീപ്-ടെക് കമ്പനികളുടെ ആവാസവ്യവസ്ഥ സൃഷ്ടിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അതിന്റെ തുടര്‍ച്ചയായാണ് ഈ രംഗത്ത് മികച്ച മാതൃക സൃഷ്ടിച്ച 'ജെന്‍ റോബോട്ടിക്‌സി'ലെ നിക്ഷേപമെന്നും 'സോഹോ കോര്‍പ്' സ്ഥാപകനും സി.ഇ.ഒ.യുമായ ശ്രീധര്‍ വെംബു പറഞ്ഞു.
Content Highlights: kerala startup genrobotics gets 20 crore investment
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..