കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കുന്നതിനായി ആളുകള്‍ തിരക്കിട്ട് എത്തിതുടങ്ങിയതോടെ സ്ലോട്ട് ലഭിക്കാതെ മടങ്ങുകയാണ് നിരവധി ആളുകള്‍. എന്നാല്‍, ഈ ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് കേരളാ പോലീസ്. വളരെ എളുപ്പത്തില്‍ സ്ലോട്ട് ലഭിക്കുന്നതിനായി കേരളാ പോലീസ് സൈബര്‍ ഡോമും മാഷപ്പ്സ്റ്റാക്കും ചേര്‍ന്ന് vaccinefind.in എന്ന വെബ്‌സൈറ്റ് വികസിപ്പിച്ചിരിക്കുകയാണ്.

കോവിഡ് വാക്‌സിനുള്ള സ്ലോട്ട് മൊബൈല്‍ ഫോണിലും ലാപ്‌ടോപ്പിലും തിരയാന്‍ സഹായിക്കുന്നതാണ് പോലീസ് ഒരുക്കിയ vaccinefind.in വെബ്‌സൈറ്റ്. വാക്‌സിനുമായി ബന്ധപ്പെട്ട് മറ്റ് സൈറ്റുകളും ആപ്പുകളും ഒരാഴ്ചത്തെ സ്ലോട്ടുകള്‍ കാണിക്കുമ്പോള്‍ പോലീസ് പുറത്തിറക്കിയ ഈ വെബ്‌സൈറ്റില്‍ രണ്ട് ആഴ്ചത്തെ വാക്‌സിന്‍ സ്ലോട്ടുകള്‍ ലഭ്യമാക്കുമെന്നാണ് കേരളാ പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിട്ടുള്ളത്. 

വാക്‌സിന്‍ ലഭ്യമായ ദിവസങ്ങള്‍ വെബ്‌സൈറ്റില്‍ പച്ച നിറത്തില്‍ രേഖപ്പെടുത്തുന്നതിനാല്‍ ഒഴിവുള്ള തീയതികള്‍ പെട്ടെന്ന് തന്നെ കണ്ടെത്താനും ബുക്കുചെയ്യാനും സാധിക്കുമെന്നാതാണ് ഈ വെബ്‌സൈറ്റിന്റെ മേന്മ. വാക്‌സില്‍ സ്ലോട്ടുകളുടെ ലഭ്യത ഒരോ 30 സെക്കന്റിലും പരിശോധിക്കുന്നതിലൂടെ ആളുകള്‍ക്ക് വാക്‌സിന്‍ വരുന്നത് വളരെ പെട്ടെന്ന് തന്നെ അറിയാന്‍ സാധിക്കുമെന്നതും ഈ വെബ്‌സൈറ്റിനെ കൂടുതല്‍ ജനകീയമാക്കും. 

vaccinefind.in എന്ന വെബ്‌സൈറ്റ് ഓട്ടോമാറ്റിക്കായി ലഭ്യമായ സ്ലോട്ട് തിരയുകയും ലഭ്യമായാല്‍ ഈ വിവരം ആളുകളെ ബ്രൗസര്‍ സൗണ്ട് വഴി അറിയിക്കുകയും ചെയ്യും. ഒരു തവണ വാക്‌സിന്‍ ലഭ്യമാക്കേണ്ട സംസ്ഥാനവും ജില്ലയും തിരഞ്ഞെടുത്താല്‍ പിന്നീട് ബ്രൗസര്‍ തുറക്കുമ്പോള്‍ തന്നെ വാക്‌സിന്‍ സ്ലോട്ട് ലഭ്യമാണോയെന്നത് ഉപയോക്താക്കള്‍ക്ക് അറിയാനുള്ള സംവിധാനവും ഈ വെബ്‌സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്.

വെബ്‌സൈറ്റ് ഉപയോഗിക്കുന്നയാള്‍ തിരഞ്ഞെടുക്കുന്ന ഓപ്ഷനുകള്‍ ബ്രൗസറില്‍ സേവ് ചെയ്യുന്നതിലൂടെ വാക്‌സിന്‍ തിരയുന്ന പ്രകൃയ കൂടുതല്‍ ആയാസ രഹിതമാകുമെന്നാണ് പോലീസ് അറിയിച്ചിട്ടുള്ളത്. ഇതിനൊപ്പം സ്ലോട്ടുകള്‍ തിരയുന്നതിന് 40-ല്‍ അധികം ഫില്‍ട്ടറും ഡോസ്-1, ഡോസ്-2 ഫില്‍ട്ടറും സൈറ്റില്‍ നല്‍കിയിട്ടുണ്ട്. മലയാളം ഉള്‍പ്പെടെ 11 ഭാഷകളില്‍ ഈ വെബ്‌സൈറ്റ് ലഭ്യമക്കുന്നുണ്ടെന്നും പോലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Content Highlights: Kerala Police Develop vaccinefind.in Website To Get Covid Vaccine Slot