പ്രളയത്തില്‍ ജനങ്ങളെ രക്ഷിക്കാന്‍ ആയിരക്കണക്കിനാളുകള്‍ അണിനിരന്നപ്പോള്‍ അവര്‍ക്ക് തുണയായി പിന്നണിയില്‍ പ്രവര്‍ത്തിച്ചത് സംസ്ഥാനത്തെ ഐ.ടി. വിദഗ്ധര്‍. കേരള ഐ.ടി. മിഷന്റെ നേതൃത്വത്തില്‍ യുവ ഐ.ടി. വിദഗ്ധര്‍ രൂപപ്പെടുത്തിയെടുത്ത 'കേരള റെസ്ക്യു' എന്ന സൈറ്റ് നിര്‍മിക്കാനെടുത്തത് ആറുമണിക്കൂര്‍. സ്വകാര്യ ഐ.ടി. സ്ഥാപനങ്ങളും ഐ.ടി. വിദഗ്ധരുടെ കൂട്ടായ്മകളും ഇതില്‍ അണിനിരന്നു.
പ്രളയത്തിനൊപ്പം പ്രവഹിച്ച ലക്ഷക്കണക്കിന് സഹായാഭ്യര്ഥനകളും വാഗ്ദാനങ്ങളും അരിച്ചെടുത്ത് സാമൂഹികമാധ്യമങ്ങളിലുള്‍പ്പെടെ എല്ലാ മാധ്യമങ്ങളിലും എത്തിക്കാനും വ്യാജസന്ദേശങ്ങള്‍ കണ്ടെത്തി നടപടിയെടുക്കാനും സന്ദേശങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ഐ.ടി. സ്റ്റാര്‍ട്ടപ്പുകളടക്കം രംഗത്തെത്തി. ഇന്ത്യയിലും വിദേശത്തുമായി കേരളത്തിനുവേണ്ടി നൂറുകണക്കിനാളുകളാണ് ഈ ഉത്തരവാദിത്വമേറ്റെടുത്തത്. ഈ സംവിധാനങ്ങളെല്ലാം പ്രളയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ നട്ടെല്ലായി മാറുകയായിരുന്നു.
കണ്ട്രോള് റൂമുകള്‍, മാധ്യമങ്ങള്‍, കോള്‍സെന്ററുകള്‍ പ്രവഹിച്ച സന്ദേശങ്ങള്‍ ഏകോപിപ്പിക്കുന്ന ജോലിയായിരുന്നു ഐ.ടി.വകുപ്പ് ഏറ്റെടുത്തത്. ഓണ്‍ലൈന്‍ കോള്‍സെന്ററുകളില്‍ പ്രവര്ത്തിപ്പിച്ചിരുന്നവരില് നല്ലപങ്കും ഐ.ടി. പ്രൊഫഷണലുകളായിരുന്നു. ഇവിടെ ലഭിച്ച സന്ദേശങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കൈമാറി. ഹാഷ് ടാഗുകള്‍ അടിസ്ഥാനമാക്കി സന്ദേശങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ലൊക്കേഷന്‍ ഇന്റലിജന്റ്സ് അടക്കമുള്ള ഭൗമസ്ഥാനനിര്ണയ മാര്‍ഗങ്ങള്‍ കണ്ടെത്തുന്ന സൊലൂഷന് ടെക്നോപാര്‍ക്കിലെ സ്റ്റാര്‍ട്ടപ്പായ സ്ട്രാവ ടെക്നോളജി വികസിപ്പിച്ചെടുത്തിരുന്നു. ജിയോ ഇന്റലിജന്റ്സ് സംവിധാനമായ 'സൈബര്‍ മങ്കി' എന്ന സമഗ്രവിവര വിശകലന സംവിധാനത്തിലൂടെ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദുരന്തനിവാരണ സേനയും സൈനികരും ഒട്ടേറെപ്പേരെ രക്ഷപ്പെടുത്തി.
അഭ്യര്‍ഥനകളുടെ ആധികാരികത ഉറപ്പാക്കാന്‍ ഓണ്‍ലൈന്‍ കോള്‍സെന്ററുകളുടെ സേവനം പ്രയോജനപ്പെടുത്തി. അങ്ങനെ വ്യാജസന്ദേശങ്ങള്‍ കണ്ടുപിടിച്ചു.
സഹായാഭ്യര്ഥനകളും ഇത്തരത്തില്‍ വേര്‍തിരിച്ചെടുത്തു. ആവശ്യമുള്ള സാധനങ്ങള്‍ കണ്ടെത്താനും അല്ലാത്തവ ഒഴിവാക്കാനും ഇതുവഴി കഴിഞ്ഞു. ഓരോദിവസം കഴിയുന്തോറും പ്രളയബാധിത പ്രദേശങ്ങളില്‍ വേണ്ട സാധനങ്ങളുടെ കണക്കെടുപ്പും ഇത്തരത്തില്‍ നടത്തി.
തിരുവനന്തപുരത്തടക്കമുള്ള കളക്ഷന്‍ സെന്ററുകളിലും സംസ്ഥാനത്തെ മിക്ക ദുരിതാശ്വാസ ക്യാമ്പുകളിലും ഐ.ടി. പ്രൊഫഷണലുകള്‍ പ്രത്യക്ഷമായിത്തന്നെ രംഗത്തുണ്ടായിരുന്നു. എല്ലാ ഐ.ടി. പാര്‍ക്കുകളിലും ഇവരുടെ പ്രത്യേക കളക്ഷന്‍ സെന്ററുകളും പ്രവര്‍ത്തിച്ചു.
Content Highlights:Kerala Floods rescue mission coordination by IT savvy youth voluntarily
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..