13 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി ഇന്‍സ്റ്റഗ്രാമിന്റെ പുതിയ പതിപ്പ് ആരംഭിക്കുമെന്ന പ്രഖ്യാപനത്തിനെതിരേ അഡ്വക്കസി ഗ്രൂപ്പ്. ഇന്‍സ്റ്റഗ്രാമിന്റെ ഈ തീരുമാനം കുട്ടികളെ അപകടത്തിലേക്ക് തള്ളി വിടുന്നതിന് സമാനമാണെന്നും, ഈ നീക്കം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഫെയ്‌സ്ബുക്ക് സി.ഇ.ഒ. മാര്‍ക്ക് സുക്കര്‍ബെര്‍ഗിന് ഗ്രൂപ്പ് കത്ത് നല്‍കി. 

ഇന്‍സ്റ്റഗ്രാമിന്റെ ഈ നീക്കം കുട്ടികളെ കൂടുതല്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതും ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കിടാനുള്ള പ്രോത്സാഹനം നല്‍കുമെന്നുമാണ് കത്തില്‍ പറയുന്നത്. കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന കൊമേഷ്യല്‍ ഫ്രീ ചൈല്‍ഡ്ഹുഡ് എന്ന സംഘടനയാണ് സുക്കര്‍ബെര്‍ഗിന് കത്ത് നല്‍കിയിട്ടുള്ളത്.

ഇന്‍സ്റ്റഗ്രാം അവതരിപ്പിക്കാനൊരുങ്ങുന്ന പുതിയ ആപ്ലിക്കേഷന്‍ പത്ത് വയസില്‍ താഴെയുള്ള കുട്ടികളെ ആകര്‍ഷിക്കാനാണ് സാധ്യത. നിലവിലെ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്ന 10-നും 12-നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ ഇതില്‍ നിന്ന് പുതിയ പതിപ്പിലേക്ക് മാറാനിടയില്ലെന്നും അതുകൊണ്ട് പുതിയ കുട്ടികള്‍ ഈ ആപ്പിലേക്ക് ആകൃഷ്ടരാകുമെന്നുമാണ് കത്തില്‍ പറയുന്നത്. 

ആപ്ലിക്കേഷന്‍ ഉപയോഗത്തിന്റെ അപകടത്തിന് പുറമെ, അമിതമായി സ്‌ക്രീനില്‍ നോക്കുന്നതിന്റെ ആരോഗ്യ പ്രശ്‌നങ്ങളും കത്തില്‍ പറയുന്നുണ്ട്. അമിതവണ്ണം, മാനസിക ആരോഗ്യം കുറയല്‍, ഉറക്കത്തിന്റെ കുറവ്, വിഷാദരോഗം, ആത്മഹത്യ ശ്രമം തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം മൂലം ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെന്നും കത്തിലുണ്ട്.

Source: AlJazeera

Content Highlights: Keep kids under 13 off Instagram, advocacy group tells Zuckerberg