മുഖ്യമന്ത്രി പിണറായി വിജയൻ | ഫയൽ ചിത്രം
തിരുവനന്തപുരം: കെ-ഫോണ്‍ പദ്ധതി നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ വീടുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വാണിജ്യാടിസ്ഥാനത്തിലും കേരളത്തിലെല്ലായിടത്തും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ-ഫോണ്‍ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. നമ്മുടെ നാട്ടില്‍ ഡിജിറ്റല്‍ ഡിവൈഡ് ഉണ്ടാവുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന് വൈദ്യുതി-ഐടി വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ടുള്ള ഈ പദ്ധതി പ്രയോജനം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ രാജ്യത്ത് 50 ശതമാനത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് ഇന്റര്‍നെറ്റ് ഉപയോഗം സാധ്യമാകുന്നത്. 33 ശതമാനം സ്ത്രീകള്‍ക്ക് മാത്രമാണ് ഇന്റര്‍നെറ്റ് ലഭ്യതയുള്ളത്. ഗ്രാമങ്ങളില്‍ അത് 25 ശതമാനം മാത്രമാണ്. ആദിവാസി സമൂഹങ്ങള്‍ക്കും ഇന്റര്‍നെറ്റ് ലഭ്യതയില്ല. അത്രയേറെ ആഴത്തില്‍ ഡിജിറ്റല്‍ ഡിവൈഡ് നിലനില്‍ക്കുന്നു, മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ടൂറിസം, വിദ്യാഭ്യാസം, വര്‍ക്ക് അറ്റ് ഹോം, റിമോട്ട് വര്‍ക്ക് പോലുള്ള ആവശ്യങ്ങള്‍ക്ക് കെ-ഫോണ്‍ പ്രയോജനം ചെയ്യും. മലയോര മേഖലകളിലും കെ-ഫോൺ ലഭ്യമാകും. ഇതുവഴി എല്ലാവരും റിയല്‍ കേരളാ സ്‌റ്റോറിയുടെ ഭാഗമാകുന്നെന്ന് ഉറപ്പുവരുത്തുകയാണ്. മാറുന്ന ലോകത്തിനൊപ്പം മുന്നോട്ടുകുതിക്കാന്‍ സാര്‍വത്രികമായി ഇന്റര്‍നെറ്റ് സൗകര്യം അനിവാര്യമാണ്. വിജ്ഞാന സംമ്പദ്ഘടനയായും നൂതനസമൂഹമായും കേരളത്തെ പരിവര്‍ത്തനം ചെയ്യാനുള്ള അടിസ്ഥാന സൗകര്യമാണ് കെ-ഫോണിലൂടെ ഒരുക്കുന്നത്.
ഇതിലൂടെ കേരളത്തെയാകെ ഗ്ലോബല്‍ ഇന്‍ഫര്‍മേഷന്‍ ഹൈവേയുമായി ബന്ധിപ്പിക്കുകയാണ്. ആഗോള മാനങ്ങളുള്ള നവകേരള നിര്‍മിതിക്ക് ഇതുവഴി അടിത്തറയൊരുങ്ങുകയാണ്. ടെലികോം രംഗത്തെ കോര്‍പ്പറേറ്റുകള്‍ക്കെതിരെയുള്ള ജനകീയ ബദലാണ് കെ-ഫോണ്‍ എന്നും അദ്ദേഹം പറഞ്ഞു. മറ്റ് സേവനദാതാക്കളേക്കാൾ കുറഞ്ഞ നിരക്കിലാവും കെ-ഫോണ്‍ സൗകര്യങ്ങള്‍. നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഉയര്‍ന്ന സ്പീഡിലും ഒരേ ഗുണ നിലവാരത്തിലും കെ-ഫോണിന്റെ സേവനങ്ങള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെ-ഫോണിനും കിഫ്ബിക്കും സര്‍ക്കാരിന്റെ പുതിയ പദ്ധതികള്‍ക്കും എതിരെ വിമര്‍ശനങ്ങളുയര്‍ത്തിയവര്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കി. സ്വകാര്യ സേവനദാതാക്കളുള്ളപ്പോള്‍ എന്തിനാണ് കെ-ഫോണ്‍ എന്ന് ചോദിക്കുന്നവരുടെ താല്‍പര്യം മറ്റുപലതുമാണെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരന് എന്തിനാണ് ഇന്റര്‍നെറ്റെന്നും നൂതന ഗതാഗത സൗകര്യങ്ങളെന്നും പരസ്യമായി ചോദിക്കുന്നതിന് അവര്‍ മടിക്കുന്നില്ല. ലോകത്തുണ്ടാകുന്ന മാറ്റങ്ങള്‍ അവര്‍ കാണുന്നില്ലേ? ആ മാറ്റങ്ങള്‍ ഇവിടെ വേണ്ടന്നാണോ ഇവര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
കെ-ഫോണ്‍ പദ്ധതി നടപ്പാക്കലും വിഭവസമാഹരണവും കിഫ്ബിയിലൂടെയാണ് നടത്തിയത്. വികസന പ്രവര്‍ത്തനങ്ങളുടെ ഗുണം കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളിലും മേഖലകളിലും മുഴുവന്‍ പ്രദേശങ്ങളിലും എത്തിക്കാൻ കിഫ്ബിയിലൂടെ സാധിച്ചിട്ടുണ്ട്. അത്തരം മാറ്റങ്ങള്‍ വന്നുകൂടാ എന്ന് ചിന്തിക്കുന്ന ഇടുങ്ങിയ ചിന്താഗതിക്കാരാണ് കിഫ്ബി തകര്‍ന്നുകാണാന്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: k fon broadband inaugurated by cm pinarayi vijayan
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..