പയോക്താക്കളുടെ അനുമതിയില്ലാതെ ഫോട്ടോ ഫേസ് ടാഗിങും മറ്റ് ബയോമെട്രിക് വിവരങ്ങളും ഉപയോഗിച്ചതിന് 65 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ യു.എസ്. ഫെഡറല്‍ കോടതി ഉത്തരവ്. 2015-ല്‍ ഇല്ലിനോയിസില്‍ ഫയല്‍ ചെയ്ത കേസിലാണ് ജില്ലാ ജഡ്ജി അജെയിംസ് ഡൊണാറ്റോയുടെ വിധി. 

കേസ് കൊടുത്ത ഇല്ലിനോയിസിലെ 16 ലക്ഷം ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ക്ക് അനുകൂലമായാണ് വിധി. ഇതുവഴി പരാതിക്കാരില്‍ ഓരോരുത്തര്‍ക്കും ഏകദേശം 345 ഡോളര്‍ നഷ്ടപരിഹാരമായി ലഭിക്കും. സ്വകാര്യതയെ മാനിക്കുന്ന ഉപയോക്താക്കള്‍ക്ക് ഇതൊരു വലിയ വിജയമാണെന്ന്‌ ജഡ്ജി ജെയിംസ് ഡൊനാറ്റോ പറഞ്ഞു. 

വിധിയ്‌ക്കെതിരെ ഫെയ്‌സ്ബുക്ക് അപ്പീല്‍ നല്‍കിയില്ലെങ്കില്‍ രണ്ട് മാസത്തിനുള്ളില്‍ നഷ്ടപരിഹാരത്തുക ലഭിക്കുമെന്ന് കേസ് ഫയല്‍ ചെയ്ത ചിക്കാഗോ അറ്റോര്‍ണി ജയ് എഡല്‍സണ്‍ പറഞ്ഞു.

ഉപയോക്താക്കള്‍ അപ്‌ലോഡ്‌ ചെയ്യുന്ന ചിത്രങ്ങളിലെ മുഖങ്ങള്‍ അനുമതിയില്ലാതെ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് സ്‌കാന്‍ ചെയ്തു ശേഖരിച്ചുവെന്നായിരുന്നു പരാതിയിലെ ആരോപണം. ഇല്ലിനോയിസിലെ സ്വകാര്യതാ നിയമലംഘനം ചൂണ്ടിക്കാട്ടിയാണ് പരാതികള്‍ വന്നത്. 

അനുമതിയില്ലാതെ ഫിംഗര്‍പ്രിന്റ്, മുഖം പോലുള്ള ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ചാല്‍ കമ്പനികള്‍ക്കെതിരെ പരാതി നല്‍കാന്‍ ഇല്ലിനോയിസിലെ ബയോമെട്രിക് ഇന്‍ഫര്‍മേഷന്‍ പ്രൈവസി ആക്റ്റ് ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ട്. ഈ സംഭവത്തിന് ശേഷമാണ് ഫെയ്‌സ്ബുക്ക് ഫോട്ടോ ടാഗിങ് സംവിധാനം എടുത്ത് മാറ്റിയത്. 

Content Highlights: Judge approves 65 crore dollar settlement of privacy lawsuit against Facebook