കുപ്രസിദ്ധമായ ജോക്കര്‍ മാല്‍വെയറിനെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ വീണ്ടും കണ്ടെത്തി. സൈബര്‍ സുരക്ഷാ സ്ഥാപനമായ പ്രാഡിയോ ജോക്കര്‍മാല്‍വെയര്‍ അടങ്ങുന്ന ആറ് ആപ്ലിക്കേഷനുകളെ തിരിച്ചറിഞ്ഞതായി സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വൈറസ് ബാധിച്ച ഈ ആപ്ലിക്കേഷനുകള്‍ രണ്ട്‌ലക്ഷത്തോളം പേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നും പ്രാഡിയോ പറയുന്നു. ജൂലായില്‍ ജോക്കര്‍ വൈറസ് ബാധിച്ച 11 ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 

ഫ്‌ലീസ് വെയര്‍ ഗണത്തില്‍ പെടുന്ന പ്രശ്‌നകാരിയായ ബോട്ട് ആണ് ജോക്കര്‍ എന്ന് പ്രാഡിയോ വിശദീകരിക്കുന്നു.

ഉപയോക്താക്കളെ അവരുടെ അനുമതിയില്ലാതെ പെയ്ഡ് സബ്സ്‌ക്രിപ്ഷനുകളുടെ വരിക്കാരാക്കി പണം തട്ടുകയാണ് ജോക്കര്‍ മാല്‍വെയര്‍ ചെയ്യുന്നത്. ആദ്യം ഉപയോക്താവിന്റെ അറിവോടെയല്ലാതെ ഓണ്‍ലൈന്‍ പരസ്യങ്ങളോട് പ്രതികരിക്കുകയും ശേഷം ഓടിപി ഉള്‍പ്പടെയുള്ള എസ്എംഎസ് സന്ദേശങ്ങള്‍ മോഷ്ടിക്കുകയും പണമിടപാടുകള്‍ സ്ഥിരീകരിക്കുകയും ചെയ്യുന്നു. 

ഒരു പെയ്ഡ് സബ്സ്‌ക്രിപ്ഷന്‍ സേവനത്തിന് വരിക്കാരനായ വിവരമോ പണം നഷ്ടപ്പെട്ട കാര്യമോ ഉപയോക്താവ് അറിഞ്ഞെന്ന് വരില്ല. 

സേഫ്റ്റി ആപ്പ് ലോക്ക്, കണ്‍വീനിയന്റ് സ്‌കാനര്‍ 2, പുഷ് മെസേജ്,-ടെക്സ്റ്റിങ് ആന്റ് എസ്എംഎസ്, ഇമോജി, വാള്‍പേപ്പര്‍,  സെപ്പറേറ്റ് ഡോക് സ്‌കാനര്‍, ഫിംഗര്‍ടിപ് ഗെയിം ബോക്‌സ് എന്നീ ആപ്ലിക്കേഷനുകളിലാണ് ജോക്കര്‍ മാല്‍വെയര്‍ ബാധിച്ചതായി കണ്ടെത്തിയത്. ഇവയെല്ലാം പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇവയില്‍ ഏതെങ്കിലും നിങ്ങള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവ ഉടന്‍ നീക്കം ചെയ്യണമെന്ന് പ്രാഡിയോ നിര്‍ദേശിച്ചു.

Content Highlights: joker malware six applications removed from google playstore