കൊച്ചി: ദക്ഷിണ കൊറിയയിലെ പിയോങ് ചാങ്ങില്‍ നടക്കുന്ന ഒളിമ്പിക്‌സ് വിന്റര്‍ ഗെയിംസ് 2018 മത്സരങ്ങളുടെ തത്സമയ സംപ്രേഷണം ജിയോ ടിവിയില്‍. 
വിന്റര്‍ ഗെയിംസിന്റെ ഈ വര്‍ഷത്തെ  ഇന്ത്യയിലെ ഡിജിറ്റല്‍ സംപ്രേക്ഷണാവകാശം ജിയോ ടി വിക്കാണ് ലഭിച്ചത്.

ഫെബ്രുവരി 9 മുതല്‍ 25 ആം തീയതി വരെയാണ് ദക്ഷിണ കൊറിയയില്‍ ഒളിമ്പിക്‌സ് മത്സരങ്ങള്‍ നടക്കുക.  അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (IOC )യാണ് ഇന്ത്യ മൊത്തത്തില്‍ ഈ മത്സരങ്ങളുടെ സംപ്രേക്ഷണത്തിനായി തങ്ങളെ തിരഞ്ഞെടുത്തതെന്ന് ജിയോ അധികൃതര്‍ അറിയിച്ചു.  

ഐഒസിയുമായി ചേര്‍ന്ന് മത്സരങ്ങളുടെ സമ്പൂര്‍ണ സംപ്രേക്ഷണം സാധ്യമാക്കുന്നതോടെ രാജ്യത്തെ കോടിക്കണക്കിനു ജിയോ ടിവി ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ഫോണിലൂടെ തത്സമയം തന്നെ മത്സരങ്ങള്‍ വീക്ഷിക്കാനാകുമെന്നും. ഇതിനായി എക്‌സ്‌ക്ലുസീവ് ചാനലുകള്‍ ജിയോ ടിവി ഏര്‍പ്പെടുത്തുമെന്നും തത്സമയ സംപ്രേക്ഷണത്തിനു ശേഷം ജിയോ ടിവിയിലെ എക്‌സ്‌ക്ലുസീവ് ചാനലുകള്‍ വഴി വീണ്ടും സംപ്രേക്ഷണം ഉണ്ടാകുമെന്നും ജിയോ അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

തത്സമയ സംപ്രേഷണത്തിന് ശേഷം ഉപഭോക്താക്കള്‍ക്ക്  അവരുടെ സൗകര്യമനുസരിച്ചു മത്സര ഇവന്റുകളും ദൃശ്യങ്ങളും ഏഴ് ദിവസത്തെ പ്രത്യേക ക്യാച്ച്  അപ്പ് സംവിധാനത്തിലൂടെ വീണ്ടും കാണുവാനും അവസരം ഒരുക്കിയിട്ടുണ്ട്. ലൈവ് ബ്രോഡ്കാസ്റ്റ്, ഹൈലൈറ്റ്  പാക്കേജുകള്‍, മത്സരങ്ങളുടെ ആവര്‍ത്തനങ്ങള്‍ എന്നിവയൊക്കെ ഉപഭോക്താക്കള്‍ക്കായി ഡിജിറ്റല്‍ സംപ്രേക്ഷണത്തില്‍ ജിയോ ഉറപ്പു നല്‍കുന്നു. ഇതിനു പുറമെ  ഐഒസിയുടെ  ഒളിമ്പിക് ചാനലിലൂടെയും ഇന്ത്യയില്‍  ഒളിമ്പിക്‌സ്  വിന്റര്‍ ഗെയിംസ് 2018 മത്സരങ്ങളുടെ  തത്സമയ സംപ്രേക്ഷണം ഉണ്ടാകും. 

15  വിന്റര്‍ കായിക  ഇനങ്ങളിലായി 102  മത്സരങ്ങളാണ് പിയോങ് ചാങ്ങില്‍ അരങ്ങേറുക. സ്‌കീയിങ്, സ്‌കേറ്റിംഗ്, ലൂഗ്, സ്‌കൈ ജമ്പിങ്, ഐസ് ഹോക്കി, സ്‌നോ ബോര്‍ഡറിങ് തുടങ്ങി ഇനങ്ങളിലാകും മത്സരങ്ങള്‍ അരങ്ങേറുക. ഇന്ത്യയടക്കം 90  രാജ്യങ്ങള്‍ ഒളിമ്പിക്‌സ്  വിന്റര്‍ ഗെയിംസ് 2018ല്‍  പങ്കെടുക്കുന്നുണ്ട്.