പ്രതീകാത്മക ചിത്രം | photo: canva
ഒടുവിൽ റിലയൻസ് ജിയോയുടെ 5ജി ടെലികോം സേവനമായ 'ജിയോ ട്രൂ 5ജി' കേരളത്തിലും എത്തിയിരിക്കുകയാണ്. കൊച്ചിയിലും ഗുരുവായൂർ ക്ഷേത്രപരിസരത്തും സേവനം ആരംഭിച്ചിട്ടുണ്ട്. ഒരുമാസത്തിനുള്ളിൽ മറ്റു പ്രധാന നഗരങ്ങളിലും സേവനം ലഭ്യമാക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. സെക്കൻഡിൽ ഒരു ജി.ബി.വരെ വേഗംനൽകുന്ന ഡേറ്റയാണ് ജിയോ 5ജി ഒരുക്കുന്നത്. 5ജി സേവനം എങ്ങനെ ഉപയോഗിക്കാമെന്ന് മനസിലാക്കാം.
കേരളത്തിൽ 5ജി ശൃംഖല സ്ഥാപിക്കാൻ റിലയൻസ് ജിയോ മുതൽമുടക്കിയിരിക്കുന്നത് 6,000 കോടി രൂപാണ്. കൊച്ചിയിൽ 'ജിയോ ട്രൂ 5ജി' സേവനം അവതരിപ്പിച്ച ചടങ്ങിൽ കമ്പനി സീനിയർ വൈസ് പ്രസിഡന്റും കേരള മേധാവിയുമായ കെ.സി. നരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചിയിലും ഗുരുവായൂർ ക്ഷേത്ര പരിസരത്തുമാണ് 5ജി ലഭ്യമാകാൻ തുടങ്ങിയതെങ്കിലും ഈ മാസംതന്നെ തിരുവനന്തപുരത്തുകൂടി സേവനം വ്യാപിപ്പിക്കും.
2023 ജനുവരിയിൽ കോഴിക്കോട്, തൃശ്ശൂർ, മലപ്പുറം തുടങ്ങിയ ഏഴ് നഗരങ്ങളിലേക്കു കൂടി സേവനം എത്തിക്കാനാണ് പദ്ധതി. 2023 ഡിസംബറോടെ സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലേക്കും 5ജി നെറ്റ്വർക്ക് വ്യാപിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
എയർടെലിന്റെ 5ജി സേവനങ്ങൾ കൊച്ചി നഗരപരിധിയിൽ ഇപ്പോൾത്തന്നെ ലഭ്യമാണ്. ഇതിനു പിന്നാലെ ജിയോ കൂടിയെത്തിയതോടെ വരുന്നത് 5ജി വിപ്ലവമാണ്. 5ജി സേവനങ്ങൾ പൊതുജനങ്ങൾക്ക് മാത്രമല്ല, സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെയുള്ള വ്യവസായങ്ങൾക്കും വളരെയധികം പ്രയോജനമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സേവനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
100 മടങ്ങ് വേഗം
സെക്കൻഡിൽ ഒരു ജി.ബി. വരെ ഡേറ്റ വേഗമാണ് ജിയോ അവകാശപ്പെടുന്നത്. 4ജി ശൃംഖലയെ ആശ്രയിക്കാതെ പൂർണമായും സ്വതന്ത്രമായ സേവനമാണ് 'ട്രൂ 5ജി'യിലൂടെ ജിയോ ഒരുക്കുന്നത്. അതിനാലാണ് ഈ വേഗം ഉറപ്പാക്കാനാകുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.
പ്രയോജനം ഏതൊക്കെ മേഖലകൾക്ക്?
5ജി സേവനങ്ങൾ എത്തിയതോടെ സർക്കാർ സേവനങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, ഐ.ടി., വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങൾ എന്നിവയ്ക്ക് ഡിജിറ്റൽ പരിവർത്തനം കൊണ്ടുവരാനും കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനും കഴിയും. സ്റ്റാർട്ടപ്പുകൾ, ചെറുകിട-ഇടത്തരം വ്യവസായങ്ങൾ എന്നിവയ്ക്കും ഇത് പ്രയോജനം ചെയ്യും.
ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐ.ഒ.ടി.), ബ്ലോക് ചെയിൻ, നിർമിത ബുദ്ധി (എ.ഐ.), ഡേറ്റ അനലിറ്റിക്‌സ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ നൂതന സാങ്കേതികവിദ്യകളുടെ വളർച്ചയ്ക്കും 5ജി മുതൽക്കൂട്ടാകും.
5ജി സേവനം ലഭിക്കാൻ
പ്രാരംഭഘട്ടത്തിൽ 5ജി സേവനങ്ങൾക്കായി ജിയോ അധിക നിരക്കുകളൊന്നും ഈടാക്കുന്നില്ല. 5ജി പിന്തുണയ്ക്കുന്ന മൊബൈൽ ഹാൻഡ് സെറ്റ് ഉള്ളവർക്കു മാത്രമേ സേവനം ഉപയോഗിക്കാനാകൂ. ജിയോ സിം മാറേണ്ടതില്ല. പോസ്റ്റ്പെയ്ഡ് കണക്ഷനോ 239 രൂപയോ അതിനു മുകളിലോ ഉള്ള പ്രീ പെയ്ഡ് പ്ലാനോ ഉപയോഗിക്കുന്നവർക്കാണ് സേവനം ലഭിക്കുക.
തുടക്കത്തിൽ 'വെൽക്കം ഓഫർ' ലഭിക്കുന്നവർക്ക് മാത്രമേ 5ജി സേവനം ഉപയോഗിക്കാനാകൂ. ഇത് അറിയാൻ മൊബൈലിലെ 'മൈ ജിയോ' ആപ്പ് തുറക്കുമ്പോൾ 'വെൽക്കം ഓഫർ' എന്ന് തെളിയുന്നുണ്ടോ എന്നു പരിശോധിക്കുക. അത് ലഭിച്ചിട്ടുണ്ടെങ്കിൽ അതിൽ അത് തിരഞ്ഞെടുക്കുക.
ഫോൺ സെറ്റിങ്സിൽ മൊബൈൽ നെറ്റ്്വർക്കിൽ ജിയോ തിരഞ്ഞെടുക്കണം. തുടർന്ന് പ്രിഫേർഡ് നെറ്റ്വർക്ക് ടൈപ്പ് എന്ന ഓപ്ഷനിൽ 5ജി തിരഞ്ഞെടുക്കുക. ഇതോടെ, ഫോണിന്റെ മുകളിൽ 5ജി അടയാളം തെളിയും. അതോടെ, 5ജി സേവനം ഉപയോഗിച്ചു തുടങ്ങാം.
Content Highlights: jio 5g launched in kerala
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..