വിവിധ സേവനങ്ങള്‍ ഒരു കുടക്കീഴിലൊരുക്കി ജിമിക്കി ഡോട്ട് കോം. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കഴിവുകള്‍ മറ്റുള്ളവരിലേക്കെത്തിച്ച് അര്‍ഹമായ വരുമാനം സമ്പാദിക്കുക, വീടുകളില്‍ തയ്യാറാക്കുന്ന വിഷാംശമില്ലാത്ത ഭക്ഷണ സാധനങ്ങള്‍ ലഭ്യമാക്കുക, കഴിവുള്ള ജോലിക്കാരെ കണ്ടെത്തുക എന്നിങ്ങനെ നിത്യജീവിതത്തില്‍ നമുക്കുണ്ടാകുന്ന പല ആവശ്യങ്ങളും നിറവേറ്റുന്നതിനു സഹായിക്കുന്ന വെബ്സൈറ്റാണ് ജിമിക്കി ഡോട്ട് കോം.

വിവിധ സേവനങ്ങള്‍ ഒരു  വേദിയിലൊരുക്കുന്ന പുതിയ സംരഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത് തൃശ്ശൂര്‍ സ്വദേശികളായ ദീപ വിശ്വനാഥും രാഖി മാര്‍ട്ടിനും ചേര്‍ന്നാണ്. ഓസ്‌ട്രേലിയയില്‍ താമസക്കാരായ ഈ വനിതകള്‍ കേരളത്തിലെ ജനങ്ങളുടെ വിവിധ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടാണ് ജിമിക്കി ഡോട്ട് കോം ഒരുക്കിയിരിക്കുന്നത്. ജിമിക്കി ഡോട്ട് കോമിന്റെ വെബ്‌സൈറ്റും മൊബൈല്‍ ആപ്‌ളിക്കേഷനും കോട്ടയം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഫാ. ജയിംസ് ചേലപ്പുറത്ത് ചടങ്ങില്‍ അധ്യക്ഷനായിരുന്നു. 

ജിമിക്കി ഡോട്ട് കോം ലീപ്സ് ആന്റ് ലീവ്‌സ്, ഏണ്‍ ആന്റ് ലേണ്‍, സെര്‍വ് ആന്റ് ഷൈന്‍ എന്നീ മൂന്ന് വിഭാഗങ്ങളായാണ് സേവനങ്ങള്‍ ലഭ്യമാക്കുന്നത്. വീടുകളില്‍ ലഭ്യമായ വിഷാംശമില്ലാത്ത ഭക്ഷണ സാധനങ്ങള്‍ വില്‍ക്കാനും വാങ്ങാനുമുള്ള ഇടമാണ് ലീപ്പ്‌സ് ആന്റ് ലീവ്‌സ്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കഴിവുകള്‍ മറ്റുള്ളവരിലേക്ക് എത്തിക്കുവാനും അതിലൂടെ വരുമാനം കണ്ടെത്താനും സഹായിക്കുന്ന ഇടമാണ് ഏണ്‍ ആന്റ് ലേണ്‍. സെര്‍വ് ആന്റ് ഷൈനിലൂടെ ജോലിക്കാരെയോ വോളന്റിയര്‍മാരെയോ കണ്ടെത്താം. വോളന്റിയര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്കും വോളന്റിയര്‍ന്മാരെ തേടുന്ന സ്ഥാപനങ്ങള്‍ക്കും ജിമിക്കിയില്‍ രജിസ്റ്റര്‍ ചെയ്യാനും സാധിക്കും.