വിവാഹമോചിതനാവുന്ന ആമസോണ്‍ സ്ഥാപകനും മേധാവിയുമായ ജെഫ് ബെസോസിന് വിവാഹമോചിതനാവുന്നതിന്റെ പേരില്‍ തന്റെ പാതി സ്വത്ത് നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. അത് സത്യമാണെങ്കില്‍, ജെഫ് ബെസോസിന്റേയും ഭാര്യ മക്കെന്‍സിയുടെയും വിവാഹ മോചനം ലോകം കണ്ടതില്‍ ഏറ്റവും ചിലവേറിയ വിവാഹ മോചന നടപടിയായി മാറിയേക്കും. 

ജെഫ് ബെസോസും മക്കെന്‍സിയും വിവാഹിതരായിട്ട് ഏകദേശം 25 വര്‍ഷത്തോളമായി. ആമസോണിനും അത്രതന്നെ പഴക്കമേയുള്ളൂ. അതായത് വിവാഹിതരായതിന് ശേഷം ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയതാണ് ആമസോണിന്റെ ഇന്ന് കാണുന്ന സമ്പത്തെല്ലാം. 

വിവാഹമോചിതരാകുന്നവര്‍ സ്വത്ത് തുല്യമായി വീതം വെക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന സ്ഥലമാണ് വാഷിങ്ടണ്‍. അതായത് വിവാഹമോചന നടപടിയിലൂടെ ബെസോസിന്റെ സ്വത്തിന്റെ പാതി നഷ്ടമാവും. നിലവില്‍ 13,700 കോടി ഡോളര്‍ ആസ്തിയുണ്ട് ബെസോസിന്. സ്വത്ത് രണ്ടായി ഭാഗിച്ചാല്‍ ബെസോസിന് 6,000 കോടിയിലധികം ഡോളറിന്റെ ആസ്തി നഷ്ടമാവും. ആ സ്വത്ത് ലഭിക്കുന്നതോടെ മക്കെന്‍സി ലോകത്തെ ഏറ്റവും വലിയ സമ്പന്നയായി മാറും.

ആപ്പിളിനേയും, മൈക്രോസോഫ്റ്റിനേയും മറികടന്ന് ആമസോണ്‍ ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയെന്ന നേട്ടത്തിലെത്തി ദിവസങ്ങള്‍ക്കൊടുവിലാണ് ബെസോസും ഭാര്യയും വിവാഹമോചനം പ്രഖ്യാപിച്ചത്. ഇതിന്റെ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ ആ സ്ഥാനം ആമസോണിന് നഷ്ടമാവും. ഒപ്പം ലോകത്തെ ഏറ്റവും വലിയ സമ്പന്നനെന്ന സ്ഥാനം ബെസോസിനും നഷ്ടമാവും. പകരം 9,500 കോടി ഡോളര്‍ ആസ്തിയുള്ള മൈക്രോസോഫ്റ്റിന്റെ ബില്‍ ഗേറ്റ്‌സ് ഒന്നാമതെത്തും.

എന്നാല്‍ ബെസോസും മക്കെന്‍സിയും തമ്മില്‍ വിവാഹത്തിന് മുമ്പ് ഏതെങ്കിലും വിധത്തിലുള്ള ഔദ്യോഗിക ധാരണയില്‍ എത്തിയിട്ടുണ്ടെങ്കില്‍, അതിന്റെ അടിസ്ഥാനത്തിലാവും സ്വത്ത് വിഭജനം. വാഷിങ്ടണില്‍ കമ്മ്യൂണിറ്റി പ്രോപ്പര്‍ട്ടി സംവിധാനമാണ് നിലവിലുള്ളത്. ഇതനുസരിച്ച് വിവാഹജീവിത കാലയളവില്‍ നേടിയ സ്വത്ത് അല്ലെങ്കില്‍ ആസ്തി വിവാഹമോചന സമയത്ത് ദമ്പതികള്‍ക്ക് പരസ്പര ധാരണയോടെ ഭാഗിക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് കോടതി തുല്യമായി പങ്കുവെക്കും.

Jeff Bezos & Mackenzieആര്‍ക്ക് എന്ത് നല്‍കണം എന്നതില്‍ കൃത്യമായ ഒരു സംവിധാനമില്ല. അതുകൊണ്ടുതന്നെ ആമസോണ്‍ മേധാവിയുടെ സ്വത്തിന്റെ വലിയൊരുഭാഗം മക്കെന്‍സിയ്ക്ക് സ്വന്തമാവും. വാഷിങ്ടണ്‍ പോസ്റ്റ്, ബഹിരാകാശ ഗവേഷണ സ്ഥാപനമായ ബ്ലൂ ഒറിജിന്‍ എന്നിവയിലുള്ള ജെഫ് ബെസോസിന്റെ ഓഹരികള്‍ ഉള്‍പ്പടെ പങ്കുവെക്കപ്പെടും. 

ആമസോണ്‍ തന്നെയാണ് ഇതില്‍ പ്രധാനപ്പെട്ടത്. ബെസോസിന്റേയും മക്കെന്‍സിയുടെയും വരുമാനത്തിന്റെ മുഖ്യ ഉറവിടം ആമസോണ്‍ ആണ്. ആമസോണിന്റെ വളര്‍ച്ചയില്‍ രണ്ടുപേരും തുല്യമായി സംഭാവന ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതുകൊണ്ടുതന്നെ ആമസോണില്‍ ബെസോസ് കൈവശം വെച്ചിരിക്കുന്ന ഓഹരിയില്‍ പകുതി മക്കെന്‍സിയുടെ കയ്യിലെത്തും.

ബെസോസും മക്കെന്‍സിയും വിവാഹമോചിതരാകാനുള്ള കാരണം എന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വിവാഹ മോചിതരാകുന്നുവെങ്കിലും ഒരു കുടുംബം പോലെ സുഹൃത്തുക്കളായും മാതാപിതാക്കളായും സംരംഭങ്ങളില്‍ പങ്കാളികളായും മുന്നോട്ട് പോവുമെന്ന് വിവാഹമോചനം അറിയിച്ചുള്ള സംയുക്തപ്രസ്താവനിയില്‍ ഇരുവരും പറഞ്ഞിട്ടുണ്ട്. ചിലപ്പോള്‍ സ്വത്ത് വിഭജനകാര്യത്തില്‍ ഇരുവരും ഇതിനോടകം എതെങ്കിലും രീതിയില്‍ ധാരണയില്‍ എത്തിയിട്ടുണ്ടാവാം.

Source: Indiatoday

Content Highlights: Jeff Bezos, MacKenzie divorce world's richest man may lose half his wealth