മോസ്‌കോ: ബഹിരാകാശ നിലയത്തിലേക്ക് വിനോദസഞ്ചാരത്തിന് പോയ ജാപ്പനീസ് സഞ്ചാരികള്‍ ഭൂമിയില്‍ സുരക്ഷിതമായി തിരിച്ചെത്തി. 12 ദിവസം ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞതിനുശേഷമാണ് മൂവരും തിരിച്ചെത്തിയത്. 

ഫാഷന്‍ രംഗത്തെ വ്യവസായിയായ യുസാകു മീസാവ, അദ്ദേഹത്തിന്റെ നിര്‍മാതാവ് യോസോ ഹിരാനോ, റഷ്യന്‍ ബഹിരാകാശ ഗവേഷകന്‍ അലക്‌സാണ്ടര്‍ മിസുര്‍കിന്‍ എന്നിവരാണ് റഷ്യന്‍ സോയൂസ് പേടകത്തില്‍ തിരിച്ചെത്തിയത്. കസാക്കിസ്ഥാനിലെ ഷെസ്‌കാസ്ഗന്‍ നഗരത്തില്‍ നിന്ന് തെക്ക് കിഴക്ക് ഭാഗത്തായി 150 കിമീ ദൂരത്തായി രാവിലെ 9.13 നാണ് പേടകം വന്നിറങ്ങിയത്.

കനത്ത മേഘങ്ങളുണ്ടായിരുന്നതിനാല്‍ വലിയ സുരക്ഷാ സംവിധാനങ്ങളാണ് ഇവര്‍ക്ക് വേണ്ടി ഒരുക്കിയിരുന്നത്. തിരിച്ചിറങ്ങിയവരെ വിശദ പരിശോധനകള്‍ക്കായി മോസ്‌കോയ്ക്ക് പുറത്തുള്ള സ്റ്റാര്‍ സിറ്റി സ്‌പേസ് ഫ്‌ളൈറ്റ് പ്രിപ്പറേഷന്‍ ഫെസിലിറ്റിയിലേക്ക് മാറ്റി. 

2009 ന് ശേഷം ബഹിരാകാശ നിലയത്തില്‍ സ്വയം പണം ചെലവിട്ട് സന്ദര്‍ശനം നടത്തുന്ന ആദ്യ വിനോദസഞ്ചാരികളാണ് 46 കാരനായ മീസാവയും 36 കാരനായ ഹിരാനോയും. റഷ്യന്‍ ഗവേഷകനായ മിസുര്‍കിന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണ് പൂര്‍ത്തിയായത്. 

12 ദിവസത്തെ യാത്രയ്ക്കായി 8 കോടിയിലേറെ യുഎസ് ഡോളറാണ് മീസാവ ചിലവാക്കിയത് എന്നാണ് വിവരം. കൃത്യമായ തുക അദ്ദേഹം പറഞ്ഞില്ലെങ്കിലും അത് വലിയൊരു തുകയാണെന്ന് വെളിപ്പെടുത്തിയിരുന്നു. 

ഒക്ടോബറില്‍ റഷ്യന്‍ നടി യൂലിയ പെരെസില്‍ഡും സിനിമാ സംവിധായകന്‍ ക്ലിം ഷിപെങ്കോയും ബഹിരാകാശ നിലയം സന്ദര്‍ശിക്കുകയും ബഹിരാകാശത്ത് വെച്ചുള്ള ആദ്യ സിനിമാ ചിത്രീകരണം യാഥാര്‍ത്ഥ്യമാക്കുകയും ചെയ്തിരുന്നു.