ബോളിവുഡ് താരം ജാക്വലിന്‍ ഫെര്‍ണാണ്ടസിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ കുറ്റപത്രത്തില്‍ സുകേഷ് ചന്ദ്രശേഖര്‍ എന്ന തട്ടിപ്പുകാരന്‍ നടിയെ കബളിപ്പിച്ചുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ഓഫീസില്‍ നിന്നെന്ന വ്യാജേന ഫോണ്‍ ചെയ്ത് വിശ്വസിപ്പിച്ചാണ് നടിയെ കബളിപ്പിച്ചത്. ഇതുവഴി തട്ടിപ്പുകാരന്‍ നടിയുമായി പരിചയം സ്ഥാപിച്ചെടുക്കുകയായിരുന്നു. എന്നാല്‍ ഈ സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ഇഡി പുറത്തുവിട്ടിട്ടില്ല. 

എന്താണ് മൊബൈല്‍ നമ്പര്‍ സ്പൂഫിങ് ?

പൊതുമധ്യത്തില്‍ സ്വാധീനമുള്ള വ്യക്തികളെ കബളിപ്പിക്കുന്നതിനായി തട്ടിപ്പുകാര്‍ സാധാരണയായി പ്രയോഗിക്കുന്ന മാര്‍ഗമാണ് മൊബൈല്‍ നമ്പര്‍ സ്പൂഫിങ്. 2004 കാലത്താണ് ഈ തട്ടിപ്പുകള്‍ പ്രചാരത്തില്‍ വന്നത്. അന്ന് ഫോണ്‍ നമ്പര്‍ സ്പൂഫ് ചെയ്യാനുള്ള സാങ്കേതികമായ കഴിവും ഇതിന് വേണമായിരുന്നു. എന്നാല്‍ വോയ്‌സ് ഓവര്‍ ഐപി സംവിധാനം ലഭ്യമായതോടെ ഇത് ഏറെ എളുപ്പമായിരിക്കുന്നു. പണം നല്‍കി ഉപയോഗിക്കാവുന്ന സോഫ്റ്റ് വെയറുകളും ഓണ്‍ലൈന്‍ സേവനങ്ങളും എളുപ്പത്തില്‍ വ്യാജ നമ്പറുകളുണ്ടാക്കാന്‍ ഇപ്പോല്‍ ലഭ്യമാണ്.

കോളര്‍ ഐഡി വിവരങ്ങളില്‍ കൃത്രിമം കാണിച്ച് ഒരു പ്രത്യേക വ്യക്തിയില്‍ നിന്നോ സ്ഥലത്ത് നിന്നോ ഉള്ള ഫോണ്‍കോള്‍ ആക്കി മാറ്റുന്ന രീതിയാണ് മൊബൈല്‍ നമ്പര്‍ സ്പൂഫിങ്. വ്യാജ നമ്പറില്‍ വിളിച്ച് കബളിപ്പിക്കുന്ന രീതി. 

ആഗോള തലത്തില്‍ തന്നെ കുറ്റവാളികള്‍ തങ്ങളുടെ ഐഡന്റിറ്റി മറച്ചുവെക്കുന്നതിനായി ഇത്തരം സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താറുണ്ട്. പ്രത്യേകിച്ചും കുട്ടികളെ തട്ടിക്കൊണ്ട് പോയി പണം ആവശ്യപ്പെടുന്ന കുറ്റവാളികള്‍. ഇരയുടെ ബന്ധുക്കളെ വിളിക്കുന്നതിന് ഇവര്‍ ഇത്തരം വ്യാജ നമ്പറില്‍ നിന്നുള്ള ഫോണ്‍ വിളികളെയാണ് ആശ്രയിക്കാറ്. 

കുറ്റകൃത്യങ്ങള്‍ക്ക് മാത്രമല്ല ആളുകളെ കളിയാക്കി കബളിപ്പിക്കാനും ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിക്കാറുണ്ട്. ഇത്തരം വ്യാജ കോളുകളെ തടയാന്‍ ഫലപ്രദമായൊരു സംവിധാനം നിലവിലില്ല. ഫോണ്‍ കോണ്‍ടാക്റ്റില്‍ ഇല്ലാത്ത ഫോണ്‍ നമ്പറുകളില്‍ നിന്നുള്ള വിളികളെ സംശയത്തോടെ സൂക്ഷിക്കുകയും അവഗണിക്കുകയും മാത്രമാണ് ആകെയുള്ള വഴി. 

നിയമപാലന ഏജന്‍സികളും കുറ്റവാളികളെ നിരീക്ഷിക്കാനും മറ്റുമായി മൊബൈല്‍ നമ്പര്‍ സ്പൂഫിങ് ഉപയോഗിക്കാറുണ്ട്. ഒരു പോലീസ് സ്‌റ്റേഷനില്‍ നിന്നോ ഭരണാധികാരിയുടെ ഓഫീസില്‍ നിന്നോ ആണെന്ന വ്യാജേന ഒരാളെ വിളിച്ച് വിശ്വസിപ്പിക്കാന്‍ തട്ടിപ്പുകാരന് സാധിച്ചാല്‍ സുപ്രധാനമായ പല വിവരങ്ങളും അവരില്‍ നിന്ന് ചോര്‍ത്തിയെടുക്കാന്‍ സാധിക്കും. 

പലപ്പോഴും ഇത്തരം ഫോണ്‍വിളികള്‍ വരുന്ന നമ്പറുകള്‍ +91 ല്‍ ആയിരിക്കില്ല തുടങ്ങുക. എന്നാല്‍ യഥാര്‍ത്ഥ നമ്പറുമായി സാമ്യത പുലര്‍ത്തുന്നവയായിരിക്കും അത്. ടെലിമാര്‍ക്കറ്റിങ് കോളുകള്‍ പലതും ഈരീതിയില്‍ വരുന്നതാണ്. 

ശ്രദ്ധിക്കേണ്ടത്. 

ആന്റി വൈറസ് സേവനങ്ങള്‍ഇതിനായി ഉപയോഗിക്കാം. കോളര്‍ ഐഡി ആപ്പുകളെ പലപ്പോവും കബളിപ്പിക്കാന്‍ തട്ടിപ്പുകാര്‍ക്ക് സാധിക്കും. അതുകൊണ്ട് അവ ഒരു ശാശ്വത പരിഹാരമായി കാണാനാവില്ല. അപരിചിതമായ നമ്പറുകളില്‍ നിന്നുള്ള ഫോണ്‍ വിളികള്‍ അവഗണിക്കുക. അങ്ങനെ വരുന്ന കോളുകള്‍ എടുത്തെങ്കില്‍ തന്നെ കൂടുതല്‍ വിവരങ്ങളൊന്നും ഫോണിലൂടെ തുറന്നുപറയാതിരിക്കുക. കോളിനിടയില്‍ എന്തെങ്കിലും നമ്പര്‍ അമര്‍ത്താന്‍ പറഞ്ഞാല്‍ അത് ചെയ്യാതിരിക്കുക. 

Content Highlights: Jacqueline Fernandez Victim Of Mobile Number Spoofing