ചൈനീസ് സോഷ്യല്‍മീഡിയാ ആപ്ലിക്കേഷനായ ടിക് ടോക്ക് ഉപയോഗിച്ച പത്ത് വയസുകാരി മരിച്ച സംഭവത്തെ തുടര്‍ന്ന് പ്രായം സ്ഥിരീകരിക്കാനാവാത്ത ഉപയോക്താക്കളെയെല്ലാം ബ്ലോക്ക് ചെയ്യാന്‍ ടിക് ടോക്കിനോട് നിര്‍ദേശിച്ച് ഇറ്റലി. 13 വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ രജിസ്‌ട്രേഷനുകളെല്ലാം ബ്ലോക്ക് ചെയ്യാനും ഇറ്റലി നിര്‍ദേശിച്ചു. 

ഇതേ തുടര്‍ന്ന് ഫെബ്രുവരി 15 വരെ വെരിഫൈ ചെയ്യാത്ത അക്കൗണ്ടുകളെല്ലാം ബ്ലോക്ക് ചെയ്യും. 

സിസിലി എന്ന പെണ്‍കുട്ടി ശ്വാസം മുട്ടി മരിച്ച സംഭവമാണ് അധികാരികളെ ഇത്തരത്തില്‍ ഒരു നിര്‍ദേശം നല്‍കുന്നതിന് പ്രേരിപ്പിച്ചത്. ബ്ലാക്ക് ഔട്ട് ചലഞ്ച് എന്ന് അറിയപ്പെടുന്ന ടിക് ടോക്ക് ചലഞ്ചിനെ തുടര്‍ന്നാണ് പെണ്‍കുട്ടി മരിച്ചത്. വീഡിയോ റെക്കോര്‍ഡ് ചെയ്യുമ്പോള്‍ കഴുത്തില്‍ ബെല്‍റ്റ് മുറുക്കി ശ്വാസം പിടിച്ച് നില്‍ക്കുന്നതാണ് ഈ ചലഞ്ച്. എന്നാല്‍ പെണ്‍കുട്ടി ശ്വാസം മുട്ടി മരിക്കുകയായിരുന്നു. 

പെണ്‍കുട്ടി ടിക് ടോക്കും യുട്യൂബും സ്ഥിരമായി ഉപയോഗിച്ചിരുന്നുവെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. അതേസമയം ടിക് ടോക്ക് വഴി ആരെങ്കിലും കുട്ടിയെ ചലഞ്ചിന് ക്ഷണിച്ചതാണോ എന്നും ആത്മഹത്യയാണോ എന്നും അന്വേഷിക്കുന്നുണ്ട്. 

Content Highlights: Italy asked TikTok to block users after death of young girl