പ്രതീകാത്മക ചിത്രം | Photo: Gettyimages
കൊച്ചി: കോവിഡ് മഹാമാരിക്ക് ശേഷം സംസ്ഥാനത്തെ ഐ.ടി കമ്പനികള്‍ക്കിടയില്‍ ഹൈബ്രിഡ് രീതിയിലേക്കുള്ള പ്രവര്‍ത്തനരീതി കൂടുന്നതായി സര്‍വേ ഫലം. 42 ശതമാനത്തോളം കമ്പനികള്‍ ഓഫീസ് പ്രവര്‍ത്തനം പൂര്‍ണമായും പുനഃരാരംഭിച്ചു. 38 ശതമാനം കമ്പനികള്‍ ഹൈബ്രിഡ് (ഓഫീസിലും വീട്ടിലുമായി ജോലിചെയ്യുന്ന രീതി) രീതിയിലുള്ള പ്രവര്‍ത്തനരീതിയാണ് അവലംബിക്കുന്നത്. 20 ശതമാനം കമ്പനികള്‍ മാത്രമാണ് ഇനിയും പൂര്‍ണമായും വര്‍ക്ക് ഫ്രം ഹോം തുടരുന്നത്.
ഐ.ടി. കമ്പനികളുടെ കൂട്ടായ്മയായ ജിടെക് നടത്തിയ സര്‍വേയിലാണ് മാറുന്ന തൊഴില്‍ സംസ്കാരത്തെപ്പറ്റിയുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നത്. ഓഫീസ് പ്രവര്‍ത്തനം പുനഃരാരംഭിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രധാന ഐ.ടി. പാര്‍ക്കുകളായ ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളിലും അനുബന്ധ സാറ്റലൈറ്റ് പാര്ക്കുകളിലുമടക്കമുള്ള 165 കമ്പനികളും ജീവനക്കാരുമാണ് സര്‍വേയില്‍ പങ്കെടുത്തത്. വിവിധ കമ്പനികള്‍ ഓഫീസ് പ്രവര്‍ത്തനം പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ കലാ സാംസ്കാരിക കായിക പരിപാടികളും ആഘോഷ പരിപാടികളും ഓഫീസ് ഔട്ടിങ്ങ് അടക്കം ജീവനക്കാര്‍ തമ്മില്‍ ഇടപഴകാനുള്ള അവസരമൊരുക്കുകയും ചെയ്തതായി സര്‍വേ ഫലം വ്യക്തമാക്കുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ കൂടുതല്‍ കമ്പനികള്‍ ഓഫീസ് പ്രവര്‍ത്തനം പൂര്‍ണമായും പുനഃരാരംഭിക്കാനും പദ്ധതിയിടുന്നുണ്ട്.
സര്‍വേയില്‍ പങ്കെടുത്ത കമ്പനികളില്‍ 42 ശതമാനം കമ്പനികള്‍ നൂറു ശതമാനം ഹാജര്‍ നിലയോടെ പൂര്‍ണമായും ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 38 ശതമാനം കമ്പനികളിലെ ജീവനക്കാര്‍ കുറച്ച് ദിവസം ഓഫീസിലും കുറച്ച് ദിവസം വീട്ടിലുമിരുന്ന് ജോലി ചെയ്യുന്ന ഹൈബ്രിഡ് രീതിയിലാണ് പ്രവര്‍ത്തനം നടത്തുന്നത്. 20 ശതമാനം കമ്പനികള്‍ അടുത്ത സാമ്പത്തിക വര്‍ഷം വരെ വര്‍ക്ക് ഫ്രം ഹോം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്.
കോവിഡ് മഹാമാരി കാരണം വര്‍ക്ക് ഫ്രം ഹോം രീതിയിലേക്ക് ചുരുങ്ങേണ്ടിവന്ന കമ്പനികള്‍ ഇതിന്റെ ഗുണവും ദോഷവും തിരിച്ചറിഞ്ഞതോടെയാണ് മഹാമാരിക്ക് ശേഷം ഇത്തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കാന്‍ തീരുമാനിച്ചത്. കോവിഡ് മഹാമാരിക്ക് ശേഷം ഓഫീസ് പ്രവര്‍ത്തനം പൂര്‍ണമായും പുനഃരാരംഭിക്കാന്‍ ശ്രമിച്ച പല കമ്പനികളിലെയും ജീവനക്കാര്‍ ജോലി ഉപേക്ഷിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് കൂടുതല്‍ കമ്പനികള്‍ ഹൈബ്രിഡ് രീതിയിലേക്ക് പ്രവര്‍ത്തനം ക്രമീകരിക്കാന്‍ തീരുമാനിച്ചത്.
കോവിഡിന് ശേഷം ജീവനക്കാര്‍ക്കും കമ്പനികള്‍ക്കും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന രീതിയിലാണ് കമ്പനികളെല്ലാം പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നതെന്ന് ജി ടെക് സെക്രട്ടറി ശ്രീകുമാര്‍ വി. പറഞ്ഞു. കോവിഡ് മഹാമാരി നമ്മുടെ ജീവിതരീതിയെ പൂര്‍ണമായും മാറ്റി മറിക്കുന്ന രീതിയിലാണ് കടന്നുപോയത്. അതിനെത്തുടര്‍ന്ന് ജോലിയിലും ജീവിത ശൈലിയിലും മാറ്റമുണ്ടായിട്ടുണ്ട്. കോവിഡിന് ശേഷം സാധാരണ നിലയിലേക്ക് മടങ്ങുമ്പോള്‍ കൂടുതല്‍ ഉത്പാദനക്ഷമതയോടെ ജീവനക്കാര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സൗകര്യമൊരുക്കാനാണ് കമ്പനികളെല്ലാം ശ്രമിക്കുന്നത്. വര്‍ക്ക് ഫ്രം ഹോമില്‍ നിന്ന് മടങ്ങിയെത്താന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ആ രീതിയിലും ഓഫീസില്‍ വന്ന് പ്രവര്‍ത്തിക്കേണ്ടവര്‍ക്ക് അങ്ങനെയും ജോലി ചെയ്യാന്‍ കമ്പനികള്‍ അനുവദിക്കുന്നുണ്ട്. പുതിയ കാലത്തിന് കൂടുതല്‍ അനുയോജ്യമായ പ്രവര്‍ത്തന രീതി ഹൈബ്രിഡ് ആണെന്ന് തിരിച്ചറിഞ്ഞാണ് കൂടുതല്‍ കമ്പനികള്‍ ആ രീതിയില്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Hybrid Work Mode, Worke at Home, Hybrid jobs in Kerala, Infopark, Technopark, Cyberparks
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..