ഗൂഗിള്‍ മാപ്പ്‌സ്, ഗൂഗിള്‍ എര്‍ത്ത് എന്നീ സേവനങ്ങള്‍ക്ക് പകരമായി തദ്ദേശീയമായി മാപ്പിങ് സേവനം വികസിപ്പിക്കാന്‍ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും (ഐഎസ്ആര്‍ഒ) നാവിഗേഷന്‍ സേവന ദാതാവായ മാപ്പ് മൈ ഇന്ത്യയും കൈകോര്‍ക്കുന്നു. 

മാപ്പ് മൈ ഇന്ത്യയുടെ ഡിജിറ്റല്‍ മാപ്പുകളില്‍ ഐഎസ്ആര്‍ഒയുടെ ഉപഗ്രഹ ചിത്രങ്ങളും ഭൗമ നിരീക്ഷണ ഡാറ്റയും സംയോജിപ്പിക്കുകയാണ് ഇതില്‍ ചെയ്യുകയെന്ന് മാപ്പ് മൈ ഇന്ത്യ സി.ഇ.ഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ റോഹന്‍ വെര്‍മ പറഞ്ഞു. 

ആത്മനിര്‍ഭര്‍ ഭാരത് ലക്ഷ്യത്തിലേക്കുള്ള ഏറ്റവും സുപ്രധാനമായ നാഴികക്കല്ലാണ് ഈ സഹകരണം. മാപ്പുകള്‍, ഗതിനിര്‍ണയം, ജിയോസ്‌പേഷ്യല്‍ സേവനങ്ങള്‍ എന്നിവയ്ക്കായി ഇന്ത്യക്കാര്‍ വിദേശ സംഘടനകളെ ആശ്രയിക്കേണ്ടതില്ല. പകരം ഇന്ത്യന്‍ നിര്‍മിത പരിഹാരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താവുന്നതാണ് വെര്‍മ പറഞ്ഞു.  

ഐഎസ്ആര്‍ഒയുടെ ഭൗമ നിരീക്ഷണ ഡാറ്റ, ഗതിനിര്‍ണയ ഉപഗ്രഹ ശൃംഖലയായ നാവിക്, വെബ് സര്‍വീസസ്, മാപ്പ് മൈ ഇന്ത്യയില്‍ ലഭ്യമായ ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫെയ്‌സുകള്‍, ഐഎസ്ആര്‍ഒയുടെ ഭൗമനീരീക്ഷണ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പോര്‍ട്ടലായ ഭുവന്‍ (BHUVAN), വിഷ്വലൈസേഷന്‍ ഓഫ് എര്‍ത്ത് ഓബ്‌സര്‍വേഷന്‍ ഡാറ്റ ആന്റ് ആര്‍ക്കൈവല്‍ സിസ്റ്റം അഥവാ വേദാസ് (VEDAS), മെറ്റിയറോളജിക്കല്‍ ആന്റ് ഓഷ്യനോഗ്രഫിക് സാറ്റലൈറ്റ് ഡാറ്റ ആര്‍ക്കൈവല്‍ സെന്റര്‍ അഥവാ മോസ്ഡാക് (MOSDAC) തുടങ്ങിയവയെ സംയോജിതമായാണ് ഇന്ത്യന്‍ നിര്‍മിത ഗതിനിര്‍ണയ സേവനത്തിനായി പ്രയോജനപ്പെടുത്തുക. 

തദ്ദേശീയമായി ഉല്‍പ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുകയും അതിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും കയറ്റുമതി വര്‍ധിപ്പിക്കുകയും ചെയ്യുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്ന പരിപാടിയാണ് ആത്മനിര്‍ഭര്‍ ഭാരത്. 

ഇന്ത്യയില്‍ വ്യാപകമായി ഉപയോഗത്തിലിരിക്കുന്ന ഗൂഗിള്‍ മാപ്പ്‌സ് നാസയുടെ ജി.പി.എസ് അധിഷ്ടിതമായാണ് പ്രവര്‍ത്തിക്കുന്നത്. ജി.പി.എസിന് സമാനമായ ഇന്ത്യന്‍ സംവിധാനമാണ് നാവിക്.

Content Highlights: ISRO MapmyIndia join hands to take on Google Maps, Google Earth