ചെന്നൈ : ഐ.എസ്.ആര്‍.ഒ.യുടെ ഭൗമനിരീക്ഷണ (റിമോട്ട് സെന്‍സിങ് ) ഉപഗ്രഹശ്രേണിയിലെ ഒമ്പതാമത്തേതായ കാര്‍ട്ടോസാറ്റ് - 3ന്റെ വിക്ഷേപണം വിജയം. രാവിലെ 9.28-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് പി.എസ്.എല്‍.വി. സി-47 റോക്കറ്റിലായിരുന്നു വിക്ഷേപണം. അമേരിക്കയുടെ 13 നാനോ ഉപഗ്രഹങ്ങളെയും കാര്‍ട്ടോസാറ്റിനൊപ്പം വിക്ഷേപിച്ചിട്ടുണ്ട്. 27 മിനിറ്റിനുള്ളില്‍ 14 ഉപഗ്രഹങ്ങളെയാണ് റോക്കറ്റ് ഭ്രമണ പഥത്തിലെത്തിച്ചത്. 

വിദൂരസംവേദന ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ്-3ന് 1625 കിലോഗ്രാം ആണ് ഭാരം. കാലാവധി അഞ്ച് വര്‍ഷം. നഗരാസൂത്രണം, ഗ്രാമീണ അടിസ്ഥാനസൗകര്യ വികസനം, തീരദേശ ഭൂവിനിയോഗം, ഭൂവിസ്തൃതി, ദുരന്തനിവാരണം തുടങ്ങിയ മേഖലകളില്‍ മെച്ചപ്പെട്ട വിവര ശേഖരണമാണ് ഉപഗ്രഹത്തിന്റെ ദൗത്യങ്ങള്‍.  

509 കിലോമീറ്റര്‍ ഉയരെനിന്ന് 97.5 ഡിഗ്രി ചെരിവില്‍ ഭൂസ്ഥിര ഭ്രമണപഥത്തില്‍ ഭൂമിയെ വലംവെക്കുന്ന ഉപഗ്രഹത്തില്‍ അത്യാധുനിക ക്യാമറ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. 

Content Highlights: ISRO Cartostat 3 satellite successfully launched