ഇന്ത്യൻ റീജ്യണൽനാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ഐആർഎൻഎസ്എസ് ) വേൾഡ് വൈഡ് റേഡിയോ നാവിഗേഷൻ സിസ്റ്റത്തിന്റെ ഭാഗമാവുന്നു. ഇന്റർനാഷണൽ മാരിറ്റൈം ഓർഗനൈസേഷന്റെ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ഐആർഎൻഎസ്എസിന്റെ പിന്തുണ ലഭിക്കുക.

ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം (ജിപിഎസ്), ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ഗ്ലോനാസ്) എന്നിവയ്ക്ക് സമാനമായി ചരക്ക് കപ്പലുകളുടെ ഇന്ത്യൻ മഹാസമുദ്രത്തിലെ ഗതിനിർണയത്തിന് ഐആർഎൻഎസ്എസ് നൽകുന്ന വിവരങ്ങൾ ഉപയോഗപ്പെടുത്താനാവും. ഇന്ത്യൻ അതിർത്തിയിൽ നിന്നും 1500 കിലോമീറ്റർ ദൂരപരിധിയിലാണ് ഐആർഎൻഎസ്എസ് പിന്തുണ നൽകുക.

നവംബർ നാല് മുതൽ 11 വരെ നടന്ന ഇന്റർനാഷണൽ മാരിറ്റൈം ഓർഗനൈസേഷന്റെ മാരിറ്റൈം സേഫ്റ്റി കമ്മറ്റിയുടെ യോഗമാണ് വേൾഡ് വൈഡ് റേഡിയോ നാവിഗേഷൻ സംവിധാനത്തിന്റെ ഭാഗമാവാൻ ഐആർഎൻഎസ്എഎസിന് അംഗീകാരം നൽകിയത് എന്ന് തുറമുഖ ഷിപ്പിങ് ജലപാതാ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു. ഇത് മന്ത്രാലയത്തിന്റേയും, ഷിപ്പിങ് ഡയറക്ടർ ജനറലിന്റേയും, ഐഎസ്ആർഒയുടേയും നേട്ടമാണെന്നും പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യയുടെ സ്വതന്ത്രമായി വികസിപ്പിച്ച പ്രാദേശിക ഗതിനിർണയ ഉപഗ്രഹ ശൃംഖലയാണ് ഐആർഎൻഎസ്എസ്.


Content Highlights;IRNSS now part of world wide radio navigation system