പുതിയ ആപ്പിള്‍ ഉത്പന്നങ്ങളുടെ അവതരണം ആരംഭിച്ചു. ആപ്പിള്‍ മേധാവി ടിം കുക്കാണ് പുത്തന്‍ ഉത്പന്നങ്ങളെ പരിചയപ്പെടുത്തുന്നത്. പതിവ് പോലെ ഒരു കൂട്ടം പുതിയ ഉത്പന്നങ്ങളാണ് ഇത്തവണയും പ്രതീക്ഷിക്കപ്പെടുന്നത്. ഐഫോണിന്റെ അടുത്ത പതിപ്പായ ഐഫോണ്‍ 13 പരമ്പരയാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഒപ്പം ആപ്പിള്‍ വാച്ച് സീരീസ് 7, പരിഷ്‌കരിച്ച എയര്‍പോഡുകള്‍ എന്നിവയും ഇന്ന് പ്രതീക്ഷിക്കാം. 

ആപ്പിളിന്റെ അവതരണ പരിപാടി തത്സമയം കാണാം

വലിയ രീതിയിലുള്ള മാറ്റങ്ങളൊന്നും ഇത്തവണ ഐഫോണിലുണ്ടാവില്ല എന്നാണ് കരുതുന്നത്. ഐഫോണ്‍ 12 പരമ്പരയുടെ തുടര്‍ച്ചയെന്നോണം ചില ചെറിയ പരിഷ്‌കാരങ്ങളുമായാവും ഫോണ്‍ എത്തുക. ഡിസൈനിലുള്ള ചെറിയ മാറ്റങ്ങള്‍, പുതിയ ബയോണിക് പ്രൊസസര്‍ ചിപ്പ്, മെച്ചപ്പെടുത്തിയ നൈറ്റ് മോഡ് എന്നിവ അതിലുണ്ടാവാം.

ഐഫോണില്‍ പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍

ഐഫോണ്‍ 12-മായുള്ള സാമ്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെയായിരിക്കും ഐഫോണ്‍ 13-ഉം അവതരിപ്പിക്കുക. ഡിസ്പ്ലേ നോച്ചിലാണ് പ്രത്യക്ഷമായ മാറ്റം പ്രതീക്ഷിക്കുന്നത്. ഇത് ഐഫോണ്‍ 12 നേക്കാള്‍ വലിപ്പം കുറച്ചേക്കും. 5.4 ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള ഐഫോണ്‍ 13 മിനി, 6.1 ഇഞ്ച് വലിപ്പമുള്ള ഐഫോണ്‍ 13 റെഗുലര്‍, 6.1 ഇഞ്ച് തന്നെ വലിപ്പമുള്ള ഐഫോണ്‍ 13 പ്രോ, 6.7 ഇഞ്ച് വലിപ്പമുള്ള ഐഫോണ്‍ 13 പ്രോ മാക്സ്. എന്നിങ്ങനെ നാല് മോഡലുകള്‍ ഐഫോണ്‍ 13-ന് ഉണ്ടാവും. പുതിയ നിറങ്ങളിലുള്ള ഫോണുകള്‍ പ്രതീക്ഷിക്കാം. ഒപ്പം മെച്ചപ്പെട്ട ക്യാമറ ഫീച്ചറുകളും അവതരിപ്പിച്ചേക്കും. 

ആപ്പിള്‍ വാച്ച് സീരീസ് 7

ദൃശ്യപരമായി നിരവധി മാറ്റങ്ങളാണ് ആപ്പിള്‍ വാച്ച് സീരീസ് 7 ല്‍ പ്രതീക്ഷിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന റൗണ്ട് ഡെ്ജ് ഡിസൈന് പകരം പുതിയ ഫ്ളാറ്റ് എഡ്ജ് സ്‌ക്രീന്‍ ആണ് ഇതില്‍ പ്രധാനം. ഐഫോണ്‍ 12 ന് സമാനമായ ക്രമീകരണമായിരിക്കും ഇത്. സ്‌ക്രീന്‍ വലിപ്പം 40 എംഎം, 44 എംഎം എന്നിവയില്‍ നിന്നും 41 എംഎം ആയും 45 എംഎം ആയും വര്‍ധിപ്പിക്കും. പുതിയ ഹെല്‍ത്ത് ഫീച്ചറുകളും വാച്ചില്‍ പ്രതീക്ഷിക്കുന്നുണ്ട്. 

പുതിയ എയര്‍പോഡുകള്‍

ഡിസൈനിലായിരിക്കും വലിയ മാറ്റങ്ങളുണ്ടാവാന്‍ സാധ്യത. ഹെഡ്സെറ്റ് സ്റ്റെമ്മിന്റെ നീളം കുറച്ചേക്കാം. വയര്‍ലെസ് ചാര്‍ജിങ് സൗകര്യവും ഉള്‍പ്പെടുത്തിയേക്കും. 

content highlights: iPhone 13 launch today