ന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പോവാനും ഭാരമില്ലാത്ത അവസ്ഥ അനുഭവിക്കാനും ബഹിരാകാശ നിലയത്തിനുള്ളിലൂടെ ഭാരമില്ലാതെ പറക്കാനുമെല്ലാം ചിലപ്പോഴെങ്കിലും നിങ്ങള്‍ ആഗ്രഹിച്ചിട്ടുണ്ടോ? എങ്കില്‍ ഇപ്പോള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിയുന്ന ഫ്രാന്‍സില്‍ നിന്നുള്ള ബഹിരാകാശസഞ്ചാരി തോമസ് പെസ്‌ക്വേറ്റ് പങ്കുവെച്ച വീഡിയോ നിങ്ങള്‍ക്കൊരു പുതിയ അനുഭവമാകും. 

ഒരു 360-ഡിഗ്രീ ക്യാമറ ഉപയോഗിച്ച് പകര്‍ത്തിയ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ബഹിരാകാശ നിലയത്തിലെ നോഡ് 3 മോഡ്യൂളിലൂടെ യൂറോപ്പിന്റെ കൊളംബസ് ലബോറട്ടറിയിലേക്കുള്ള സഞ്ചാരമാണ്. ട്രാന്‍ക്വിലിറ്റി എന്നും അറിയപ്പെടുന്ന ഈ മോഡ്യൂളിന്റെ ഉള്‍വശം അതിനുള്ളിലെന്ന പോലെ കണ്ടറിയാന്‍ ഈ വീഡിയോയിലൂടെ സാധിക്കും. ഓരോ തവണ കാണുമ്പോഴും വീഡിയോയില്‍ പുതിയതെന്തെങ്കിലും കാണാം. 

കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി ഭൂമിയില്‍ നിന്നും 400 ലേറെ കിലോമീറ്റര്‍ ഉയരത്തില്‍ ഭൂമിയെ വലം വെച്ചുകൊണ്ടിരിക്കുകയാണ് ബഹിരാകാശ നിലയം. നാസയും മറ്റ് രാജ്യങ്ങളും തമ്മിലുള്ള കരാര്‍ അവസാനിക്കുന്നതോടെ 2024 ല്‍ ബഹിരാകാശ നിലയം പ്രവര്‍ത്തനം അവസാനിപ്പിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാല്‍ 2030 വരെ കൂടി ഇത് പ്രവര്‍ത്തനം തുടരും. 

ഇത് രണ്ടാം തവണയാണ് തോമസ് പെസ്‌ക്വേറ്റ് ബഹിരാകാശ നിലയത്തിലെത്തുന്നത്. ആറ് മാസത്തെ ഉദ്യമം കഴിഞ്ഞ് താമസിയാതെ അദ്ദേഹം ഭൂമിയില്‍ തിരിച്ചെത്തും. 

സ്‌പേസ് സ്റ്റേഷന്‍ മോഡ്യൂളുകളിലെ കാഴ്ചകള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഒരു കൂട്ടം വീഡിയോകളാണ് അദ്ദേഹം അടുത്തിടെ പങ്കുവെച്ചത്. അതില്‍ ഭൂരിഭാഗവും 360 ക്യാമറ ഉപയോഗിച്ച് പകര്‍ത്തിയതാണ്. 

ബഹിരാകാശ നിലയത്തിന്റെ ഹൃദയമെന്നറിയപ്പെടുന്ന ഡെസ്റ്റിനി മോഡ്യൂള്, കൊളംബസ് എന്നറിയപ്പെടുന്ന നോഡ് 2, ട്രാന്‍ക്വിലിറ്റി എന്നറിയപ്പെടുന്ന നോട് 3, ഏറ്റവും പുതിയതായി കൂട്ടിച്ചേര്‍ത്ത നൗക മോഡ്യൂള്‍ എന്നിവയെല്ലാം ഇദ്ദേഹം തന്റെ വീഡിയോകളിലൂടെ പരിചയപ്പെടുത്തിത്തരുന്നു. കൂടാതെ നിരവധി ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

Content Highlights: international space station 360 degree videos from modules