എ.ടി.എം. മെഷീന്‍, കയോസ്‌കുകള്‍, പി.ഒ.എസ്. (പോയിന്റ് ഓഫ് സെയ്ല്‍) സംവിധാനങ്ങള്‍ എന്നിവയില്‍ ഉപയോക്താക്കളുടെ മുഖം തിരിച്ചറിയാന്‍ സഹായിക്കുന്ന റിയല്‍ സെന്‍സ് 3ഡി ക്യാമറ അവതരിപ്പിച്ച് ചിപ്പ് നിര്‍മാതാക്കളായ ഇന്റല്‍.
ഉപയോക്താക്കള്‍ക്ക് ഒറ്റനോട്ടത്തില്‍ തന്നെ അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കുന്ന വളരെ ലളിതവും കൃത്യതയുള്ളതുമായ സാങ്കേതിക വിദ്യയാണ് റിയല്‍സെന്‍സ് ഐ.ഡിയെന്ന് ഇന്റല്‍ പറയുന്നു.
ഉപയോക്താക്കള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്ന സുരക്ഷിതമായ ഫേഷ്യല്‍ ഒതന്റിക്കേഷന്‍ പ്ലാറ്റ്‌ഫോം നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്ത ന്യൂറല്‍ നെറ്റ്വര്‍ക്കും ഹാര്‍ഡ്വെയറും സോഫ്റ്റ്വെയറും ഇന്റല്‍ റിയല്‍ സെന്‍സ് ഐ.ഡിയില്‍ സംയോജിപ്പിച്ചിരിക്കുന്നുവെന്ന് ഇന്റല്‍ കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റായ സാഗി ബെന്‍ മോഷെ പറഞ്ഞു.
രോമവളര്‍ച്ച, കണ്ണട പോലെ ആളുകളുടെ മുഖത്തില്‍ വരുന്ന മാറ്റങ്ങള്‍ തിരിച്ചറിയാന്‍ റയില്‍ സെന്‍സ് ഐ.ഡിയ്ക്ക് സാധിക്കും. വിവിധ പ്രകാശ സാഹചര്യങ്ങളിലും, ഉയരം, ശരീരപ്രകൃതി എന്നിവയ്ക്കനുസരിച്ചും ഇത് പ്രവര്‍ത്തിക്കും.
സാമ്പത്തികം, ആരോഗ്യപരിപാലനം, സ്മാര്‍ട് പ്രവേശന നിയന്ത്രണം എന്നീ മേഖലകളില്‍ കമ്പനികള്‍ക്ക് ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താം.
ഫോട്ടോഗ്രാഫുകള്‍, വീഡിയോകള്‍, മുഖംമൂടികള്‍ എന്നിവ ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളില്‍നിന്ന് സംരക്ഷണം നല്‍കുന്ന ആന്റി സ്പൂഫിങ് സാങ്കേതിക വിദ്യയും റിയല്‍ സെന്‍സ് ഐ.ഡിയിലുണ്ട്.
Content Highlights: Intel unveils on-device face recognition tech for ATMs kiosks