ഇന്‍സ്റ്റാഗ്രാമിലൂടെ കൂടുതല്‍ വരുമാനമുണ്ടാക്കാനുള്ള ശ്രമങ്ങളിലാണ് മാതൃസ്ഥാപനമായ ഫെയ്‌സ്ബുക്ക്. അതിന്റെ ഭാഗമായി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്കൊപ്പമുള്ള അടിക്കുറിപ്പില്‍ ലിങ്കുകള്‍ പങ്കുവെക്കുന്നതിന് പണമീടാക്കുന്ന കാര്യം കമ്പനി പരിഗണിക്കുന്നുണ്ടെന്നാണ് ഇന്‍സ്റ്റാഗ്രാമിന്റെ പേറ്റന്റ് അപേക്ഷയിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. 

ഇതില്‍ കാപ്ഷനില്‍ യുആര്‍എല്‍ ചേര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ തുറന്നുവരുന്ന പോപ്പ് അപ്പ് സന്ദേശം കാണിക്കുന്നു. ലിങ്ക് ചേര്‍ക്കുന്നതിന് രണ്ട് ഡോളര്‍ നല്‍കാന്‍ തയ്യാറുണ്ടോ എന്ന സന്ദേശമാണ് പോപ്പ് അപ്പ് വിന്‍ഡോയിലുള്ളത്. 

ഉപയോക്താവ് നല്‍കുന്ന അടിക്കുറിപ്പില്‍ യുആര്‍എല്‍ ഉള്‍പ്പെടുന്നുണ്ടെങ്കില്‍ അത് ലിങ്കാക്കി മാറ്റുന്നതിന് നിശ്ചിത തുക ആവശ്യപ്പെട്ടുകൊണ്ട് സിസ്റ്റം നിര്‍ദേശം നല്‍കും. 

നിലവില്‍ ഇന്‍സ്റ്റാഗ്രാം  പോസ്റ്റുകള്‍ക്കൊപ്പം ലിങ്കുകള്‍ നല്‍കാന്‍ സാധിക്കുകയില്ല. ലിങ്ക് ടെക്സ്റ്റ് നല്‍കിയാലും അതില്‍ ഹൈപ്പര്‍ലിങ്ക് വരില്ല. ഇന്‍സ്റ്റാഗ്രാം വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ഇത്. 

ഇക്കാരണം കണ്ട് അവരില്‍ പലരും ബയോ (Bio)യിലാണ് ലിങ്കുകള്‍ നല്‍കാറുള്ളത്. വെരിഫൈഡ് ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് അവരുടെ സ്‌റ്റോറീസിനൊപ്പം ലിങ്ക് ചേര്‍ക്കാന്‍ സാധിക്കും. 

എന്നാല്‍ പോസ്റ്റുകള്‍ക്കൊപ്പം ലിങ്കുകള്‍ ചേര്‍ക്കുന്നതിന് പണം നല്‍കാന്‍ ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളും, ബ്രാന്‍ഡുകളും, മറ്റ് ഉപയോക്താക്കളും തയ്യാറാവുമോ എന്ന് കണ്ടറിയണം. 

അതേസമയം പേറ്റന്റ് അപേക്ഷയില്‍ പരാമര്‍ശിക്കുന്ന ഫീച്ചറുകളും സേവനങ്ങളും എല്ലായിപ്പോഴും യാഥാര്‍ത്ഥ്യമാവണം എന്നില്ല. അതുകൊണ്ടു തന്നെ ഈ ഫീച്ചര്‍ എന്നെത്തുമെന്ന് പറയാന്‍ കഴിയില്ല.

Content Highlights: Instagramplanning to charge a fee to put links in captions