ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്കായി ഒരു 'പാരന്റ് ഗൈഡ്' പുറത്തിറക്കി കമ്പനി. പ്ലാറ്റ്‌ഫോമില്‍ കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയാണിത്. ഇന്‍സ്റ്റാഗ്രാമില്‍ ലഭ്യമായ സുരക്ഷാ ഫീച്ചറുകളെ കുറിച്ച് മാതാപിതാക്കളെ ബോധവാന്മാരാക്കാനും അതുവഴി കുട്ടികളെ സുരക്ഷിതരായിരിക്കാന്‍ സഹായിക്കുകയുമാണ് ലക്ഷ്യം.
'ഇന്റര്‍നെറ്റ് നമ്മുടെ ജീവിതത്തിലേക്ക് ആഴ്‌നിറങ്ങുകയാണ്. പ്രത്യേകിച്ചും യുവാക്കളിലേക്ക്. മാറിവരുന്ന ഡിജിറ്റല്‍ ഇടത്തിനനുസരിച്ച് രക്ഷിതാക്കളും പ്രാപ്തരാകാന്‍ ആഗ്രഹിക്കുന്നു.' ഇന്‍സ്റ്റാഗ്രാം ഇന്ത്യയുടെ പബ്ലിക് പോളിസി ആന്റ് കമ്മ്യൂണിറ്റി ഒട്ട്‌റീച്ച് മാനേജര്‍ താര ബേഡി പറഞ്ഞു.
ഒരു പ്ലാറ്റ്‌ഫോം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസിലാക്കാനും ക്രിയാത്മക ആവിഷ്‌കാരത്തിനുള്ള അവസരങ്ങള്‍ കുട്ടികള്‍ക്ക് പ്രയോജനപ്പെടുത്താനും ഒപ്പം അവര്‍ക്ക് ലഭ്യമായ സുരക്ഷാ ടൂളുകളെ കുറിച്ച് അറിയാനും രക്ഷിതാക്കള്‍ ആഗ്രഹിക്കുന്നുവെന്നും ബേഡി പറഞ്ഞു.
വിവിധ രാജ്യങ്ങളില്‍ ഇത് ലഭ്യമാവും. മാറിവരുന്ന ഡിജിറ്റല്‍ ഇടത്തെ കുറിച്ച് രക്ഷിതാക്കള്‍ക്ക് ധാരണ നല്‍കാന്‍ ഇന്‍സ്റ്റഗ്രാമിന്റെ പാരന്റ്‌സ് ഗൈഡിലൂടെ സാധിക്കും. ഇന്‍സ്റ്റാഗ്രാമിലെ പുതിയ അപ്‌ഡേറ്റുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഗൈഡിലുണ്ട്.
ഇതില്‍ സെന്റര്‍ ഫോര്‍ സോഷ്യല്‍ റിസര്‍ച്ച്, സൈബര്‍ പീസ് ഫൗണ്ടേഷന്‍, ആരംഭ് ഇന്ത്യ ഇനിഷ്യേറ്റീവ്, യങ് ലീഡേഴ്‌സ് ഫോര്‍ ആക്റ്റിവിറ്റി സിറ്റിസന്‍ ഷിപ്പ്, ഇറ്റ്‌സ് ഓകെ റ്റു ടോക്ക്, സൂയ്‌സൈഡ് പ്രിവന്‍ഷന്‍ ഇന്ത്യ ഫൗണ്ടേഷന്‍ തുടങ്ങി കുട്ടികളുടെ സുരക്ഷയ്ക്കും അവകാശങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പങ്കാളിത്തവും ഈ പാരന്റ്‌സ് ഗൈഡിലുണ്ട്.
Content Highlights: Instagram launches 'Parents Guide' for young people's safety