ഐജിടിവി എന്ന പേര് ഇന്‍സ്റ്റാഗ്രാം ഉപേക്ഷിക്കുന്നു. ഐജിടിവിയേയും ന്യൂസ് ഫീഡ് വീഡിയോകളേയും പുതിയ 'ഇന്‍സ്റ്റാഗ്രാം വീഡിയോ' എന്ന പേരില്‍ ഒന്നിപ്പിക്കാനാണ് ഇന്‍സ്റ്റാഗ്രാമിന്റെ പദ്ധതി. ഇതിനായി ഉപഭോക്താവിന്റെ പ്രൊഫൈലില്‍ പുതിയ വീഡിയോ ടാബ് അവതരിപ്പിക്കും. 

ദൈര്‍ഘ്യമുള്ള വീഡിയോകള്‍ക്കായി 2018ല്‍ ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ച പ്രത്യേക ആപ്ലിക്കേഷനാണ് ഐജിടിവി. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ ന്യൂസ് ഫീഡിലും ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ളവ ഐജിടിവിയിലും നല്‍കുക എന്നതായിരുന്നു കമ്പനിയുടെ പദ്ധതി. ഐജിടിവിയ്ക്ക് വേണ്ടി പ്രത്യേകം ആപ്ലിക്കേഷനും ഉണ്ട്. യൂട്യൂബിനോട് മത്സരിക്കുക എന്നതായിരുന്നു ലക്ഷ്യങ്ങളിലൊന്ന്. 

2020 ൽ റീൽസ് കൂടി അവതരിപ്പിച്ചതോടെ ഇൻസ്റ്റാഗ്രാമിൽ ന്യൂസ് ഫീഡ് വീഡിയോ, റീൽസ് വീഡിയോ, ഐജിടിവി വീഡിയോ എന്നിങ്ങനെ  മൂന്ന് തരം വീഡിയോ ഫോർമാറ്റുകൾ സൃഷ്ടിക്കപ്പെട്ടു. ഈ രീതി ഒഴിവാക്കുന്നതിനും ഉള്ളടക്കങ്ങളെ ഒറ്റ പ്ലാറ്റ് ഫോമിലേക്ക് കേന്ദ്രീകരിക്കുന്നതിനുമാണ് പുതിയ നീക്കം. ഇതുവഴി ന്യൂസ് ഫീഡ് വീഡിയോയും ഐജിടിവിയും ഒന്നിപ്പിക്കും. ചെറുവീഡിയോകൾ മുതൽ ദൈർഘ്യമേറിയ വീഡിയോകൾ വരെ ന്യൂസ് ഫീഡിൽ പങ്കുവെക്കാനാവും. അതേസമയം തന്നെ റീൽസ് പ്രത്യേക വിഭാഗമായി തുടരും. 

ടിക് ടോക്കുമായി മത്സരിക്കുന്നതിന്റെ ഭാഗമായാണ് ഇൻസ്റ്റാഗ്രാം റീൽസ് സേവനം തുടങ്ങുന്നത്. ഇതിന്റെ വരവോടെ ഫോട്ടോ ഷെയറിങ് ആപ്പ് എന്ന നിലയിൽ നിന്ന് മാറി വീഡിയോ ആപ്പ് ആയി മാറാനുള്ള ശ്രമത്തിലാണ് കമ്പനി. 

അതേസമയം ഐജിടിവി ആപ്പിനെ ഇന്‍സ്റ്റാഗ്രാം ടിവി ആപ്പ് എന്ന് പേര് മാറ്റുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

ഇൻസ്റ്റാഗ്രാമിലെ വീഡിയോ ഉള്ളടക്കങ്ങളി‍ൽ നിന്നും പരസ്യ വരുമാനം നേടാനുള്ള ശ്രമത്തിലാണ് കമ്പനി. ഇതിനായി വീഡിയോ ക്രിയേറ്റർമാർക്ക് പരമാവധി പ്രോത്സാഹനം നൽകുമെന്നാണ് പ്രഖ്യാപനം. അവരും വർഷം മുതൽ ഇൻസ്റ്റാഗ്രാമിലെ വീഡിയോ ക്രിയേറ്റർമാർക്ക് പ്രതിഫലം നൽകുമെന്നാണ് ഫെയ്സ്ബുക്കിന്റെ പ്രഖ്യാപനം.