ന്യൂഡല്‍ഹി: പത്രങ്ങളിലെ വാര്‍ത്തകളും മറ്റ് ഉള്ളടക്കങ്ങളും ഉപയോഗിക്കുന്നതിന് പ്രതിഫലം നല്‍കണമെന്ന് ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റി(ഐ.എന്‍.എസ്.) ആഗോള സെര്‍ച്ച് എന്‍ജിനായ ഗൂഗിളിനോട് ആവശ്യപ്പെട്ടു. പരസ്യവരുമാനം ശരിയായവിധത്തില്‍ പത്രങ്ങളുമായി പങ്കുവെക്കണമെന്നും രാജ്യത്തെ പത്രങ്ങളുടെ ഐക്യവേദിയായ ഐ.എന്‍.എസിന്റെ പ്രസിഡന്റ് എല്‍. ആദിമൂലം ഗൂഗിളിന്റെ ഇന്ത്യ മാനേജര്‍ സഞ്ജയ് ഗുപ്തയ്ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

എഡിറ്റോറിയല്‍ ഉള്ളടക്കങ്ങള്‍ക്കുള്ള പ്രതിഫലവും പരസ്യവരുമാനത്തിന്റെ പങ്കും വേണമെന്ന് ലോകമെമ്പാടുമുള്ള പ്രസാധകര്‍ ഒരുവര്‍ഷമായി ഗൂഗിളിനോട് ആവശ്യപ്പെടുന്നുണ്ട്. ഫ്രാന്‍സ്, യൂറോപ്യന്‍ യൂണിയന്‍, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ പ്രസാധകര്‍ക്ക് പ്രതിഫലം നല്‍കാന്‍ ഗൂഗിള്‍ ഈയിടെ തീരുമാനിച്ചത് ഐ.എന്‍.എസ്. ഓര്‍മിപ്പിച്ചു.

ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെക്കപ്പെടുന്ന വാര്‍ത്തകള്‍ക്ക് അതാത് സേവനങ്ങള്‍ പ്രതിഫലം നല്‍കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന് നിയമത്തിന് ഓസ്‌ട്രേലിയ അംഗീകാരം നല്‍കിയ പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ നിന്നും സമാനമായ ആവശ്യം ഉയരുന്നത്. ഇതിന്റെ ഭാഗമായി ഗൂഗിള്‍ ഓസ്‌ട്രേലിയന്‍ മാധ്യമസ്ഥാപനങ്ങളുമായി കരാറുകളിലേര്‍പ്പെടാന്‍ തുടങ്ങിയിരുന്നു. 

ഗുണനിലവാരമുള്ള പത്രപ്രവര്‍ത്തനം ചെലവേറിയത് 

ആയിരക്കണക്കിന് പത്രപ്രവര്‍ത്തകരെ നിയോഗിച്ചാണ് പത്രങ്ങള്‍ വാര്‍ത്തകള്‍ തയ്യാറാക്കുന്നതെന്ന് വാര്‍ത്തകള്‍ക്കും ഉള്ളടക്കത്തിനും പ്രതിഫലം നല്‍കണമെന്നാവശ്യപ്പെട്ട് ഗൂഗിളിനയച്ച കത്തില്‍ ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റി (ഐ.എന്‍.എസ്.) വ്യക്തമാക്കി. വാര്‍ത്ത ഉണ്ടാക്കുന്നതും നിജസ്ഥിതി ഉറപ്പാക്കുന്നതും ചെലവേറിയതാണ്. വാര്‍ത്തകള്‍ക്ക് ഉടമസ്ഥാവകാശവുമുണ്ട്. വിശ്വാസ്യതയുള്ള വാര്‍ത്താ ഉള്ളടക്കങ്ങളാണ് ഗൂഗിളിന് പ്രവര്‍ത്തനം തുടങ്ങിയകാലം മുതല്‍ ഇന്ത്യയില്‍ അംഗീകാരമുണ്ടാക്കിക്കൊടുത്തത്. വിശ്വസനീയ വാര്‍ത്തകള്‍, സമകാലിക വിഷയങ്ങള്‍, അപഗ്രഥനങ്ങള്‍, വിവരങ്ങള്‍, വിനോദം എന്നിവ അടങ്ങുന്ന ഗുണനിലവാരമുള്ള പത്രപ്രവര്‍ത്തനം മുഴുവനായിത്തന്നെ പ്രസാധകരില്‍നിന്ന് ഗൂഗിളിന് ലഭിക്കുന്നുണ്ട്. നിലവാരമുള്ള പ്രസിദ്ധീകരണങ്ങളുടെ എഡിറ്റോറിയല്‍ ഉള്ളടക്കങ്ങളും മറ്റു പ്ലാറ്റ്ഫോമുകളില്‍ വരുന്ന വ്യാജവാര്‍ത്തകളും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും ഐ.എന്‍.എസ്. ചൂണ്ടിക്കാട്ടി.

പത്രവ്യവസായത്തിന്റെ സാമ്പത്തിക നട്ടെല്ലാണ് പരസ്യങ്ങള്‍. എന്നാല്‍, പത്രങ്ങള്‍ക്കുള്ള പരസ്യത്തിന്റെ പങ്ക് ഡിജിറ്റല്‍ ലോകത്ത് ചുരുങ്ങിപ്പോവുകയാണ്. പരസ്യത്തിനു ചെലവഴിക്കുന്നതിന്റെ വലിയൊരു പങ്ക് ഇപ്പോള്‍ ലഭിക്കുന്നത് ഗൂഗിളിനുതന്നെയാണ്. അതുകഴിച്ച് ചെറിയൊരു പങ്കുമാത്രമേ പത്രപ്രസാധകര്‍ക്ക് ലഭിക്കുന്നുള്ളൂ. പ്രസാധകര്‍ക്കുള്ള പരസ്യവരുമാനം ഗൂഗിള്‍ 85 ശതമാനമായി വര്‍ധിപ്പിക്കുകയും പ്രസാധകര്‍ക്കു നല്‍കുന്ന റവന്യൂ റിപ്പോര്‍ട്ടിന് സുതാര്യത ഉറപ്പാക്കുകയും വേണം.

വ്യാജവാര്‍ത്തകള്‍ തടയാന്‍ രജിസ്റ്റര്‍ചെയ്യപ്പെട്ട പ്രസാധകരില്‍നിന്നുള്ള ഉള്ളടക്കങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് ഐ.എന്‍.എസ്. നേരത്തേ ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് വാര്‍ത്തകളുടെയും വിവരങ്ങളുടെയും വിശ്വസനീയമായ കേന്ദ്രം അച്ചടിമാധ്യമങ്ങളാണ്. എന്നാല്‍, മഹാമാരിയും നിലവിലെ ഡിജിറ്റല്‍ ബിസിനസും അച്ചടിമാധ്യമവ്യവസായത്തെ നിലനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാക്കിയിരിക്കയാണെന്ന് ഐ.എന്‍.എസ്. ചൂണ്ടിക്കാട്ടി.

Content Highlights: INS writes to Google demanding compensation for News