-
ചൈന ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളിലെ കമ്പനികള്‍ ഉടമസ്ഥരും സാമ്പത്തിക സഹായ ദാതാക്കളുമായ വാര്‍ത്താ വെബ്സൈറ്റുകളും വിവിധ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ സമാഹരിച്ച് ഉപയോക്താക്കളിലേക്ക് എത്തിക്കുന്ന ന്യൂസ് അഗ്രിഗേറ്റര്‍ ആപ്പുകളും നിരോധിക്കണം എന്നാണ് രാജ്യത്തെ പത്രമാധ്യമ കൂട്ടായ്മയായ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം നിലനില്‍ക്കെ രാജ്യസുരക്ഷ പ്രശ്നങ്ങള്‍ ഉയര്‍ത്തി 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച പശ്ചാത്തലത്തിലാണ് ഐഎന്‍എസ് പുതിയ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ആപ്പുകള്‍ നിരോധിക്കപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ വാര്‍ത്താ വെബ്സൈറ്റുകള്‍ക്ക് വിലക്ക് കല്‍പ്പിച്ചുകൊണ്ട് ചൈന രാജ്യത്ത് വിപിഎന്‍ കണക്ഷനുകള്‍ തടസപ്പെടുത്തിയിരുന്നു. ഇതില്‍ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയ ഐഎന്‍എസ് ഇതിനെതിരെ രാജ്യത്ത് ചൈനീസ് മാധ്യമങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു.

സംഘടനയുടെ ഈ ആവശ്യമാണ് കഴിഞ്ഞ ദിവസം ഔദ്യോഗികമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വാര്‍ത്താ വിതരണ മന്ത്രി പ്രകാശ് ജാവഡേക്കര്‍, ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് എന്നിവര്‍ക്ക് നല്കിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സ്വാധീനത്തിലാക്കാനുള്ള പിന്‍വാതില്‍ പ്രവേശനം
ചൈനീസ് കമ്പനികളും വിദേശ കമ്പനികളും ഇന്ത്യന്‍ മാധ്യമങ്ങളിലും ന്യൂസ് അഗ്രിഗേറ്റര്‍ സ്റ്റാര്‍ട്ട് അപ്പുകളിലും വ്യാപകമായി നിക്ഷേപം നടത്തുന്നുണ്ട്. ചില ന്യൂസ് ആപ്പുകളുടെ പേരുകളും ഐഎന്‍എസ് ചൂണ്ടിക്കാട്ടുന്നു.
നിരോധിത മൊബൈല്‍ ആപ്ലിക്കേഷനായ ടിക് ടോക്കിന്റെ മാതൃസ്ഥാപനമായ ബൈറ്റ്ഡാന്‍സിന്റെ വലിയൊരു നിക്ഷേപമുള്ള ഡെയ്ലി ഹണ്ട് . ടെന്‍സെന്റിന് വലിയ നിക്ഷേപമുള്ള ന്യൂസ് ഡോഗ്, ഹിന്ദി പോഡ്കാസ്റ്റ്, ഓഡിയോ ബുക്ക് ആപ്പ് ആയ പോക്കറ്റ് എഫ്എം, ടൈഗര്‍ ഗ്ലോബല്‍, റീബ്രൈറ്റ് പാര്‍ട്നേഴ്സ് ഉള്‍പ്പടെയുള്ള വിദേശ കമ്പനികളുടെ നിക്ഷേപമുള്ള ഇന്‍ഷോര്‍ട്ട് എന്നിവ അതില്‍ ചിലതാണ്.

ചൈനീസ് സോഷ്യല്‍ മീഡിയാ ആപ്പുകളുടെ നിരോധനം വിവേക പൂര്‍ണമായിരുന്നുവെന്നും എന്നാല്‍ ഇനിയും നിരവധിയെണ്ണം ബാക്കിയുണ്ട്. പൊതുജന നന്മയ്ക്കായി ചൈനീസ് പിന്തുണയുള്ള ന്യൂസ് അഗ്രഗേറ്റര്‍ സേവനങ്ങളും നിരോധിക്കണമെന്ന് ഐഎന്‍എസ് ആവശ്യപ്പെടുന്നു.
ഡെയ്ലി ഹണ്ടും ഇന്ഷോര്ട്ടും
ഇന്ത്യയിലെ മുന്‍നിര വാര്‍ത്താ അഗ്രിഗേറ്റര്‍ ആപ്പുകളാണിവ. ഡെയ്ലി ഹണ്ട് ഇന്ത്യന്‍ കമ്പനിയാണെങ്കിലും ചൈനീസ് കമ്പനിയാ ബൈറ്റ്ഡാന്‍സിന്റെ വലിയൊരു നിക്ഷേപം ഡെയ്ലി ഹണ്ടില്‍ ഉണ്ടെന്നാണ് ഐഎന്‍എസ് സര്‍ക്കാരിനയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നത്.
രാജ്യത്ത് ഏറെ പ്രചാരമുള്ള വാര്‍ത്താ അപ്ലിക്കേഷനാണ് ഡെയ്ലി ഹണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലുമുള്ള മുന്‍നിര വാര്‍ത്താ മാധ്യമങ്ങളില്‍ നിന്നുള്ള വാര്‍ത്തകളെല്ലാം ഡെയ്ലി ഹണ്ടില്‍ ലഭ്യമാണ്. അതുകൊണ്ടുതന്നെ ഡെയ്ലി ഹണ്ടിന് ഇന്ത്യയില്‍ പ്രചാരം ഏറെയാണ്.
ഇന്‍ ഷോര്‍ട്ടും സമാനമായ രീതിയില്‍ രാജ്യത്ത് പ്രചാരം നേടിയിട്ടുള്ള ആപ്ലിക്കേഷനാണ്.
ഇത്തരം സേവനങ്ങളിലെ വിദേശ നിക്ഷേപങ്ങള്‍ അവ സ്വാധീനിക്കപ്പെടാനുള്ള സാധ്യത തുറന്നിടുന്നുവെന്നാണ് ഐഎന്എസിന്റെ ആരോപണം. ഈ ഒരു സാധ്യത സര്‍ക്കാര്‍ കണക്കിലെടുത്താല്‍ ഡെയ്ലിഹണ്ടിനും സമാനമായ മറ്റ് വാര്‍ത്താ ആപ്പുകള്‍ക്കും വെബ്സൈറ്റുകള്‍ക്കും നടപടി നേരിടേണ്ടി വന്നേക്കും.
Content Highlights: INS letter to ban chinese funded apps lik daiyhunt inshort
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..