അനുരാഗ് ഠാക്കൂർ | Photo: പി.ടി.ഐ.
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വാതുവെപ്പ് പ്രചരിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് അച്ചടി, ഇലക്ട്രോണിക്, ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശം. ഇത്തരത്തിലുള്ള നിരവധി പരസ്യങ്ങള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതായി ശ്രദ്ധില്‍ പെട്ടതോടെയാണ് നിര്‍ദേശം പുറപ്പെടുവിച്ചത്.
''രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും നിയമവിരുദ്ധമായ വാതുവെപ്പും ചൂതാട്ടവും, ഉപഭോക്താക്കള്‍ക്ക്, പ്രത്യേകിച്ച് യുവാക്കള്‍ക്കും കുട്ടികള്‍ക്കും കാര്യമായ സാമൂഹിക-സാമ്പത്തിക അപകടസാധ്യതകള്‍ ഉണ്ടാക്കുന്നുണ്ട്. വലിയതോതില്‍ നിരോധിക്കപ്പെട്ട ഈ പ്രവര്‍ത്തനത്തെ ഓണ്‍ലൈന്‍ വാതുവെപ്പ് സംബന്ധിച്ച ഈ പരസ്യങ്ങള്‍ ഫലത്തില്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഓണ്‍ലൈന്‍ വാതുവെപ്പ് പരസ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നവയാണ്. കൂടാതെ 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമം , 1995 ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് റെഗുലേഷന്‍ ആക്റ്റ് എന്നിവയ്ക്ക് കീഴിലുള്ള കീഴിലുള്ള പരസ്യ കോഡ്, 1978 ലെ പ്രസ് കൗണ്‍സില്‍ ആക്റ്റ് അനുസരിച്ച് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പുറത്തിറക്കിയ പത്രപ്രവര്‍ത്തന പെരുമാറ്റ മാനദണ്ഡങ്ങള്‍ക്ക് കീഴിലുള്ള പരസ്യ മാനദണ്ഡങ്ങള്‍ എന്നിവയുമായി അവ പൊരുത്തപ്പെടുന്നതല്ലെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജ്യത്തെ മാധ്യമങ്ങളെല്ലാം ഓണ്‍ലൈന്‍ വാതുവെപ്പ് പരസ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന നിര്‍ദേശം മന്ത്രാലയം നല്‍കിയിരിക്കുന്നത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും, പരസ്യ വിതരണക്കാരും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ അത്തരം പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
2020 ഡിസംബര്‍ 4-ന് രാജ്യത്തെ സ്വകാര്യ ടിവി ചാനലുകള്‍ ഓണ്‍ലൈന്‍ ഗെയിമിങിന്റെ പരസ്യങ്ങളില്‍ അഡ്വര്‍ട്ടൈസിങ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. അതില്‍ അച്ചടി പരസ്യങ്ങള്‍ ഓഡിയോ വിഷ്വല്‍ പരസ്യങ്ങള്‍ എന്നിവയില്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതും എന്തെല്ലാമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..