മസോണ്‍ പ്രൈം, നെറ്റ്ഫ്‌ളിക്‌സ് പോലെയുള്ള പ്രിയപ്പെട്ട സ്ട്രീമിങ് സേവനങ്ങളുടെ സബ്‌സ്‌ക്രിപ്ഷന്‍ കൂടെയുണ്ടങ്കില്‍ മൊബൈല്‍, ബ്രോഡ്ബാന്റ് കണക്ഷനുകള്‍ക്ക് കൂടുതല്‍ പണം നല്‍കാന്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കള്‍ തയ്യാറെന്ന് സര്‍വേ. 44 ശതമാനം മൊബൈല്‍ ബ്രോഡ്ബാന്റ് സബ്‌സ്‌ക്രൈബര്‍മാരും ഉയര്‍ന്ന താരിഫ് പ്ലാനുകള്‍ക്ക് വേണ്ടി പണം ചെലവഴിക്കുന്നവരാണ്. ഈ പ്ലാനുകള്‍ക്കൊപ്പം വീഡിയോ സ്ട്രീമിങ് സേവനങ്ങളുടെ സബ്‌സ്‌ക്രിപ്ഷന്‍ ഒപ്പം ലഭിക്കുന്നതാണ് ഇതിന് കാരണമെന്ന് ഓവം-അംഡോക്‌സ് (Ovum-Amdocs) സര്‍വേ പറയുന്നു. 

സ്ട്രീമിങ് സേവനങ്ങളുടെ സബ്‌സ്‌ക്രിപ്ഷനും മൊബൈല്‍, ബ്രോഡ്ബാന്റ് കണക്ഷനുകളും തമ്മിലുള്ള ബന്ധത്തിന് ആഴമേറുകയാണ്. 47 ശതമാനം ആളുകളും അവരുടെ മൊബൈല്‍ കണക്ഷനൊപ്പം പ്രിയപ്പെട്ട വീഡിയോ സ്ട്രീമിങ് സേവനങ്ങളുടെ സബ്‌സ്‌ക്രിപ്ഷനുണ്ടെങ്കില്‍ ആ കണക്ഷനുകളില്‍ നിന്നും മാറാന്‍ തയ്യാറല്ല. നിലവിലുള്ള ടെലികോം സേവന ദാതാവ് ഓടിടി വീഡിയോ സബ്‌സ്‌ക്രിപ്ഷന്‍ തരുന്നില്ലെങ്കില്‍ ആ കണക്ഷനുകള്‍ ഒഴിവാക്കാന്‍ 30 ശതമാനം ആളുകള്‍ തയ്യാറാണ് എന്ന് സര്‍വേ ഫലം പറയുന്നു. 

നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം, ഹോട്ട്‌സ്റ്റാര്‍, സോണി ലൈവ്, വൂട്ട്, സീ5, ഇറോസ് നൗ തുടങ്ങി യ സ്ട്രീമിങ് സേവനങ്ങളാണ് ഇന്ത്യന്‍ വിപണിയില്‍ മുന്നിലുള്ളത്. 

ഓഫറുകളോ വിലക്കിഴിവുകളോ എന്തെങ്കിലും നല്‍കിയാല്‍ മൊബൈല്‍ ബില്ലുകള്‍ക്കൊപ്പം ഈ സേവനങ്ങള്‍ക്ക് കൂടി പണം നല്‍കാന്‍ 50 ശതമാനം പേരും തയ്യാറാണ്. 

ഇന്ത്യ, ഓസ്‌ട്രേലിയ, സിങ്കപ്പൂര്‍, ഫിലിപ്പീന്‍സ്, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നായി 4000 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇതില്‍ പകുതി പേരും ഇന്ത്യയില്‍ നിന്നുള്ളവരാണ്. 

സര്‍വേ റിപ്പോര്‍ട്ട് അനുസരിച്ച് ഒന്നിലധികം സ്ട്രീമിങ് സേവനങ്ങള്‍ ഒരേസമയം സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇന്ത്യക്കാര്‍ തയ്യാറാണ്. 

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രിപ്ഷനുള്ളത് സോണി ലൈവിനാണ് തൊട്ടുപിന്നാലെ വൂട്ട്, സീ 5, ആമസോണ്‍ പ്രൈം എന്നിവയാണുള്ളത്. വോഡഫോണ്‍ ഐഡിയയുടെയും എയര്‍ടെലിന്റേയും പ്ലാനുകള്‍ക്കൊപ്പം നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം, സീ5 സബ്‌സ്‌ക്രിപ്ഷനും നല്‍കുന്നുണ്ട്. ഇതിനെ കൂടാതെ സ്വന്തം സ്ട്രീമിങ് സേവനങ്ങളും കമ്പനികള്‍ ആരംഭിച്ചിട്ടുണ്ട്. ജിയോ സിനിമ, എയര്‍ടെല്‍ എക്‌സ്ട്രീം, വോഡഫോണ്‍ പ്ലേ പോലുള്ള സേവനങ്ങള്‍ അതിനുദാഹരണങ്ങളാണ്.

Content Highlights: indians ready to pay more money for mobile connections if they bundle Netflix And More