Photo: Gettyimages
ന്യൂഡല്‍ഹി: ഗൂഗിളിനെതിരെ വീണ്ടും പരാതിയുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുടെ കൂട്ടായ്മയായ ആദിഫും ടിന്റര്‍ ആപ്പിന്റെ ഉടമയായ മാച്ച് ഗ്രൂപ്പും കോമ്പറ്റീഷന്‍ കമ്മീഷനെ സമീപിച്ചു. ഇന്‍-ആപ്പ് പണമിടപാടുകള്‍ക്ക് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന സര്‍വീസ് ഫീസുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നാണ് ആവശ്യം. ഇന്‍ ആപ്പ് ഇടപാടുകളുമായി ബന്ധപ്പെട്ട കോമ്പറ്റീഷന്‍ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ഗൂഗിള്‍ പുതിയ സര്‍വീസ് ഫീസ് ഏര്‍പ്പെടുത്തിയതെന്ന് കമ്പനികള്‍ ആരോപിക്കുന്നു.
ആന്‍ഡ്രോയിഡ് ആപ്പുകള്‍ക്കുള്ളിലെ പണമിടപാടുകള്‍ക്ക് 'ഗൂഗിള്‍ പ്ലേ ബില്ലിങ് സംവിധാനം' തന്നെ ഉപയോഗിക്കണം എന്ന് നിര്‍ബന്ധിക്കുന്നതിനെതിരെ ഇന്ത്യയിലെ സ്റ്റാര്‍ട്ട് അപ്പുകളും മറ്റ് കമ്പനികളും മുമ്പ് കോമ്പറ്റീഷന്‍ കമ്മീഷന് പരാതി നല്‍കിയിരുന്നു. ഈ കേസില്‍ ഗൂഗിളിനെതിരായി വിധിയെഴുതിയ കമ്മീഷന്‍ കഴിഞ്ഞ വര്‍ഷം ഗൂഗിളിന് വന്‍തുക പിഴ ശിക്ഷ വിധിക്കുകയും ചെയ്തു. തങ്ങളുടെ തന്നെ പണമിടപാട് സംവിധാനം ഉപയോഗിക്കണം എന്ന് നിര്‍ബന്ധിക്കുന്നതിനൊപ്പം ഇടപാടുകളുടെ 15 മുതല്‍ 30 ശതമാനം വരെ ഫീസായും ആവശ്യപ്പെട്ടതാണ് അന്ന് കമ്പനികള്‍ ഗൂഗിളിനെതിരെ തിരിയാന്‍ കാരണം. കേസില്‍ 936 കോടിയോളം രൂപ ഗൂഗിളിന് പിഴ നല്‍കേണ്ടി വന്നു.
ഈ കേസിനെ തുടര്‍ന്ന് തേഡ് പാര്‍ട്ടി പണമിടപാട് സേവനങ്ങള്‍ക്ക് അനുമതി നല്‍കിയ ഗൂഗിള്‍ യൂസര്‍ ചോയ്‌സ് ബില്ലിങ് (യുസിബി) എന്നൊരു പുതിയ സംവിധാനം ആരംഭിച്ചു. ഇന്‍ ആപ്പ് ഉള്ളടക്കങ്ങള്‍ക്ക് ഗൂഗിളിന്റെ പണമിടപാട് സംവിധാനങ്ങള്‍ക്കൊപ്പം മറ്റ് സേവനങ്ങള്‍ക്കും ഇതില്‍ അനുമതി നല്‍കി.
എന്നാല്‍ ഈ സൗകര്യം ഒരുക്കിയതിന് ശേഷം സര്‍വീസ് ചാര്‍ജ് എന്ന പേരില്‍ പുതിയൊരു ഫീസ് ഗൂഗിള്‍ ഏര്‍പ്പെടുത്തിയെന്ന് ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുടെ കൂട്ടായ്മയായ ആദിഫ് (ADIF) ആരോപിക്കുന്നു. ഇതുവഴി മറ്റ് സേവനദാതാക്കള്‍ക്ക് 3 ശതമാനം വരെയും ഗൂഗിളിന് 11 ശതമാനം മുതല്‍ 26 ശതമാനം വരെയും പണം നല്‍കേണ്ടതായി വരുന്നുവെന്നും ആദിഫ് പറയുന്നു. പേടിഎം, ഷെയര്‍ ചാറ്റ് ഉള്‍പ്പടെയുള്ള കമ്പനികള്‍ അംഗമായ കൂട്ടായ്മയാണ് ആദിഫ്.
സര്‍വീസ് ഫീസ് ഈടാക്കുന്നതില്‍ നിന്ന് ഗൂഗിളിനെ തടയണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് ടിന്റര്‍ ഉടമ മാര്‍ച്ച് 21 ന് കോമ്പറ്റീഷന്‍ കമ്മീഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.
അതേസമയം, ഗൂഗിള്‍ പ്ലേ ആപ്പ് സ്റ്റോറിന് വേണ്ടിയും ആന്‍ഡ്രോയിഡ് ഓഎസിന് വേണ്ടിയുമുള്ള ചിലവുകള്‍ക്ക് പിന്തുണയായാണ് സര്‍വീസ് ഫീസ് ഈടാക്കുന്നത് എന്നാണ് ഗൂഗിള്‍ മുമ്പ് നല്‍കിയ വിശദീകരണം എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights: Indian startups and match group ask antitrust probe against google
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..