ന്ത്യയില്‍ ബഹിരാകാശ സാങ്കേതികവിദ്യയുടെ വികാസം ലക്ഷ്യമിട്ടു കൊണ്ടുള്ള സ്വകാര്യ കമ്പനികളുടെ കൂട്ടായ്മയായ ഇന്ത്യന്‍ സ്‌പേസ് അസോസിയേഷന് (ഐഎസ്പിഎ) തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. വണ്‍ വെബ്, ഭാരതി എയര്‍ടെല്‍, മാപ്പ്‌മൈ ഇന്ത്യ, വാല്‍ചന്ദ്‌നഗര്‍ ഇന്‍ഡസ്ട്രീസ്, ആനന്ദ് ടെക്‌നോളി പോലുള്ള കമ്പനികള്‍ അസോസിയേഷനില്‍ പങ്കാളികളാവും. 

ബഹിരാകാശ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട നയപരമായ വിഷയങ്ങളില്‍ ഐഎസ്പിഎ, ഐഎസ്ആര്‍ഓയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ഓണ്‍ലൈന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി ഇന്ത്യന്‍ സ്‌പേസ് അസോസിയേഷന് തുടക്കമിട്ടത്. 

ബഹിരാകാശ ഗവേഷണ വ്യവസായരംഗത്ത് സ്വകാര്യ മേഖലയ്ക്ക് വേണ്ട സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഐഎസ്ആര്‍ഓയുടെ സൗകര്യങ്ങളും സ്വകാര്യമേഖലയ്ക്ക് പ്രയോജനപ്പെടുത്താന്‍ തുടന്നുകൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

അമേരിക്കയില്‍ സ്‌പേസ് എക്‌സ്, ബ്ലൂ ഒറിജിന്‍, വിര്‍ജിന്‍ ഗാലക്ടിക് പോലുള്ള സ്വകാര്യ ബഹിരാകാശ കമ്പനികള്‍ക്ക് അവസരം ഒരുങ്ങിയത് പോലെ ഇന്ത്യയിലും ബഹിരാകാശ സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് സ്വകാര്യ കമ്പനികള്‍ക്കും നിക്ഷേപകര്‍ക്കും അവസരം ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമം. 

രാജ്യസുരക്ഷ, കാലാവസ്ഥ, പരിസ്ഥിതി, ഗതിനിര്‍ണയം, ദുരന്തനിവാരണം ഉള്‍പ്പടെ ബഹിരാകാശ സാങ്കേതികവിദ്യ പ്രയോഗത്തില്‍ വരുന്ന മേഖലകളില്‍ സ്വകാര്യ കമ്പനികള്‍ക്ക് ഐഎസ്ആര്‍ഓയുടെ സാങ്കേതിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനാവും. 

രാജ്യത്തിന്റെ ക്ഷേമത്തിന് ബഹിരാകാശ സാങ്കേതിക വിദ്യയ്ക്ക് പ്രധാന പങ്കുണ്ടെന്ന് മോദി പറഞ്ഞു. നൂതന ആശയങ്ങള്‍ അവതരിപ്പിക്കാന്‍ സ്വകാര്യ മേഖലയ്ക്ക് സമ്പൂര്‍ണ സ്വാതന്ത്ര്യം നല്‍കുക, അതിനുള്ള അവസരം കൊടുക്കുന്നരീതിയില്‍ പ്രവര്‍ത്തിക്കുക, ഭാവിയ്ക്ക് വേണ്ടി യുവാക്കളെ തയ്യാറാക്കുക എന്നിങ്ങനെയാണ് ഈ രംഗത്തെ സര്‍ക്കാരിന്റെ സമീപനമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ വിവിധ കമ്പനികളില്‍ നിന്നുള്ള പ്രതിനിധികള്‍ അവതരണ പരിപാടിയില്‍ പങ്കെടുത്തു.

Content Highlights: Indian Space Association Launched by prime minister narendra modi