മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ കൂ (Koo) വാര്‍ത്തകളില്‍ നിറയുകയാണ്. ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങളില്‍ കൂ ചര്‍ച്ചയായിക്കഴിഞ്ഞു. വിവിധ മന്ത്രാലയങ്ങള്‍ കൂ പ്ലാറ്റ്‌ഫോമിന്റെ ഭാഗമായിക്കഴിഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവില്‍ റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ ആണ് കൂ വില്‍ ചേര്‍ന്നതായി അറിയിച്ചത്. 

കര്‍ഷക പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു കൂട്ടം ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യത്തോട് ട്വിറ്റര്‍ വഴങ്ങാന്‍ തയ്യാറാവാതിരിക്കുന്ന സാഹചര്യത്തിലാണ് ട്വിറ്ററിന് പകരം ഉപയോഗിക്കാവുന്ന സേവനം എന്നനിലയില്‍  കൂ പ്ലാറ്റ് ഫോമിന്റെ  പ്രചാരണം ശക്തമാവുന്നത്. 

നിലവില്‍ ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയം, മൈ ഗവ്, ഡിജിറ്റല്‍ ഇന്ത്യ, ഇന്ത്യപോസ്റ്റ്, നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്റര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണകിസ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കോമണ്‍ സര്‍വീസസ് സെന്റര്‍, ഡിജി ലോക്കര്‍, നാഷണല്‍ ഇന്റര്‍നെറ്റ് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്റ് കസ്റ്റംസ് എന്നിവയ്ക്ക് കൂ വില്‍ വെരിഫൈഡ് അക്കൗണ്ടുകളുണ്ട്. 

പത്ത് മാസം മുമ്പാണ് കൂ പ്ലാറ്റ് ഫോം അവതരിപ്പിക്കപ്പെട്ടത്. ഇന്ത്യയുടെ ആത്മനിര്‍ഭര്‍ ഭാരത് ആപ്പ് ഇന്നൊവേഷന്‍ ചലഞ്ചിന്റെ ഭാഗമായാണ് കൂ വികസിപ്പിക്കപ്പെട്ടത്. മത്സരത്തിലെ സോഷ്യല്‍ വിഭാഗത്തില്‍ കൂ  രണ്ടാം സ്ഥാനം നേടുകയും ചെയ്തു. 

കഴിഞ്ഞ ഓഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കി ബാത്തിലും കൂ വിനെ പ്രശംസിക്കുകയുണ്ടായി. വിവിധ പ്രാദേശിക ഭാഷകള്‍ കൂവില്‍ ലഭ്യമാണ്. 

ട്വിറ്ററിന് സമാനമായാണ് കൂ പ്ലാറ്റ്‌ഫോമിന്റേയും രൂപകല്‍പന. ഇതില്‍ നമ്മള്‍ പങ്കുവെക്കുന്ന പോസ്റ്റിനെ കൂ എന്നാണ് വിൡക്കുക. റീട്വീറ്റിന് പകരമായി റീ കൂ എന്നും റീട്വീറ്റ് വിത്ത് കമന്റിന് പകരമായ റീ കൂ വിത്ത് കമന്റ് എന്നീ സൗകര്യവും കൂവിലുണ്ട്. ഫെയ്‌സ്ബുക്കിലെ ലൈക്ക് ബട്ടന് സമാനമാണ് കൂവിലെ ലൈക്ക് ബട്ടന്‍.

Content Highlights:indian microblogging platform Koo an alternative to twitter