ന്യൂഡല്‍ഹി: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം മുതലെടുക്കാനൊരുങ്ങി ഇന്ത്യ. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര ബന്ധം ഏറ്റവും അധികം ബാധിച്ചത് ഇരു രാജ്യങ്ങളിലുമായി പ്രവര്‍ത്തിച്ചുവരുന്ന വന്‍കിട സാങ്കേതികവിദ്യാ സ്ഥാപനങ്ങളെയാണ്. ആപ്പിള്‍, ഫോക്‌സ്‌കോണ്‍, വിസ്‌ട്രോണ്‍ പോലുള്ള കമ്പനികള്‍ അക്കൂട്ടത്തിലുണ്ട്. 

വ്യാപാര യുദ്ധത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും പരസ്പരമുള്ള ചരക്കുനീക്കം അവതാളത്തിലായിരിക്കുകയാണ്. ഇതാണ് കമ്പനികളെ വലയ്ക്കുന്നത്. ഗൂഗിള്‍ ഉള്‍പ്പടെയുള്ള അമേരിക്കന്‍ സ്ഥാപനങ്ങള്‍ ചൈനയിലെ വ്യവസായ ശാലകള്‍ അടച്ചുപൂട്ടി മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറുകയാണ്.

ഈ സാധ്യതയാണ് ഇന്ത്യ മുതലെടുക്കാന്‍ ആഗ്രഹിക്കുന്നത്. ഗൂഗിള്‍, ഫോക്‌സ്‌കോണ്‍, വിസ്‌ട്രോണ്‍ പോലെയുള്ള വന്‍കിട കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനുള്ള നയപരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് ഇന്ത്യ. 

ഇതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 14 ന് വിവിധ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നിരുന്നുവെന്നാണ് വിവരം. ഇലക്‌ട്രോണിക്‌സ്, ഓട്ടോമൊബൈല്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ടെലികോം എന്നിവയുള്‍പ്പടെ ഒമ്പത് മേഖലകള്‍ ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ നീക്കം. 

ഓഗസ്റ്റ് 26 നും സെപ്റ്റംബര്‍ അഞ്ചിനും ഇടയില്‍ ഇന്ത്യ കമ്പനി അധികൃതരുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയില്‍ നിക്ഷേപം നടത്താവുന്ന വിവിധ മേഖലകള്‍ അവര്‍ക്ക് നിര്‍ദേശിക്കും. സംസ്ഥാന ഭരണകൂടങ്ങളും ഇതില്‍ പങ്കാളികളാവും. 

ശേഷം നിക്ഷേപകര്‍ക്കായി മുന്നോട്ടുവെക്കുന്ന ഇന്‍സെന്റീവുകളും നയങ്ങളും ഇന്ത്യ കമ്പനികള്‍ക്ക് പരിചയപ്പെടുത്തും. ഇതിനായി പുതിയ ഇന്‍സെന്റീവ് പദ്ധതികള്‍ ഇന്ത്യ ആവിഷ്‌കരിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. 

അമേരിക്ക-ചൈന വ്യാപാര യുദ്ധം ഏറ്റവും കൂടുതല്‍ ബാധിച്ച വാഹന നിര്‍മാണ വ്യവസായരംഗത്തെയും ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഫോക്‌സ് വാഗണ്‍, ഹ്യൂണ്ടായ്, ഹോണ്ട, പോലുള്ള കമ്പനികളുമായി ഇന്ത്യന്‍ അധികൃതര്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്‌ഫോണ്‍ വിപണിയാണ് ഇന്ത്യ. ആപ്പിളിന് വേണ്ടി ഫോണുകള്‍ നിര്‍മിച്ച് നല്‍കുന്ന ഫോക്‌സ്‌കോണ്‍ പോലുള്ള കമ്പനികള്‍ ഇന്ത്യയില്‍ സ്വാധീനം ശക്തമാക്കിയിട്ടുണ്ടെങ്കിലും ചൈനയെ പോലുള്ള രാജ്യങ്ങളാണ് കംപ്യൂട്ടര്‍ സാങ്കേതിക വിദ്യാ രംഗത്ത് ഏറ്റവും കൂടുതല്‍ വിദഗ്ദ തൊഴിലാളികളെയും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുന്നന്ന് അവര്‍ പറയുന്നു.

അതേസമയം വിദേശ കമ്പനികളുമായി കൂടിക്കാഴ്ച ഒരുക്കാന്‍ വിവിധ രാജ്യങ്ങളിലെ കോണ്‍സുലേറ്റുകള്‍ക്ക് ഇന്ത്യ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

Content Highlights: indian government plans to gain from US-China Trade War