ന്യൂഡല്‍ഹി: ഇന്ത്യന്‍ കോവിഡ് വാക്‌സിന്‍ നിര്‍മാതാക്കളേയും, അധികൃതരേയും ലക്ഷ്യമിട്ട് വന്‍തോതില്‍ ഹാക്കിങ് ശ്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. ചൈനീസ്, റഷ്യന്‍ ഹാക്കര്‍മാരാണ് ഇതിന് പിന്നില്‍.

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക്ക്, പതഞ്ചലി, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) തുടങ്ങിയ സ്ഥാപനങ്ങളെയാണ് ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നതെന്ന് ഒരു രഹസ്യാന്വേഷണ സ്ഥാപനം റിപ്പോര്‍ട്ട് ചെയ്യുന്നു. 

15 ഓളം ഹാക്കിങ് കാമ്പയിനുകളാണ് ഇപ്പോള്‍ നടക്കുന്നത്. രോഗികളുടെ വിവരങ്ങള്‍, കോവിഡ്-19 വാക്‌സിന്‍ ഗവേഷണ വിവരങ്ങള്‍, ക്ലിനിക്കല്‍ പരീക്ഷണ വിവരങ്ങള്‍, വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയാണ് ഹാക്കര്‍മാര്‍ കൈക്കലാക്കാന്‍ ശ്രമിക്കുന്നത്. 

ഇന്ത്യയെ കൂടാതെ ജപ്പാന്‍, യുഎസ്, യുകെ, ഓസ്‌ട്രേലിയ, സ്‌പെയ്ന്‍, ഇറ്റലി, ജര്‍മനി തുടങ്ങിയ രാജ്യങ്ങളും ഹാക്കര്‍മാരുടെ നിരീക്ഷണ പരിധിയിലാണ്.

ഉത്തരകൊറിയന്‍ ഹാക്കര്‍മാരും കോവിഡ് ഗവേഷണ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടിറങ്ങിയിട്ടുണ്ടെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. അതിനിടെ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ കോവിഡ്-19 പഠനങ്ങള്‍ നടക്കുന്ന ലാബില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറുകയും ചെയ്തു

Content Highlights: Indian COVID-19 vaccine developers on radar of Chinese, Russian hackers