Photo: Gettyimages
അതി സങ്കീര്‍ണമാണ് ഇന്ത്യയിലെ ജാതിവ്യവസ്ഥ. വിവിധ ജാതികളും ഉപജാതികളുമൊക്കെയായി വര്‍ഷങ്ങളുടെ പഴക്കമുള്ള സാമൂഹിക വ്യവസ്ഥയെ വരുതിയിലാക്കാന്‍ ഇക്കാലമത്രയും ഇന്ത്യന്‍ ഭരണകൂടങ്ങള്‍ക്ക് പോലും സാധിച്ചിട്ടില്ല. ഇന്ത്യക്കാര്‍ക്കൊപ്പം ഇന്ത്യന്‍ സംസ്‌കാരിക മൂല്യങ്ങളും ശൈലികളുമെല്ലാം മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിക്കൊണ്ടിരിക്കുന്ന കാലമാണ്. അമേരിക്കയുള്‍പ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങളിലേക്ക് നിരവധി ഇന്ത്യക്കാരാണ് കുടിയേറിക്കൊണ്ടിരിക്കുന്നത്.
യുഎസിലെ തൊഴിലിടങ്ങളില്‍ ഇന്ത്യക്കാർക്കിടയിലെ ജാതി, കുടുംബപാരമ്പര്യ വ്യവസ്ഥകൾ കുഴപ്പങ്ങളുണ്ടാക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. ഉന്നത ജാതീയരായ മേലുദ്യോഗസ്ഥരില്‍ നിന്ന് ജാതി വിവേചനം നേരിടുന്നുണ്ടെന്ന് കാണിച്ച് ഇന്ത്യക്കാരനായ എഞ്ചിനീയര്‍ നല്‍കിയ പരാതിയില്‍ നെറ്റ് വര്‍ക്കിങ് കമ്പനിയായ സിസ്‌കോ ഇപ്പോള്‍ നിയമക്കുരുക്കിലാണ്. അമേരിക്കൻ വിവേചന നിയമങ്ങളിൽ ജാതി പ്രശ്നങ്ങൾ പരിഗണിക്കപ്പെടുന്നില്ല.
രാജ്യത്ത് ജാതിയതയെ വിലക്കുന്ന നിയമങ്ങളില്ലെങ്കിലും ജീവനക്കാര്‍ക്കിടയിലെ ജാതീയതയെ നിരോധിക്കാന്‍ കമ്പനി നയങ്ങളിലും പെരുമാറ്റ ചട്ടങ്ങളിലും പരിഷ്‌കാരം വരുത്തി മാതൃക കാണിച്ച സ്ഥാപനമാണ് ആപ്പിള്‍. ജാതി, മതം, ലിംഗഭേദം, പ്രായം, വംശപരമ്പര തുടങ്ങിയ നിലവിലുള്ള വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനം വ്യക്തമായി നിരോധിക്കുന്നതിനായി രണ്ട് വര്‍ഷം മുമ്പ് ജീവനക്കാരുടെ പെരുമാറ്റ നയം ആപ്പിള്‍ പരിഷ്‌കരിച്ചിരുന്നു. 2020 സെപ്റ്റംബര്‍ മുതല്‍ തൊഴിടത്തിലെ തുല്യ പരിഗണന, പീഡന വിരുദ്ധ വിഭാഗങ്ങളില്‍ ജാതിയെ കൂടി ആപ്പിള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.ആദ്യമായാണ് ഒരു അമേരിക്കന്‍ കമ്പനി ജാതിയത നിരോധിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്. ഇതിന് കാരണമായത് സിസ്‌കോയ്‌ക്കെതിരെയുള്ള കേസാണ്.
വിദേശ തൊഴിലാളികളില്‍ ഇന്ത്യക്കാര്‍ക്ക് ഭൂരിപക്ഷമുള്ള കമ്പനിയാണ് സിസ്‌കോ സിസ്റ്റംസ്. തന്റെ കരിയറിന് മേല്‍ ജാതിയില്‍ പെട്ട ഉദ്യോഗസ്ഥര്‍ തടസം നില്‍ക്കുന്നു എന്നാരോപിച്ചുകൊണ്ട് ഒരു ഇന്ത്യന്‍ എഞ്ചിനീയര്‍ നല്‍കിയ പരാതിയിലാണ് 2020 ല്‍ കാലിഫോര്‍ണിയയിലെ തൊഴില്‍ വകുപ്പ് കേസെടുത്തത്.
എന്നാല്‍ തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ല എന്നായിരുന്നു സിസ്‌കോ പ്രതികരിച്ചത്. കാലിഫോര്‍ണിയയില്‍ ജാതി എന്നത് ഒരു സംരക്ഷിത വിഭാഗം അല്ലാത്തതിനാല്‍ ഈ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും വിവേചനത്തിന്റെ തെളിവുകളൊന്നുമില്ലെന്നാണ് ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയതെന്നും കമ്പനി ചൂണ്ടിക്കാണിച്ചു.
എന്നാല്‍ ഈ കേസ് ഒത്തുതീര്‍പ്പാക്കാനുള്ള സിസ്‌കോയുടെ നീക്കം കാലിഫോര്‍ണിയ അപ്പീല്‍സ് കോടതി തടഞ്ഞു. അടുത്ത വര്‍ഷം തന്നെ ഈ കേസ് ഒരു പൊതുകോടതിയിലെത്തിയേക്കും.
തൊഴിലിടത്തിലെ ജാതി വിവേചനവുമായി ബന്ധപ്പെട്ട് നടക്കുന്ന ആദ്യ കേസാണിത്. ജാതി വ്യവസ്ഥയെയും കുടുംബ പാരമ്പര്യവും നോക്കിയുള്ള വര്‍ഷങ്ങളുടെ പഴക്കമുള്ള സംവിധാനത്തെ നേരിടാന്‍ വന്‍കിട അമേരിക്കന്‍ സാങ്കേതിക വിദ്യാ കമ്പനികളെ നിര്‍ബന്ധിതരാക്കിയത് ഈ കേസാണ്.
ഈ കേസിന്റെ വെളിച്ചത്തില്‍ അമേരിക്കന്‍ വിവേചന നിയമം പരിഷ്‌കരിക്കണം എന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകരും തൊഴിലാളി സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. ജാതിയതയെ തടയാന്‍ കമ്പനികള്‍ അവരുടെ നയങ്ങള്‍ പരിഷ്‌കരിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
മറ്റൊരു ടെക്ക് ഭീമനായ ഐബിഎമ്മും ജാതിയെ തങ്ങളുടെ നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിസ്‌കോയ്‌ക്കെതിരെ കേസ് വന്നതിന് ശേഷം തങ്ങളുടെ ആഗോള വിവേചന നിയമങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക നയങ്ങളും ഐബിഎം ചേര്‍ത്തിട്ടുണ്ട്.
അതേസമയം ആമസോണ്‍, ഡെല്‍, മെറ്റ, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ പോലുള്ള കമ്പനികള്‍ ജാതിയെ ആഗോള നയത്തില്‍ പ്രത്യേകമായി ഉള്‍പ്പെടുത്തിയിട്ടില്ലെന്നും റോയിട്ടേഴ്‌സ് പറയുന്നു.
Content Highlights: Indian caste hierarchy system us big tech companies facing new issues
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..