മോസ്കോ: ഗഗൻയാൻ ദൗത്യത്തിനായി ബഹിരാകാശ യാത്രയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട നാല് ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥർ റഷ്യയിൽ പരിശീലനം പൂർത്തിയാക്കി. ഗഗാറിൻ കോസ്‌മോനൊട്ട് ട്രെയിനിങ് സെന്ററിലായിരുന്നു ഒരുവർഷം നീണ്ടുനിന്ന പരിശീലനം നടന്നത്. ഒരു ഗ്രൂപ്പ് ക്യാപ്റ്റനും മൂന്ന് വിങ് കമാൻഡർമാരുമടക്കം നാല് തിരഞ്ഞെടുക്കപ്പെട്ട പൈലറ്റുമാരാണ് പരിശീലനം പൂർത്തിയാക്കിയത്. ഇന്ത്യൻ ബഹിരാകാശ കേന്ദ്രമായ ഐ.എസ്.ആർ.ഒയും റഷ്യൻ വിക്ഷേപണ സേവന ദാതാക്കളായ ഗ്ലാവ്‌കോസ്‌മോസും ജൂൺ 2019-ലാണ് വ്യോമസേനാ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിനുള്ള കരാറിലെത്തിച്ചേർന്നത്. 2020 ഫെബ്രുവരി 10-ന് പരിശീലനം ആരംഭിച്ചെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ പരിശീലനം നീളുകയായിരുന്നു.

റഷ്യയിലെ പരിശീലനം പൂർത്തിയാക്കിയ ശേഷം ഇവർക്ക് ഇന്ത്യയിൽ പ്രത്യേക പരിശീലനം നൽകുമെന്ന് ഐ.എസ്.ആർ.ഒ. നേരത്തേ വ്യക്തമാക്കിയിരുന്നു. ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി മനുഷ്യരെ സമീപകാലത്തുതന്നെ ബഹിരാകാശത്തേക്കയക്കുമെന്ന് കേന്ദ്ര ആണവോർജ ബഹിരാകാശ വകുപ്പുമന്ത്രി ജിതേന്ദ്ര സിങ് ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു.

2021 ഡിസംബറിൽ വിക്ഷേപണം നടത്താനാണു ലക്ഷ്യമിട്ടിരുന്നതെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ നീട്ടിയേക്കും. 2022 ഓഗസ്റ്റിൽ ഗഗൻയാൻ യാഥാർഥ്യമാകുമെന്നാണ് സൂചന. ദൗത്യം വിജയകരമായി പൂർത്തിയാക്കിയാൽ മനുഷ്യരെ ബഹിരാകാശത്തിലെത്തിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.