എംഎച്ച് 60 മൾടി റോൾ റോമിയോ സികോർസ്‌കി
300 കോടിഡോളറിന് രണ്ട് തരം പുത്തന്‍ ഹെലികോപ്റ്ററുകള്‍. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശന വേളയിലെ പ്രധാന കരാറുകളില്‍ ഒന്നായിരുന്നു ഇത്. അമേരിക്കയില്‍ നിന്ന് ഇന്ത്യന്‍ സേനയ്ക്ക് കരുത്ത് പകരാനെത്തുന്ന എംഎച്ച് 60 മള്‍ടി റോള്‍ റോമിയോ സികോര്‍സ്‌കി, എഎച്ച് 64ഇ അപ്പാച്ചെ എന്നീ ഹെലികോപ്റ്ററുകളുടെ പ്രത്യേകതകള്‍ കാണാം.
എംഎച്ച് 60 മള്‍ടി റോള്‍ റോമിയോ സികോര്‍സ്‌കി
ഇന്ത്യന്‍ നാവികസേനയുടെ തന്ത്രങ്ങളും പോരാട്ടശേഷിയും അറിഞ്ഞുപ്രവര്‍ത്തിക്കാന്‍ കെല്‍പുള്ളവന്‍. അമേരിക്കന്‍ കമ്പനിയായ സികോര്‍സ്‌കി നിര്‍മിച്ച ഈ ഹെലികോപ്റ്ററുകള്‍ ഐ.എന്‍.എസ് വിക്രമാദിത്യ വിമാനവാഹിനിയിലും മറ്റു യുദ്ധക്കപ്പലുകളിലുമായിരിക്കും വിന്യസിപ്പിക്കുക. ഇവക്ക് ശത്രുരാജ്യത്തിന്റെ കപ്പലിനെ ആക്രമിക്കാനും അന്തര്‍വാഹിനിയെ കൃത്യമായി കണ്ടെത്തി തകര്‍ക്കാനുമാകും. മള്‍ട്ടി റോള്‍ ഹെലികോപ്റ്ററുകളിലെ ഡങ്കിങ് സോണാറിലൂടെയാണ് അന്തര്‍വാഹിനികളുടെ സാന്നിധ്യം കൃത്യമായി ട്രാക്ക് ചെയ്യുക.
സാങ്കേതിക മികവില്‍ മുന്നിട്ടുനില്‍കുന്ന ഈ ഹെലികോപ്റ്ററുകള്‍ ആദ്യം കൈവശമാക്കിയത് അമേരിക്കന്‍ ആര്‍മിയാണ്. കരമാര്‍ഗമുള്ള പ്രതിരോധത്തിനു വേണ്ടി ഹെല്‍ഫയര്‍ മിസൈല്‍, കപ്പലിനെ ആക്രമിക്കാന്‍ നേവല്‍ സ്‌ട്രൈക്ക് മിസൈല്‍, മുങ്ങി കപ്പലിനെ നേരിടാന്‍ എംകെ 54 ടോര്‍പിഡോസ്, പ്രിസിഷന്‍ സ്‌ട്രൈിക്കിന് ലേസര്‍ ഗെയ്ഡഡ് റോക്കറ്റുകള്‍, മെഷീന്‍ ഗണ്ണുകള്‍ എന്നിവയാണ് ഹെലികോപ്റ്ററില്‍ ഉള്‍പ്പെടുത്തിരിക്കുന്നത്.

ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ചൈന,പാകിസ്താന്‍ അന്തര്‍വാഹിനി കപ്പലുകളുടെ ഭീഷണിയെ പ്രതിരോധിക്കാന്‍ ഈ ഹെലികോപ്റ്ററുകള്‍ ഉപയോഗപ്പെടുത്തും. ആദ്യമായാണ് ഒരു മള്‍ട്ടി റോള്‍ ഹെലികോപ്റ്റര്‍ ഇന്ത്യന്‍ നാവികസേന സ്വന്തമാക്കുന്നത്. നിലവില്‍ ഇന്ത്യ ഉപയോഗിക്കുന്ന ബ്രിട്ടീഷ് നിര്‍മിത സീ കിംഗ് ഹെലികോപ്ടറുകള്‍ക്ക് പകരമായിരിക്കും റോമിയോ സികോര്‍സ്‌കി ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കുക. 24 എണ്ണമാണ് ഇന്ത്യ സ്വന്തമാക്കുന്നത്. ആദ്യബാച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെത്തും.
എഎച്ച് 64ഇ അപ്പാച്ചെ
വ്യോമസേനയുടെ ഭാഗമായി ഇതിനോടകം കരുത്ത് തെളിയിച്ചവനാണ് എഎച്ച് 64ഇ അപ്പാച്ചെ. ഫൈളയിങ് ടാങ്ക് എന്ന് അറിയപ്പെടുന്ന ഈ ഹെലികോപ്റ്ററുകളുടെ ആറ് ഏറ്റവും പുതിയ മോഡലുകളാണ് ഇന്ത്യന്‍ ആര്‍മിക്കായി വാങ്ങുക. എന്താണ് അപ്പാച്ചെ ഹെലികോപ്ടറിന്റെ സവിശേഷത?
2009 ല്‍ താലിബാനിനെതിരെ അമേരിക്ക നടത്തിയ ഒരു മിലിട്ടറി ഓപറേഷന്റെ ദൃശ്യങ്ങളാണിവ. നിഴലുകള്‍ പോലെ കാണുന്ന രൂപങ്ങള്‍ താലിബാന്‍ ഭീകരരുടേതാണ്. ഇരുട്ടിന്റെ മറവില്‍ പൂര്‍ണ സൂരക്ഷിതരെന്ന് കരുതിയ ഇവരെ നിമിഷ നേരം കൊണ്ടാണ് ആര്‍മി ചാമ്പലാക്കിയത്. അപ്പാച്ചെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് ഈ പിന്‍ പോയിന്റ് ആക്രമണം നടത്തിയത്. അമേരിക്ക ഉള്‍പ്പെടെ 16 രാജ്യങ്ങളുടെ കൈവശമാണ് നിലവില്‍ അപ്പാച്ചെ ഹെലികോപ്റ്റര്‍ ഉള്ളത്.
എം. 20 ചിന്‍ഗണ്‍, ലേസര്‍ ഗയ്ഡഡ് ഹെല്‍ ഫയര്‍ മിസൈല്‍ തുടങ്ങി അത്യാധുനിക ആയുധശേഖരവും ഇന്ത്യ വാങ്ങുന്ന അപ്പാച്ചെയുടെ ഭാഗമാണ്്. എയര്‍ ടു എയര്‍ സ്റ്റിംങര്‍ മിസൈല്‍ അഥവാ ശത്രുവിമാനത്തിന്റെ എഞ്ചിന്‍ ലോക്ക് ചെയ്തു ആക്രമണം നടത്താന്‍ കഴിയുന്ന മിസൈലും അപ്പാച്ചെയുടെ ശക്തി വര്‍ധിപ്പിക്കുന്നു. കൂടാതെ എം.777 അള്‍ട്രാ ലൈറ്റ് ഹവിറ്റ്സര്‍ തോക്കുകള്‍ വാങ്ങാനും ഇന്ത്യ അമേരിക്കയുമായി ഉടമ്പടി വച്ചിട്ടുണ്ട്. ബൊഫോഴ്‌സ് തോക്കുകളില്‍ നിന്ന് വ്യത്യസ്തമായി വളരെയേറെ ഭാരം കുറവാണ് എന്നതാണ് ഇതിന്റെ പ്രത്യേകത. 2018 മുതല്‍ ഇന്ത്യന്‍ സേന ഇത്തരം തോക്കുകള്‍ വാങ്ങുന്നുണ്ട്. കൂടാതെ 72000 സിഗ് സ്വാ 716ജി 2 അസോള്‍ട്ട് റൈഫിളും അമേരിക്കയില്‍ നിന്ന് ഇന്ത്യന്‍ ആര്‍മി വാങ്ങികഴിഞ്ഞു.
നാവികസേനയുടെ ഡിസ്‌ട്രോയര്‍, ഫ്രിഗേറ്റ് എന്നി കപ്പലുകളില്‍ ഘടിപ്പിക്കുന്നതിനായി പതിമൂന്ന് എംകെ 45 തോക്കുകള്‍ അമേരിക്കയില്‍ നിന്ന് വാങ്ങാനും ഉദ്ദേശിക്കുന്നുണ്ട്. തലസ്ഥാനമായ ഡല്‍ഹിയെ ശത്രു മിസൈലില്‍ നിന്ന് സംരക്ഷിക്കാനായി നാസാംസ് 2 അല്ലെങ്കില്‍ നോര്‍വീജിയന്‍ അഡ്വാന്‍സ്ഡ് സര്‍ഫേസ് റ്റു എയര്‍ മിസൈല്‍ സിസ്റ്റം ഇന്ത്യ വാങ്ങുമെന്നും അമേരിക്ക പ്രതിക്ഷിക്കുന്നുണ്ട്. സി.ഗാര്‍ഡിയന്‍ ഡ്രോണ്‍ എന്ന പൈലറ്റ് രഹിത വിമാനങ്ങള്‍ 22 എണ്ണവും ഇന്ത്യ അമേരിക്കയില്‍ നിന്ന് സ്വന്തമാക്കും. അക്രമണത്തിന്ന് ഉപയോഗിക്കുന്ന 100 അവഞ്ചര്‍ ഡ്രോണുകള്‍ വാങ്ങാനും ഇന്ത്യ താല്‍പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..