ചെന്നൈ: ഇന്ത്യന്‍ സൈന്യത്തിന് ശക്തി പകരാനും രാജ്യത്തിന് സുരക്ഷയൊരുക്കാനുമായി ഇന്ത്യയുടെ പുതിയ നിരീക്ഷണ ഉപഗ്രഹം വിക്ഷേപണത്തിനൊരുങ്ങുന്നു. റിസാറ്റ്-2ബിആര്‍1 ആണ് ഡിസംബര്‍ 11 ന് വിക്ഷേപിക്കുക. ഐഎസ്ആര്‍ഒയുടെ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പിഎസ്എല്‍വി) റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. 

ഡിസംബര്‍ 11 ന് വൈകീട്ട് 3.25 നായിരിക്കും വിക്ഷേപണം പിഎസ്എല്‍വി-സി48 റോക്കറ്റ് ആവും ഇതിനായി ഉപയോഗിക്കുക എന്നാണ് വിവരം. 628 കിലോഗ്രാം ഭാരമുള്ള ഒരു റഡാര്‍ ഇമേജിങ് എര്‍ത്ത് ഒബ്‌സര്‍വേഷന്‍ സാറ്റലൈറ്റ് ആണ് റിസാറ്റ്-2ബിആര്‍ 1. ഒപ്പം ഒമ്പത് വിദേശ ഉപഗ്രഹങ്ങളും വിക്ഷേപിക്കും. ഇതില്‍ അമേരിക്കയുടെ അഞ്ച് കൃത്രിമ ഉപഗ്രഹങ്ങളും, ഇസ്രായേല്‍, ഇറ്റലി, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ ഉപഗ്രഹങ്ങളും ഉള്‍പ്പെടുന്നു. 

പിഎസ്എല്‍വി-ക്യുഎല്‍ വേരിയന്റ് റോക്കറ്റ് ആയിരിക്കും ഈ ഉപഗ്രഹങ്ങള്‍ വഹിക്കുക എന്നാണ ഐഎസ്ആര്‍ഒ നല്‍കുന്ന വിവരം. നാല് മോട്ടോറുകളാണ് ഈ റോക്കറ്റിനുണ്ടാവുക. പിഎസ്എല്‍വി-ക്യുഎല്‍ പതിപ്പിന്റെ രണ്ടാമത്തെ വിക്ഷേപണം ആണ് ഡിസംബര്‍ 11 ന് നടക്കുക.

വിക്ഷേപിച്ച് 16 മിനിറ്റിന് ശേഷം റിസാറ്റ്-2ബിആര്‍1 പുറത്തുവിടും. അത് കഴിഞ്ഞ് ഒരു മിനിറ്റിന് ശേഷം വിദേശ ഉപഗ്രഹങ്ങള്‍ പുറത്തുവിട്ടു തുടങ്ങും. 21 മിനിറ്റിനുള്ളില്‍ വിക്ഷേപണ ദൗത്യം പൂര്‍ത്തിയാവും. 

ഇതുവരെ 310 വിദേശ ഉപഗ്രഹങ്ങളാണ്  ഐഎസ്ആര്‍ഒ ഭ്രമണപഥത്തില്‍ എത്തിച്ചിട്ടുള്ളത്. ഡിസംബര്‍ 11 ലെ വിക്ഷേപണം പൂര്‍ത്തിയാകുന്നതോടെ ഇത് 319 ആവും.

Content Highlights: india to launch new spy satellite with other nine foreign satellites