ന്യൂഡല്‍ഹി:  ടിക്ടോക്ക് ഉള്‍പ്പടെ 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം സ്ഥിരമാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഇലക്ട്രോണിക്‌സ് ഐടി മന്ത്രാലയത്തിന്റെ ആപ്പുകള്‍ക്ക് നോട്ടീസ് നല്‍കിയതായി റിപ്പോര്‍ട്ട്. 

ജൂണില്‍ നിരോധനം പ്രഖ്യാപിച്ചെങ്കിലും നിയമാനുസൃതമായുള്ള സ്വകാര്യത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ ഈ ആപ്പുകള്‍ക്ക് അവസരം നല്‍കിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഈ ആപ്പുകള്‍ നല്‍കിയ വിശദീകരണത്തില്‍ സര്‍ക്കാര്‍ സംതൃപ്തരായില്ല. ഇതോടെയാണ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ തീരുമാനം സ്ഥിരമാക്കാനുള്ള നടപടികള്‍ തുടങ്ങിയത്. 

ജൂണില്‍ ടിക്ടോക്ക് ഉള്‍പ്പടെയുള്ള 59 ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ സെപ്റ്റംബറില്‍ പബ്ജി മൊബൈല്‍ ഉള്‍പ്പടെ 118 ആപ്പുകള്‍ കൂടി നിരോധിച്ചിരുന്നു.  ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷങ്ങളില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ വലിയ സ്വാധീനമുണ്ടാക്കിയ ചൈനീസ് ആപ്പുകളെ നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ അപ്രതീക്ഷിത ഉത്തരവിറക്കിയത്. 

Content Highlights: India to impose permanent ban on Tiktok and 58 other Chinese apps