ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക് ഉൽപ്പന്നങ്ങളൾക്കുമേൽ ക്വാളിറ്റി ക്ലിയറൻസ് നിയന്ത്രണങ്ങൾ ഇന്ത്യ ശക്തമാക്കിയതോടെ കഴിഞ്ഞമാസം ആപ്പിളിന്റെ പുതിയ ഐഫോൺ മോഡലുകളുടെ ഇറക്കുമതി മന്ദഗതിയിലായി. ഷാവോമി പോലുള്ള മറ്റ് ചൈനീസ് കമ്പനികളുടെ ഉൽപന്നങ്ങളുടെ ഇറക്കുമതിയും നിർത്തിവെച്ചിരിക്കുകയാണ്.

ക്വാളിറ്റി കൺട്രോൾ ഏജൻസിയായ ഇന്ത്യൻ സ്റ്റാന്റാർഡ്സ് ബ്യൂറോയിലേക്കുള്ള(ബിഐഎസ് ) അപേക്ഷകളിൽ സാധാരണ നിലയിൽ 15 ദിവസം കൊണ്ട് നടപടിയാവാറുണ്ട്. എന്നാൽ ഇപ്പോൾ ചിലതിന് രണ്ട് മാസമോ അതിലധികമോ വേണ്ടിവരുന്നുണ്ട്.

ജൂണിൽ 20 ഇന്ത്യൻ സൈനികരുടെ മരണത്തിനിടയാക്കിയ ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന് ശേഷമാണ് ചൈനീസ് നിർമിതമായ സ്മാർട്ഫോണുകൾ, സ്മാർട് വാച്ചുകൾ, ലാപ്പ്ടോപ്പുകൾ എന്നിവയുടെ ഇറക്കുമതിക്ക് അംഗീകാരം നൽകുന്നതിൽ കാലതാമസം വരുത്താൻ ബിഐഎസ് തുടങ്ങിയത്.

സംഘർഷത്തിന് പിന്നാലെ ചൈനയിൽ നിന്നുള്ള നിക്ഷേപങ്ങൾക്ക് ഇന്ത്യ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ടെൻസെന്റ്, അലിബാബ, ബൈറ്റ്ഡാൻസ് പോലുള്ള കമ്പനികളിൽ നിന്നുൾപ്പടെയുള്ള നൂറുകണക്കിന് ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾക്ക് നിരോധനം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

ഐഫോൺ 12 ഇറക്കുമതി വൈകിയതിനെ തുടർന്ന് നടപടികൾ വേഗത്തിലാക്കാൻ ബിഐഎസ് അധികൃതരോട് ആപ്പിൾ ഇന്ത്യ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നുണ്ട്. ഇറക്കുമതി ചെയ്യുന്നതിന് പകരം ഇന്ത്യയിൽ നിന്ന് ഫോണുകൾ അസംബിൾ ചെയ്യുന്നത് വർധിപ്പിക്കാമെന്നും അവർ ഉറപ്പുനൽകുന്നു. നിലവിൽ ചില ഐഫോൺ മോഡലുകൾ ഇന്ത്യയിൽ വെച്ച് സംയോജിപ്പിക്കുന്നുണ്ടെങ്കിലും പുതിയ ഐഫോൺ 12 മോഡലുകൾ ചൈനയിൽ നിർമിച്ചാണ് ഇറക്കുമതി ചെയ്യുന്നത്.

ബുധനാഴ്ച വരെ ലാപ്ടോപ്പുകൾ, ടാബ് ലെറ്റുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾക്കുള്ള 1080 അപേക്ഷകൾ ബാക്കിയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഇതിൽ 669 എണ്ണം 20 ദിവസത്തിലേറെയായി അംഗീകാരത്തിന് കാത്തുകിടക്കുകയാണ്.

Content Highlights:India tighten quality clearance controls hit Chinese made apple iphone Xiaomi devices