ഡിജിറ്റല്‍ ഇന്ത്യ എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിക്കുമ്പോഴും കഴിഞ്ഞ വര്‍ഷം ലോകത്തില്‍ ഏറ്റവുമധികം തവണ ഇന്റര്‍നെറ്റ് വിച്ഛേദിച്ചത് ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. യു.എസിലെ ആക്‌സസ് നൗ ഗ്രൂപ്പിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ലോകത്തിലെ 29 രാജ്യങ്ങളിലായി 155 ഇന്റര്‍നെറ്റ് ബ്ലാക്കൗട്ട് റിപ്പോര്‍ട്ട് ചെയ്തതില്‍ 109 എണ്ണവും ഇന്ത്യയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇന്ത്യയില്‍ അരങ്ങേറിയ പല പ്രക്ഷോഭങ്ങളുടെയും ഭാഗമായാണ് പലപ്പോഴും ഇന്റര്‍നെറ്റ് ബ്ലാക്ക്ഔട്ട് റിപ്പോര്‍ട്ട് ചെയ്തത്. പൗരത്വ ഭേദഗതി നിയമത്തെ ചൊല്ലിയുള്ള പ്രക്ഷോഭം, കര്‍ഷക പ്രക്ഷോഭം എന്നിവയുടെ പേരിലാണ് കഴിഞ്ഞ വര്‍ഷം പ്രധാനമായും ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്. അതേസമയം, കാശ്മീരില്‍ 2019-ല്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് അടുത്തിടെയാണ് പിന്‍വലിച്ചത്. 

കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ 400-ല്‍ അധികം തവണ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിട്ടുണ്ടെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇതില്‍ കഴിഞ്ഞ വര്‍ഷം മാത്രം 83 തവണ ഷട്ട് ഡൗണുകള്‍ ഉണ്ടായിട്ടുണ്ട്. ഈ ഇനത്തില്‍ ഒരു മണിക്കൂറിന് നഷ്ടമാകുന്നത് ഏകദേശം രണ്ട് കോടി രൂപയാണ്. ഈ വര്‍ഷം ആരംഭിച്ച് മൂന്ന് മാസത്തിനുള്ളില്‍ പത്തോളം തവണ ഇന്റര്‍നെറ്റ് കണക്ഷന്‍ ഒഴിവാക്കിയിട്ടുണ്ടെന്നാണ് വിവരം. 

ഏറ്റവുമധികം ദിവസം ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ ഉണ്ടായിട്ടുള്ളതും ഇന്ത്യയില്‍ തന്നെയാണ്. ആര്‍ട്ടിക്കിള്‍ 370-നെ തുടര്‍ന്ന് കാശ്മീരില്‍ 223 ദിവസത്തേക്കാണ് ഇന്റര്‍നെറ്റ് കണക്ഷന്‍ റദ്ദാക്കിയത്. 2019 ഓഗസ്റ്റ് നാലിനും 2020 മാര്‍ച്ച് നാലിനുമിടയിലായിരുന്നു ഇന്റര്‍നെറ്റ് വിലക്കിയത്. അതുകൊണ്ടുതന്നെ ഇന്റര്‍നെറ്റ് ഷട്ട്ഡൗണിനെ തുടര്‍ന്ന് ഏറ്റവും വലിയ നഷ്ടമുണ്ടായിട്ടുള്ളതും ജമ്മു-കാശ്മീരില്‍ തന്നെയാണ്. 

സംസ്ഥാനങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഇന്റര്‍നെറ്റ് നിരോധിച്ചിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ കേരളം ഏറെ മുന്നിലാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തില്‍ ഇന്റര്‍നെറ്റ് തടസപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളില്ല. ഡിജിറ്റല്‍ ഇന്ത്യ എന്ന് പറയുമ്പോഴും ഇപ്പോഴും ഇന്റര്‍നെറ്റ് ഷട്ട്ഡൗണിന്റെ ക്രെഡിറ്റ് ഇന്ത്യക്കൊപ്പമാണ്.

Content Highlights: India; The country with the highest internet disconnection